Sorry, you need to enable JavaScript to visit this website.
Friday , February   26, 2021
Friday , February   26, 2021

മുഖപ്രസംഗത്തിന്റെ  വിധിയും ന്യായവും

രാഷ്ട്രം, നീതി,  ജനാധിപത്യം. അതെല്ലാം ആപത്തിലായിരിക്കുന്നുവെന്ന് കേട്ടു കേട്ടു മടുത്തു.  ബാബ്ബരി മസ്ജിദ് കേസിലെ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കു ശേഷം ഇവിടെ ജീവിക്കാനേ പറ്റില്ല എന്നുവരെ പറഞ്ഞുവെച്ചിരിക്കുന്നു ചില മുഖപ്രസംഗക്കാർ.  പേടിക്കണ്ട. പ്രശ്‌നം കണ്ടറിയുന്ന എഡിറ്റർമാരും   എല്ലാറ്റിനും സൗജന്യമായി മറുമരുന്ന് എഴുതിക്കൊടുക്കുന്നവരും നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നതാണ് സമാധാനം.  ഒരു കാലത്ത് അവരുടേതായിരുന്നു ആദ്യത്തെയും അവസാനത്തെയും വാക്ക്. കടന്നു കയറാൻ വയ്യാത്ത ഉണ്മക്കടലിൽ കവിക്കെന്ന പോലെ, അക്ഷര വിപണിയിൽ എഡിറ്റർക്കും  ഉണ്ടായിരുന്നു ഒരു പ്രജാപത്യം. എഡിറ്ററുടെ സാക്ഷ്യപത്രവും ഭർത്സനവും ചെവിടോർത്ത് നമ്മൾ ലോകനിദ്രയിൽ ലയിക്കുന്നു.


തലേന്നാൾ ലോകം അനുഷ്ഠിച്ച പേക്കൂത്തുകളെപ്പറ്റി എന്തെഴുതണം എന്നു നിശ്ചയിക്കാൻ രാവിലെ എഡിറ്റർ സഭ കൂടുന്നു. അക്ഷര ഭാരം അത്രയൊന്നും ചുമയ്ക്കാത്ത ഉടമസ്ഥൻ പറഞ്ഞു മൂളിക്കുന്നത് എഡിറ്റർ സഭയിൽ വിളമ്പുന്നുവെന്നേയുള്ളൂ എന്നൊരു ശ്രുതിയും കേൾക്കാം. അതത്ര ശരിയല്ല. ഉടമസ്ഥന് പണി വേറെ കാണും. ടിയാന്റെ  മനം മനസ്സിലാക്കിയ ആളുമാകും എഡിറ്റർ. എഡിറ്ററുടെ സർവതന്ത്ര സ്വതന്ത്രതയെപ്പറ്റിയുള്ള ആകാശ ചിന്തകൾ അങ്ങനെ കണ്ടാൽ മതി.


സഭ കൂടിയാൽ, നാട്ടുവർത്തമാനത്തിനു ശേഷം എന്തിനെപ്പറ്റി എന്തെഴുതണം എന്നാകും കാതലായ ചോദ്യം. സഭാംഗങ്ങൾക്കറിയാം, ഒന്നുകിൽ കൊള്ളണം, അല്ലെങ്കിൽ, തള്ളണം.  വാക്കിന്റെ  വടിവും വീർപ്പും തീർപ്പാക്കുകയേ വേണ്ടൂ. പിറ്റേന്നാൾ കടലാസ് നിവർത്തിയാൽ ചക്രവർത്തി മുതൽ ചക്രമില്ലാത്തയാൾ വരെ വായിച്ചു രസിക്കേണ്ടതാണ് വരിയും വാക്കും എണ്ണി തിട്ടപ്പെടുത്തിയ പ്രബന്ധം. കാലാകാലമായി മുഖപ്രസംഗം ചിട്ടപ്പെടുത്താൻ വിധിക്കപ്പെട്ട ഒരു അസിസ്റ്റന്റ് എഡിറ്റർ പറയുമായിരുന്നു, ഒപ്പത്തിനൊപ്പം നിൽക്കുന്ന മറ്റൊരു പത്രത്തിന്റെ  അസിസ്റ്റന്റ് എഡിറ്റർക്ക് വായിച്ചു വിറളി പൂണാനുള്ളതാണ് തന്റെ  ലിഖിതം.  നേരം പോയ് നേരം പോയ് എന്ന് എല്ലാവരും ചൊല്ലുമ്പോഴും മുഖപ്രസംഗം തീർത്തുകൊടുക്കാതിരുന്ന ഒരാളെ സഹായി തട്ടിയുണർത്തി. എന്തിനെപ്പറ്റിയാണെന്നു പോലും നിശ്ചയിച്ചില്ലല്ലോ, സഖാവേ? അതെന്തിനാ, അതിന്റെ  അടരും അളവുമൊക്കെ എന്റെ  ടൈപ്‌റൈറ്ററിനറിയാം. 


