കോണ്‍ഗ്രസ് മതേതരത്വം പഠിപ്പിക്കരുതെന്ന് ഉവൈസി

പട്‌ന- കോണ്‍ഗ്രസ് മതേതരത്വം പഠിപ്പിക്കരുതെന്ന് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രസാദ് യാദവുമായി സഖ്യമുണ്ടാക്കിയത് ബി.ജെ.പിയെ സഹായിക്കുമെന്ന ആരോപണം അദ്ദേഹം തള്ളി.

മഹാരാഷ്ട്രയില്‍ തങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാണ് മത്സരിച്ചതെങ്കിലും കോണ്‍ഗ്രസ് ബാബ് രി മസ്ജിദ് തകര്‍ത്ത ശിവസേനുയമായി ചേര്‍ന്നാണ് പിന്നീട് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണെന്ന ആര്‍.ജെ.ഡിയുടെ ആരോപണത്തെ കുറിച്ച് തങ്ങളുടെ കോട്ടയെന്ന് പറഞ്ഞിരുന്ന ബിഹാറില്‍ 2019 ല്‍ ആര്‍.ജെ.ഡി തുടച്ചനീക്കപ്പെട്ടതിന് തന്റെ പാര്‍ട്ടി എങ്ങനെ ഉത്തരവാദികളാകുമെന്ന് ഉവൈസി ചോദിച്ചു.

ദേവേന്ദ്ര പ്രസാദ് നേതൃത്വം നല്‍കുന്ന സമാജ് വാദി ജനതാദള്‍ (ഡി) പാര്‍ട്ടിയുമായി ചേര്‍ന്ന് യുനൈറ്റഡ് ഡെമോക്രാറ്റിക് സെക്കുലര്‍ അലയന്‍സ് എന്ന പേരിലാണ് ഉവൈസി സഖ്യമുണ്ടാക്കിയിരിക്കുന്നത്.

രണ്ട് ദിവസം പട്‌നയില്‍ തങ്ങിയ ഉവൈസി മുന്നണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി.

 

Latest News