ന്യൂദൽഹി- രാജ്യത്തെ സ്കൂളുകളും കോളജുകളും ഈ മാസം 15 മുതൽ തുറക്കുന്നതിനു മുന്നോടിയായി കൂടുതല്‍ മാർഗ നിർദേശങ്ങള്‍ കേന്ദ്ര സർക്കാർ പുറത്തിറക്കി. വിദ്യാലായങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനം എടുക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ മുന്‍കരുതലുകൾ ഉറപ്പാക്കി വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള ക്രമീകരണങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം മാർഗനിർദേശങ്ങളില്‍ പറയുന്നു.
വിദ്യാർഥികളുടെ ഹാജറിന്‍റെ കാര്യത്തിൽ നിർബന്ധം പാടില്ലെന്നും കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുതെന്നും വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററില്‍ പറഞ്ഞു.
താഴെ പറയുന്ന കാര്യങ്ങള്‍ മാർഗ നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ലാബുകൾ, ലൈബ്രറികൾ, ക്ലാസ് മുറികൾ തുടങ്ങി സ്കൂളിലെ എല്ലാ സ്ഥലങ്ങളും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
അകത്തളങ്ങളിൽ വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കണം. 3. ക്ലാസ് മുറികള്‍ ക്രമീകരിക്കുമ്പോൾ ഇരിപ്പിടങ്ങൾ. സാമൂഹിക അകലം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം . സ്കൂളുകളില്‍ ചടങ്ങുകളും പൊതു പരിപാടികളും ഒഴിവാക്കണം. വിദ്യാര്‍ഥികൾക്കും സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾക്കും ഫേസ് മാസ്ക് നിർബന്ധം. ഇത് മുഴുവന്‍ സമയവും ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.
കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കണം.
സ്കൂളിൽ വരുന്ന വിദ്യാർഥികൾക്കു മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല.
ഇടവേളകളും പരീക്ഷകളും സംബന്ധിച്ച്. സ്കൂളുകൾ തുറക്കുന്നതിന്ന മുൻപ് തന്നെ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സാമൂഹിക അകലത്തിനൊപ്പം ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുചിത്വം എന്നീ കാര്യങ്ങൾ ഉറപ്പാക്കണം.
സ്കൂളുകളിൽ അല്ലെങ്കിൽ വിളിച്ചു വരുത്താവുന്ന ദൂരത്തിൽ മുഴുവൻ സമയ ആരോഗ്യവിദഗ്ധരുടെ സേവനം ഉറപ്പാക്കണം. വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം മുൻനിർത്തി ഡോക്ടർ/നഴ്സ്/കൗണ്‍സിലർ തുടങ്ങിയവരാകാം.
വിദ്യാര്‍ഥികൾക്കും അധ്യാപകർക്കും ആരോഗ്യ പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഒരുക്കാം.
കുട്ടികളുടെ പോഷകസംബന്ധമായ ആവശ്യങ്ങൾ കണക്കിലെടുത്തും പ്രതിരോധ ശേഷി സംരക്ഷിക്കുന്നതിനുമായി പാകം ചെയ്ത ഭക്ഷണം സര്‍ക്കാർ ഇടപെട്ട് വീടുകളിൽ എത്തിക്കണം. അങ്ങനെ കഴിയുന്നില്ലെങ്കിൽ അതിന് തുല്യമായ സാമ്പത്തിക സഹായം നല്‍കണം.