താൻ അഭിപ്രായം പറയാത്തതൊന്നും ലോകത്തിൽ സംഭവിക്കാൻ പാടില്ലെന്നാണ് മഹാനായ എഡിറ്ററുടെ മതം. ലണ്ടനിലെ ടൈംസ് പത്രത്തിൽ ഒരു സംജ്ഞാനാമത്തിൽ അക്ഷരം പിഴച്ചിരിക്കുന്നുവെന്ന് രാത്രി വളരെ വൈകി കണ്ടെത്തി.  അതു മാറ്റിയാൽ പത്രം മുടങ്ങും, മാറ്റിയില്ലെങ്കിൽ അപ്രമാദിയായ ടൈംസിനു കുറച്ചിലാകും. ഒടുവിൽ തെറ്റോടുകൂടി അന്നത്തെ പത്രം ഇറങ്ങട്ടെ എന്നു കൽപന വന്നു. അന്നു മുതൽ ടൈംസ് തെറ്റി എഴുതിയതായി ശരി. അതത്രേ എഡിറ്റർ ഉണ്ടാക്കിയെടുക്കുന്ന മാന്യതയുടെ പാരമ്പര്യം. 


'അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടു വാർത്തകളുടെ നിരന്തരമാം ചിലക്കൽ' എന്ന് എൻ വി കൃഷ്ണ വാരിയർ വിശേഷിപ്പിച്ച സംഭവ സന്ധിയിൽനിന്ന് എന്തും എഡിറ്റർക്ക് തെരഞ്ഞെടുക്കാം. ക്രിക്കറ്റ് ഭ്രാന്തനായ ഒരു അസിസ്റ്റന്റ് എഡിറ്റർ പറഞ്ഞു, അന്നത്തെ കുംബ്ലേയുടെ കളിയെപ്പറ്റി നമ്മൾ രണ്ടു വാക്ക് പറയാതെ വിട്ടുകൂടാ.  കലാമണ്ഡലത്തിന്റെ  സ്ഥാപകനായ കവിയുടെ ബന്ധു കിർമീരവധം കളിയുടെ കാര്യം തീർച്ചയായും പറഞ്ഞിരിക്കും. ജി. ശങ്കരക്കുറുപ്പിന്റെ  മിസ്റ്റിസിസം പോലും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച മുഖപ്രസംഗക്കാരനായിരുന്നു അക്കാലത്ത് സി.എഛ് കുഞ്ഞപ്പ. തന്റെ  അക്ഷരത്തിന്റെ  ഓരോ തിരിവിലും വടിവിലും സ്വർഗത്തിന്റെ  കവാടം തുറക്കുന്നുവെന്ന് ഉദ്‌ഘോഷിച്ച മീർ അലി എന്ന മുഗൾ എഴുത്തുകാരനെപ്പോലെ നമ്മുടെ മുഖപ്രസംഗക്കാരനും വിചാരിക്കുമായിരിക്കും, എന്റെ  നിരൂപണത്തിനു വേണ്ടി ലോകം സംഭവിക്കുന്നു.   


എഡിറ്ററുടെ വിചാരത്തിനു വിഷയമാകാത്തതൊന്നും വലിയ കാര്യമല്ല എന്നാണു സങ്കൽപം. യുദ്ധത്തിന്റെ  കാരണവും സമാധാനത്തിന്റെ  ആവശ്യവും എഡിറ്റർ ചർച്ച ചെയ്യും.  തന്റേടം ഒട്ടും കുറവല്ലാത്ത ഒരു മലയാളം എഡിറ്റർ ഒരിക്കൽ സോവിയറ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിനെ വിരട്ടിയത്രേ.  താൻ നിർദേശിക്കുന്ന രീതിയിൽ നീങ്ങിയില്ലെങ്കിൽ ആപത്താകുമെന്ന് എഡിറ്റർ സ്റ്റാലിനു മുന്നറിയിപ്പു നൽകിയപ്പോൾ ഏകാധിപതി വിരണ്ടുവോ എന്നറിഞ്ഞില്ല. കോട്ടയം പട്ടണത്തിന്റെ  മൂലയിൽനിന്ന് ഏറെക്കുറെ പതിവായി മുടങ്ങാതെ ഇറങ്ങുന്ന ഒരു നാലു താൾ കടലാസിന്റെ  'സ്റ്റാലിനു താക്കീത്' മുഖപ്രസംഗങ്ങളുടെ ചരിത്രത്തിൽ ഒന്നാം സ്ഥാനം പിടിക്കും. 


