Sorry, you need to enable JavaScript to visit this website.

സൗദിയിൽ വൈദ്യുതി കാർ നിർമാണത്തിന് പദ്ധതി -മന്ത്രി

റിയാദ് - സൗദിയിൽ വൈദ്യുതി കാർ നിർമാണം ആരംഭിക്കുന്നതിനെ കുറിച്ച് പഠനം നടത്തുന്നതായി വ്യവസായ മന്ത്രിയും ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. 
വാഹന വ്യവസായത്തിന്റെ സാധ്യതകളെ കുറിച്ചും ഭാവിയിൽ പരമ്പരാഗത കാർ വ്യവസായത്തിനാണോ, അതല്ല, ഇലക്ട്രിക് കാർ വ്യവസായത്തിനാണോ മുൻഗണന നൽകേണ്ടത് എന്നതിനെ കുറിച്ചും സൗദി അറേബ്യ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. മധ്യ, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സാമ്പത്തിക നേട്ടം നൽകുന്ന കാർ വ്യവസായം തെരഞ്ഞെടുക്കും. വൈദ്യുതി കാർ വ്യവസായം പുതിയ മേഖലയാണ്. 


വൈദ്യുതി കാർ മേഖലയിൽ, വിശിഷ്യാ ബാറ്ററി മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ സൗദി അറേബ്യക്ക് സാധിക്കും. സമീപ കാലത്ത് ലോകത്ത് വൈദ്യുതി കാർ വ്യവസായ മേഖലയിൽ വലിയ വളർച്ചയുണ്ട്.
അറേബ്യൻ ഷീൽഡ് മുഴുവൻ പരിശോധിക്കാനും ഇവിടെയുള്ള ധാതു ശേഖരം കണ്ടെത്താനും സൗദി അറേബ്യ രണ്ടു ബില്യൺ റിയാൽ നീക്കിവെച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ സൂക്ഷ്മമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് ഈ ദിശയിലുള്ള രണ്ടു പദ്ധതികൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. 


കൊറോണ പ്രതിസന്ധിക്കിടെ നിത്യോപയോഗ വസ്തുക്കളുടെ ദൗർലഭ്യം ഏറ്റവും കുറവ് അനുഭവപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ഭക്ഷ്യവസ്തുക്കളുടെയോ മരുന്നുകളുടെയോ ഒരുവിധ കുറവും രാജ്യത്ത് അനുഭവപ്പെട്ടില്ല. സൗദി വ്യവസായങ്ങൾ പേപ്പറുകളിലും ടിഷ്യു പേപ്പറുകളിലും മാത്രം പരിമിതമാണ് എന്ന നിഷേധാത്മക സിദ്ധാന്തം ശരിയല്ല. 
പ്രതിവർഷം 300 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ സൗദി അറേബ്യ ഇപ്പോൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഭാവിയിൽ കയറ്റുമതി ഇരട്ടിയായി ഉയർത്താൻ ലക്ഷ്യമിടുന്നു. നിലവിൽ ഒരു ബില്യൺ റിയാലിന്റെ മരുന്നുകൾ സൗദി അറേബ്യ കയറ്റി അയക്കുന്നുണ്ട്. ഗുണമേന്മ ഉയർന്ന സൗദി മരുന്നുകൾക്ക് വിദേശത്ത് വലിയ സ്വീകാര്യതയുണ്ട്. 


ചില രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് പ്രത്യേക മുൻഗണനകൾ നൽകുന്നില്ല. വിദേശ നിക്ഷേപങ്ങൾ രാജ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയായിരിക്കണം. ഖനന ലൈസൻസുകൾക്ക് ബാധകമായ ഫീസ് മികച്ചതാണ്. ഈ ഫീസ് പതിവായി പുനഃപരിശോധിക്കുന്നുണ്ട്. പുതിയ ഖനന നിയമം സുതാര്യവും സുവ്യക്തവുമാണ്. കഴിഞ്ഞ നാലൽപതു വർഷമായി വ്യവസായ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വരും കാലത്ത് വ്യവസായ മേഖലയിൽ കൂടുതൽ വികസനം ആഗ്രഹിക്കുന്നു. സുസ്ഥിര വ്യവസായങ്ങൾക്ക് ഊന്നൽ നൽകും.

സാമ്പത്തിക വൈവിധ്യവൽക്കരണം സുസ്ഥിര വ്യവസായത്തിലാകണം കെട്ടിപ്പടുക്കേണ്ടത്. ഗ്യാസ്, എണ്ണ, ധാതുക്കൾ അടക്കമുള്ള പ്രകൃതി വിഭവങ്ങളിൽ കെട്ടിപ്പടുത്ത വ്യവസായങ്ങൾ രാജ്യത്തുണ്ട്. അധിക മൂല്യമില്ലാതെ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനു പകരം ഈ വിഭവങ്ങളുടെ അധിക മൂല്യം വർധിപ്പിക്കാനാണ് സമീപ കാലത്തായി വ്യവസായ മന്ത്രാലയം ശ്രമിക്കുന്നത്. ഈ വിഭവങ്ങളിലൂടെ അധിക മൂല്യം നേടാൻ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് സാധിക്കും. ഇക്കാര്യം കണക്കിലെടുത്താണ് വ്യവസായ, ധാതുവിഭവ മേഖലക്കു മാത്രമായി അടുത്ത കാലത്ത് സ്വതന്ത്ര മന്ത്രാലയം സ്ഥാപിച്ചത്. 


ജുബൈലും യാമ്പുവും പോലെ വ്യവസായ മേഖലയിൽ മാതൃകയായ വ്യവസായ നഗരങ്ങൾ സൗദിയിലുണ്ട്. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണവും സൗദി സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ വിപുലീകരിക്കാനും വിഷൻ 2030 ലക്ഷ്യമിടുന്നു. ഇക്കാര്യത്തിൽ വ്യവസായ മന്ത്രാലയത്തിന് വലിയ പങ്കുണ്ട്. രാജ്യത്ത് 9,400 ഓളം വ്യവസായശാലകളുണ്ട്. ഇവ ആറു ലക്ഷം പേർക്ക് തൊഴിൽ നൽകുന്നു. ഇക്കൂട്ടത്തിൽ 2,20,000 പേർ സൗദികളാണ്. ഖനന മേഖലയിൽ 1,800 ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ഇവ 13,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. വ്യവസായ മേഖലയിൽ ഒരു ട്രില്യൺ റിയാലിന്റെയും ഖനന മേഖലയിൽ 30 കോടി റിയാലിന്റെയും നിക്ഷേപങ്ങൾ രാജ്യത്തുണ്ടെന്നും വ്യവസായ മന്ത്രി പറഞ്ഞു. 

 

Latest News