Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസ് പ്രതികളെ പിന്തുണച്ച് ഠാക്കൂര്‍ വിഭാഗക്കാര്‍, പ്രതിഷേധിക്കുന്നവര്‍ക്ക് പരസ്യ ഭീഷണിയും; കേസില്ല

ലഖ്‌നൗ- ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തുള്ളവരെ പരസ്യമായി ഭീഷണിപ്പെടുത്തി ഉയര്‍ന്ന ജാതിക്കാരായ ഠാക്കൂര്‍ വിഭാഗക്കാര്‍ തെരുവില്‍. കേസില്‍ പ്രതികളായ യുവാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇവര്‍ പരസ്യമായി രംഗത്തറിറങ്ങിയിരിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഠാക്കൂര്‍ വിഭാഗക്കാരുടെ ഭീഷണി. വന്‍ പോലീസ് സന്നാഹം  നോക്കി നില്‍ക്കെ ഇവര്‍ പരസ്യമായി ഭീഷണിമുഴക്കുകയും പ്രതികളെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചും കൂട്ടമായി പ്രകടനം നടത്തുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. 

ചന്ദ്രശേഖര്‍ ആസാദ് ഹാഥ്‌റസില്‍ സന്ദര്‍ശനം നടത്തിയതിന് അദ്ദേഹത്തിനും നാനൂറോളം അനുയായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയ 500ഓളം ഉയര്‍ന്ന ജാതിക്കര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവരില്‍ പലരും ചന്ദ്രശേഖര്‍ ആസാദിനെതിരെ പരസ്യമായി ഭീഷണി മുഴക്കുകുയം ചെയ്യുന്നതായി വൈറലായ വിഡിയോകളില്‍ വ്യകതമാണ്. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹാഥ്‌റസ് പ്രതിഷേധക്കാര്‍ക്കെതിരെ യുപിയില്‍  പലയിടത്തും യോഗി സര്‍ക്കാര്‍ കേസെടുത്തു തുടങ്ങിയിട്ടുണ്ട്.

ഠാക്കൂര്‍ വിഭാഗത്താര്‍ പ്രതികളെ പിന്തുണച്ചു രംഗത്തെത്തിയതോടെ പെണ്‍കുട്ടിയുടെ കൂടുംബം ഭീഷണിയിലാണെന്ന് ആസാദ് പ്രതികരിച്ചു. ഇവര്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ചതു മുതല്‍ തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ സംഘടനയായ രാഷ്ട്രീയ സവര്‍ണ പരിഷത് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ബലാത്സംഗ കേസ് പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പെണ്‍കുട്ടിയേയും കുടുംബത്തേയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. കേസില്‍ ഇവരും സിബിഐ ആന്വേഷണമാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐയില്‍ വിശ്വാസമില്ലാതെ ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയം കളിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും ഉന്നത ജാതിക്കാര്‍ ആരോപിക്കുന്നു.

അതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എഎപി നേതാവ് സഞ്ജയ് സിങിനെതിരെ കറുത്ത മഷിയേറുണ്ടായി. ഇതിനു പിന്നിലൂടെ ഉയര്‍ന്ന ജാതിക്കാരാണെന്ന് സംശയിക്കപ്പെടുന്നു. മുഖ്യമന്ത്രി യോഗി ഠാക്കൂറല്ല, വെറും ഭീരുവാണെന്ന് സംഭവത്തോട് പ്രതികരിച്ച് സജ്ഞയ് സിങ് പറഞ്ഞു.
 

Latest News