എതിരാളിയുടെ എഡിറ്ററോടൊപ്പം ഏകാധിപതിയും സർവാധിപതിയും. മാർപാപ്പയും മത്സരപ്പരീക്ഷക്ക് ഒരുങ്ങുന്നവരും കൂലങ്കഷമായി വായിക്കുന്ന മുഖപ്രസംഗങ്ങൾ സാധാരണക്കാരനെ ഉദ്ദേശിച്ചുള്ളവയാവില്ല.  ലോകത്തിന്റെ  ഭാവിയെയും ധർമ സംസ്ഥാപനത്തിനുള്ള ബുദ്ധിമുട്ടിനെയും പറ്റി ആലോചിച്ചും ആവലാതിപ്പെട്ടും എഴുതപ്പെടുന്നവയാണ് ആ ലിഖിതങ്ങൾ. രീതി 'ബഹുജനഭിന്നവിചിത്രവർഗം' ആകാമെങ്കിലും പൊതുവെ പ്രസംഗ ലേഖകർ അനുവർത്തിക്കുന്ന മാതൃക ഇതായിരിക്കും: ആദ്യത്തെ രണ്ടു ഖണ്ഡികയിൽ വിഷയത്തിന്റെ  ചരിത്രവും ഭൂമിശാസ്ത്രവും പറഞ്ഞുവെക്കുക. മൂന്നാമത്തെ ഖണ്ഡികയിൽ പ്രവചനമോ പ്രതീക്ഷയോ പണ്ഡിതോചിതമായ പ്രസ്താവമോ ഉപസംഹാരമായി കൊടുക്കുക.  വഴി വിട്ടു നടക്കുന്ന എഡിറ്റർമാർ ചരിത്രവും ഭൂമിശാസ്ത്രവും പരതാൻ നിൽക്കാതെ, മാനസികമായി അവരുടെ ഇരയാകാൻ വിധിക്കപ്പെട്ടവർക്കു നേരേ  ആഞ്ഞടിക്കും. 


പാരമ്പര്യത്തിന്റെ  സമ്മർദം കാരണം മുഖപ്രസംഗം എഴുതുന്ന ആളിന്റെ  പേർ പറയാറില്ല.  അജ്ഞാതനാമാവായ ആ ആൾ എഡിറ്റർ തന്നെ. എഴുതുന്നത് വേറൊരു വിദഗ്ധൻ ആണെങ്കിലും പ്രബന്ധം എഡിറ്ററുടെ ലഡ്ജറിൽ ചേർക്കണം. ലോകം അവസാനിക്കുകയാണെന്നോ സൂര്യൻ കിഴക്ക് അസ്തമിക്കാൻ തുടങ്ങുമെന്നോ തോന്നുന്ന അവസരത്തിൽ എഡിറ്റർ മുഖപ്രസംഗവുമായി മുന്നിട്ടിറങ്ങുക തന്നെ ചെയ്യും. എന്നുവെച്ചാൽ, ഏതോ ഒരു ഉൾത്താളിൽ കൊടുത്തുപോരുന്ന മുഖപ്രസംഗം ഒന്നാം പേജിലേക്കു കയറും. തന്നെയല്ല, സാക്ഷാൽ എഡിറ്ററുടെ കൈയൊപ്പോടു കൂടിയായിരിക്കും അതിന്റെ  കയറ്റം. കംപ്യൂട്ടർ മുദ്രണമായതുകൊണ്ട് ഒരു പ്രമാണത്തിന് ഒപ്പ് ആവശ്യമില്ല എന്നു ശഠിക്കുന്ന സമ്പ്രദായം ഒപ്പിട്ട എഡിറ്റോറിയലിന്റെ  സ്ഥിതി അൽപം പരുങ്ങലിലാക്കിയിരിക്കുന്നു. എന്നിട്ടും എഡിറ്ററുടെ ഒപ്പോടു കൂടി ഒന്നാം പേജിൽ 'ലീഡർ' അല്ലെങ്കിൽ 'എഡിറ്റോറിയൽ' എന്ന മുഖപ്രസംഗം കണ്ടാൽ കണ്ടവൻ കിടുകിടെ വിറക്കണം. വിനയം മൂത്ത ചില എഡിറ്റർമാർ പേരെഴുതി ഒപ്പിടാറില്ല.  അവർ എഡിറ്റർ എന്ന് അടിയിലോ എഡിറ്റോറിയൽ എന്ന് മുകളിലോ എഴുതി തൃപ്തിയടയും. മറ്റുള്ളവർ അതൊന്നും പോരെന്നറിഞ്ഞ് ഒപ്പു തന്നെ അടിയിൽ നീട്ടി കോറിയിടും. എഡിറ്ററുടെ ഒപ്പു കണ്ടാൽ കിടുങ്ങാത്ത വായനക്കാരുണ്ടോ? 


