വാഷിങ്ടണ്‍- ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന കോവിഡ് ചികിത്സാ കാലാവധി പൂര്‍ത്തിയാകും മുമ്പ് യുഎസ് പ്രസിഡന്റ് ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം നാലു ദിവസത്തെ എമര്‍ജന്‍സി ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നിറങ്ങിയ ട്രംപ് ഉടന്‍ വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. ഇവിടെ എത്തിയ ഉടന്‍ അദ്ദേഹം മാസ്‌ക് ഊരി. തെരഞ്ഞെടുപ്പു പ്രചാരണ ചൂടിലായി. കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് ഇവിടെ എത്തുന്നതിനു തൊട്ടുമുമ്പായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വോള്‍ട്ടര്‍ റീസ് മിലിറ്ററി ഹോസ്പിറ്റലില്‍ നിന്ന് ട്രംപ് പുറത്തു വരുന്ന കാഴ്ച ദൃശ്യമാധ്യമങ്ങള്‍ക്ക് നല്ല വിഭവമായി. വലിയ ഗേറ്റ് കടന്ന് ട്രംപ് ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന ദൃശ്യം ചാനലുകളില്‍ ലൈവ് ആയിരുന്നു. ആശുപത്രിക്കു പുറത്തെത്തിയ ട്രംപ് ലിമോസിനില്‍ കയറി കോപ്റ്ററിനടുത്തെത്തുയും പിന്നീട് കോപ്റ്ററില്‍ വൈറ്റ് ഹൗസില്‍ വന്നിറങ്ങുകയുമായിരുന്നു.
നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ് യുഎസില്‍. പ്രചാരണ രംഗത്ത് എതിര്‍ സ്ഥാനാര്‍ത്തി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ പിന്നിലാണ് ട്രംപ് എന്നെ റിപാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലായതോടെ ട്രംപിന് തിരിച്ചടിയായി. ഇതാകാം തിരക്കിട്ട് ട്രംപ് ആശുപത്രി വിടാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഉടന്‍ പ്രചരണ രംഗത്തിറങ്ങുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
'കോവിഡ ഷോ'യുമായി ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ദിവസം തന്നെ അദ്ദേഹത്തിന്റെ മുഖ്യ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏറ്റവുമൊടുവിലത്തേതാണ് ഇത്. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ട്രംപ് പറയുന്നുണ്ടെങ്കില്‍ അദ്ദേഹവുമായി ഏറ്റവുമടുത്ത വൃത്തങ്ങളില്‍ കോവിഡ് വൈറല്‍ ആയതോടെ ട്രംപിന്റെ വാദങ്ങളുടെ വിശ്വാസ്യത നഷ്ടമായിട്ടുണ്ട്. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ചത്തേക്കു കൂടി ട്രംപ് പൂര്‍ണമായും കോവിഡ് മുക്തനാകില്ലെന്ന് പ്രസിഡന്റിന്റെ ഡോക്ടര്‍ സീന് കോണ്‍ലെ പറഞ്ഞു.






