Sorry, you need to enable JavaScript to visit this website.

വിമാനാപകടത്തിന് രണ്ട് മാസം,  പ്രാഥമിക അന്വേഷണ റിപ്പോർട്ട് കാത്ത് കരിപ്പൂർ


കൊണ്ടോട്ടി- വിമാനാപകടത്തിന് രണ്ട് മാസമാകുമ്പോഴും പ്രാഥമിക അന്വേഷണ റിപ്പോർട്ട് കാത്ത് കരിപ്പൂർ വിമാനത്താവളം. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. അപകടത്തിന്റെ അന്വേഷണം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്നത്. ഇവരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. കരിപ്പൂർ അപകടത്തിന് കാരണം റൺവേ അപാകതയല്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തിൽപ്പെട്ട ബോയിംഗ് 737 വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽ പെട്ടത്. വൈമാനികന്റെ വിമാന ലാന്റിംഗിലെ പിഴവാണ് വിമാന അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 


എന്നാൽ വൈമാനികരുടെ സംഘടനകൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതോടെ അഞ്ച് മാസത്തെ സമയമാണ് കേന്ദ്രവ്യോമായാന മന്ത്രാലയം അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റ് റെക്കോർഡ്, ബ്ലാക്ക് ബോക്‌സ് എന്നിവയിൽ നിന്നുള്ള തെളിവുകൾ പരിശോധിച്ച് വരികയാണ്. റൺവേയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നെത്തിയ വിമാനം റൺവേയുടെ നിശ്ചിത നേർരേഖയിൽ നിന്നും അകലത്തിലാണ് ലാന്റ് ചെയ്തത്. ഇതിനെ തുടർന്നാണ് 35 അടി താഴ്ചയിലേക്ക് വിമാനം വീണത്.  
വിമാന അപകടം നടന്നിട്ട് രണ്ടുമാസമാകുമ്പോഴും രണ്ട് പേർ ഇപ്പോഴും പരിക്കേറ്റ് ആശുപത്രിയിൽ തന്നെയാണ്. അപകടത്തിൽ 21 പേരാണ് മരിച്ചത്. അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യഘട്ട ധനസഹായം കൈമാറിയിട്ടുണ്ട്. 


കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം ഇതുവരെ മാറ്റിയില്ല. വിമാനം മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റൺവേയുടെ കേന്ദ്രസുരക്ഷാ സേന ബാരിക്കഡിന് സമൂപത്തെ പ്രത്യേക സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. അപകടത്തിൽ പെട്ട് പരിക്കേറ്റവരുടെ മൊഴി അടക്കം ശേഖരിച്ച് സംസ്ഥാന പോലീസ് ചാർജ് ഷീറ്റ് തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ പൂർത്തീകരണത്തിനും പ്രാഥമിക അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ്.

 

Latest News