സുരക്ഷാ ഭീഷണിയുണ്ട്, സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല - ദിലീപ്

കൊച്ചി - സുരക്ഷാ ഏജന്‍സി വിവാദമായതിനു പിന്നാലെ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് നടന്‍ ദിലീപ്. തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നുതന്നെയാണ് ഭീഷണി നേരിടുന്നതെന്നും സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നും പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ആലുവ ഈസ്റ്റ് എസ്‌ഐ എം എസ് ഫൈസലിനാണ് വിശദീകരണ കത്ത് നല്‍കിയത്. തന്നെ കളവായി കേസില്‍ പ്രതിചേര്‍ത്തവരുടെ ഭാഗത്ത് നിന്നും അന്യായ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മറുപടിയില്‍ പറയുന്നത്. താന്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. സുരക്ഷ ഏജന്‍സികളുമായി ചര്‍ച്ചനടത്തുക മാത്രമാണ് ചെയ്തതെന്നും കത്തിലുണ്ട്. ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷാ ടീമും വാഹനങ്ങളും ആലുവയിലെത്തിയത് കൂടിയാലോചനകള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന് സ്വകാര്യ ഏജന്‍സി സുരക്ഷയൊരുക്കുന്നതായുള്ള വിവരത്തെതുടര്‍ന്നാണ് ഇതിന്റെ വിശദാംശങ്ങള്‍ തേടി പൊലീസ് നോട്ടീസ് നല്‍കിയത്. ആയുധധാരികളായ സുരക്ഷ ഗാര്‍ഡുകള്‍ കൂടെയുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുരക്ഷ പ്രശ്‌നങ്ങളുള്ളതായി ഇതുവരെയും ദിലീപ് പൊലീസിനെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ടര്‍ ഫോഴ്‌സെന്ന് എഴുതിയ മൂന്ന് വാഹനങ്ങളില്‍ കേരളത്തിന് പുറത്ത് നിന്നുള്ള ചിലര്‍ ആലുവയില്‍ ആയുധങ്ങളുമായെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വാഹനം ജില്ല വിട്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കരയില്‍ വച്ച് വാഹനം കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പൊലീസിലെത്തിച്ച് രേഖകള്‍ പരിശോധിച്ചശേഷം 11 അംഗ സംഘത്തെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ദിലീപിനോട് വിശദീകരണം തേടിയത്.

 

Latest News