പാരിസ്- കോവിഡ് മഹാമാരി അടങ്ങിത്തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം വീണ്ടും ശക്തിയോടെ തിരിച്ചെത്തുന്നു. വീണ്ടും വ്യാപിക്കുന്ന രോഗത്തെ തടയാന്‍ പല രാജ്യങ്ങളും ലോക്ഡൗണിലേക്കും കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും തിരിച്ചു പോകുകയാണ്. ഫ്രാന്‍സില്‍ എല്ലായിടത്തും 10 പേരില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വിവാഹ സല്‍ക്കാരം ഉള്‍പ്പെടെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. വീടിനു പുറത്തിറങ്ങാന്‍ മാസ്‌ക് അല്ലെങ്കില്‍ മറ്റു മുഖാവരണം നിര്‍ബന്ധമണ്. പാരിസില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ ബാറുകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. ഫ്രാന്‍സിലെ മറ്റൊരു വന്‍നഗരമായ മാര്‍സെയ്‌ലില്‍ ബാറുകളും റസ്ട്രന്റുകളും 15 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ജര്‍മനിയില്‍ പാര്‍ട്ടികള്‍, പൊതു ആഘോഷങ്ങള്‍, കായിക, സംഗീത പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ഡിസംബര്‍ അവസാനം വരെ വിലക്കുണ്ട്. രാജ്യത്തേക്ക് വരുന്നവര്‍ക്ക് പുതിയ നിയന്ത്രണ ചട്ടങ്ങളും ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം കൂടിയ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയണം. ജര്‍മനിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ 50 യൂറോ ആണ് പിഴ.
കോവിഡ്19 രൂക്ഷമായി ബാധിച്ച സ്‌പെയ്‌നില്‍ വീണ്ടും നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. അടച്ചിട്ട ഇടങ്ങളിലെ കൂടിച്ചേരലുകളും വിലക്കി. പരമാവധി ആറു പേര്‍ക്കു മാത്രമെ ഒന്നിക്കാവൂ. കടകള്‍ അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ ആറു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.
കോവിഡ് രൂക്ഷമായ മറ്റൊരു യൂറോപ്യന്‍ രാജ്യമായ ഇറ്റലിയില്‍ നിശാ ക്ലബുകളും ബാറുകളും അടച്ചുപൂട്ടി. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍നബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം. ആറു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍, സ്‌കൂളില്‍ പോകുന്നവര്‍ മാസ്‌ക് ധരിക്കണം.
നെതര്‍ലന്‍ഡിലും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കായിക പരിപാടികള്‍ക്ക് കാണികള്‍ പാടില്ലെന്ന് സെപ്തംബര്‍ 29ന് സര്‍ക്കാര്‍ ഉത്തരിവിട്ടിരുന്നു. വീട്ടിലടക്കം മൂന്നു പേരില്‍ കൂടുതല്‍ പേരില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന പരിപാടികള്‍ പാടില്ല. നഗരങ്ങളില്‍ പൊതുഇടങ്ങളില്‍, ബാറിലും റസ്ട്രന്റുകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
ബെല്‍ജിയം, പോര്‍ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും സമാന നിയന്ത്രണങ്ങല്‍ വീണ്ടും പ്രാബല്യത്തിലാക്കിയിരിക്കുകയാണ്. യൂറോപ്പിലുടനീളം കോവിഡ്19 രണ്ടാം തരംഗമാണ്. നിയന്ത്രണങ്ങള്‍ വേഗത്തില്‍ എടുത്തു മാറ്റിയതാണ് വീണ്ടും രോഗ വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് പല വിദഗ്ധരും വിലയിരുത്തുന്നു.