Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടിയില്‍ 10 ലക്ഷം പേരെ അംഗങ്ങളാക്കും -മന്ത്രി

കൊച്ചി- പ്രവാസികളുടെ നിക്ഷേപത്തെ സംസ്ഥാന വികസനത്തിലേക്ക്  നയിക്കുന്ന നിര്‍ണായകമായ സ്ഥാപനമായി കെഎസ്എഫ്ഇ മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.  പ്രവാസി ചിട്ടി വഴി ആദ്യ മൂന്നു വര്‍ഷം കൊണ്ട് 10 ലക്ഷം പ്രവാസികളെ അംഗങ്ങളാക്കി 20,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ തുക സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
കെഎസ്എഫ്ഇ മധ്യമേഖലാ ജീവനക്കാര്‍ക്കായി  എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രവാസി ചിട്ടിയെക്കുറിച്ചുള്ള വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിട്ടി നടത്തുന്ന സ്ഥാപനം എന്ന പ്രതിച്ഛായക്ക് പകരം നാടിന്റെ വികസനത്തിന് സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനം എന്ന നിലയിലേക്ക് കെഎസ്എഫ്ഇ മാറുമെന്ന് അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ 47 വര്‍ഷം കൊണ്ട് 18,000 കോടി രൂപയുടെ ചിട്ടിയാണ് കെഎസ്എഫ്ഇ ഏറ്റെടുത്ത് നടത്തിയിരുന്നത.് പ്രവാസി ചിട്ടി നടപ്പാക്കുന്നതോടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് നാല്‍പതിനായിരം കോടി രൂപയുടെ ചിട്ടി ടേണ്‍ഓവറുള്ള സ്ഥാപനമായി കെഎസ്എഫ്ഇ വളരും.  സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിന് കിഫ്ബി ആശ്രയിക്കുന്ന പ്രധാന  സ്രോതസ്സുകളില്‍ ഒന്നാണ് കെഎസ്എഫ്ഇ. പ്രവാസി ചിട്ടി നടപ്പാക്കുന്നതിലൂടെ സ്ഥാപനത്തിന്റെ ലാഭം വര്‍ദ്ധിക്കുന്നത് ജീവനക്കാര്‍ക്കും ഗുണകരമാകും.  സ്ഥാപനത്തിന്റെ മനുഷ്യവിഭവേശഷി വികസനത്തിനും തൊഴില്‍ പരിശീലനത്തിനും വന്‍തോതില്‍ മുതല്‍ മുടക്കുമെന്നും മന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ ബജറ്റില്‍ ഏറ്റവും കുറവ് തുക വകയിരുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. യുവജനങ്ങളുടെ തൊഴില്‍ പ്രതീക്ഷയ്ക്ക് അനുസൃതമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍  ആളുകളെ ക്ഷണിക്കുമ്പോള്‍ അതിന് അനുസൃതമായ പശ്ചാത്തല സൗകര്യ വികസനം സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. ബജറ്റില്‍ നിന്ന് മിച്ചം തുക മാറ്റി വച്ച് പശ്ചാത്തലസൗകര്യം ഒരുക്കണമെങ്കില്‍ താമസമുണ്ടാകും. അതൊഴിവാക്കാനായാണ് കിഫ്ബി വഴിയുള്ള സമാഹരണപദ്ധതി സര്‍ക്കാര്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
പ്രവാസിയുടെ സമ്പാദ്യത്തിന് 100% സര്‍ക്കാര്‍ ഗ്യാരണ്ടി, ഇന്‍ഷൂറന്‍സ് പരിരക്ഷ, പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയാല്‍ നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷന്‍ തുടങ്ങിയവയാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. പരമ്പരാഗതരീതിയിലുള്ള ചിട്ടി നടത്തിപ്പ് രീതിയില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തോടെയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിപദ്ധതി നടപ്പാക്കുന്നത്. പ്രവാസിക്ക് ഓണ്‍ലൈനിലൂടെ ചിട്ടിയില്‍ അംഗമാകാനും ലേലത്തില്‍ പങ്കു കൊള്ളാനും സാധിക്കും.
ഉപഭോക്താക്കളുടെ എണ്ണത്തിലും സ്ഥാപനത്തിന്റെ വളര്‍ച്ചയിലും കുതിച്ചുചാട്ടം ഉണ്ടാക്കുന്ന പദ്ധതിയാണ് പ്രവാസി ചിട്ടിയെന്ന്  ചടങ്ങില്‍ അധ്യക്ഷനായ കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് പറഞ്ഞു. കെഎസ്എഫ്ഇ  എംഡി എ പുരുഷോത്തമന്‍, കെഎസ്എഫ്ഇയുടെയും കിഫ്ബിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Latest News