തിരുവനന്തപുരം -സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതി കരട് റിപ്പോര്‍ട്ടിന്മേല്‍ അവസാനവട്ട ചര്‍ച്ച പൂർത്തിയാക്കി. പൊതുവിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ക്ലാസും പഠനവും എങ്ങനെ വേണമെന്ന് പരിശോധിക്കാനാണ് സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
സ്‌കൂള്‍ തുറക്കുമ്പോള്‍ എങ്ങനെ അധ്യയനം സാധ്യമാക്കാമെന്നും സിലബസ് ചുരുക്കാതെ പാഠഭാഗങ്ങള്‍ എങ്ങനെ വിദ്യാര്‍ഥികളിലെത്തിക്കാമെന്നുമുള്ള കാര്യങ്ങളാണ് സമിതി പ്രധാനമായും വിലയിരുത്തിയത്. സ്‌കൂള്‍ തുറന്നാല്‍ ആദ്യം 10,12 ക്ലാസിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ക്ലാസിലെ നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യാപകരില്‍നിന്ന് നേരിട്ട് സംശയനിവാരണം നടത്താമെന്നും സാഹചര്യം കൂടുതല്‍ അനുകൂലമാകുമ്പോള്‍ നിശ്ചിത വിദ്യാര്‍ഥികളെവച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകളും പരിഗണിക്കാമെന്നാണ് സമിതിയുടെ അഭിപ്രായം. ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കാമെന്ന് കേന്ദ്രസർക്കാരിന്‍റെ അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടാതെ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.