അങ്ങനെ ഒരു ഒന്നാം താൾ മുഖപ്രസംഗം എഴുതാൻ എനിക്കുണ്ടായ അവസരം ഓർത്തുപോകുന്നു. ഡിസംബർ 6, 1992. അക്കാലത്ത് പാർലമെന്റ് റിപ്പോർട്ട്  ചെയ്യുകയായിരുന്നു എന്റെ ജോലി. പാർലമെന്റിൽ ഒരാഴ്ച എന്ന വാരാവലോകനവും അതിന്റെ  ഭാഗമായിരുന്നു. നേരത്തേ വാരാവലോകനം ചെയ്തുകൊടുക്കാത്തതുകൊണ്ട് ആ ഞായറാഴ്ചയും ആപ്പീസിൽ എത്തേണ്ടി വന്നു.  ജോലി കഴിഞ്ഞ് പോകാൻ നേരത്ത് വസിർ മാഥുർ വിളിച്ചു.  വീട്ടിൽ ടി.വിയുടെ മുന്നിൽ ഇരിക്കുകയായിരുന്നു മാഥുർ.  ':ദാ, ഞാൻ കാണുന്നു, ബാബ്‌രി മസ്ജിദിന്റെ  മുകളിൽ ആളുകൾ കയറിപ്പറ്റിയിരിക്കുന്നു. അവർ അത് തല്ലിപ്പൊളിക്കുകയാണ്. 'ഞാൻ ആപ്പീസിലെ ടി.വി നോക്കട്ടെ എന്നു പറഞ്ഞപ്പോൾ ഒട്ടൊക്കെ പരിഭ്രാന്തനായ മാഥുർ പറഞ്ഞു, 'ഇനി നോക്കാൻ മസ്ജിദ് ഇല്ല, അതിന്റെ  അവശിഷ്ടം മാത്രം.'


അതേ സമയം എഡിറ്റർ പ്രഭു ചാവഌയും വിളിച്ചു. ഞങ്ങൾ അടുത്തറിഞ്ഞിരുന്നില്ല.  എന്നിട്ടും എന്നിൽ അർപ്പിച്ച വിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. മറ്റു ജോലിയെല്ലാം ഒഴിവാക്കി, ആ സംഭവത്തെപ്പറ്റി ഒരു കുറിപ്പ് തയാറാക്കുക, ഒന്നാം താൾ മുഖപ്രസംഗമായി കൊടുക്കണം എന്നായിരുന്നു പ്രഭുവിന്റെ നിർദേശം.  ചരിത്രവും ഭൂമിശാസ്ത്രവും നിരത്തി ഒടുവിലത്തെ ഖണ്ഡികയിൽ നീതിസാരം വിളമ്പുന്ന ശൈലി എനിക്കിഷ്ടമായിരുന്നില്ല.  ഒന്നൊന്നര മണിക്കൂറിൽ ഞാൻ എഴുതിപ്പിടിപ്പിച്ചത് ഒരു വികാര പ്രവാഹമായിരുന്നു. 'രാഷ്ട്രത്തിനു നേരേ ഒരതിക്രമം' എന്ന് അർഥം വരാവുന്ന തലക്കെട്ടോടു കൂടിയ ആ മുഖപ്രസംഗം പ്രഭുവിന് ഏറെ ഇഷ്ടമായി. വൈകിട്ട് അതിനു പാര പണിയാൻ നോക്കിയ ഒരു ആസ്ഥാന വിദ്വാനെ വാ മൂടിക്കുകയും ചെയ്തു.


വായിട്ടടിക്കുകയും വാ മൂടുകയും ചെയ്യുന്ന ആസ്ഥാന വിദ്വാന്മാരെപ്പറ്റി എന്നും കഥ പരന്നിരുന്നു. ടൈംസ് ഒഫ് ഇന്ത്യയിൽ ഒരു കാലത്ത് സമന്മാരായിരുന്നു അൽപഭാഷിയായ ജി.എം ടെലാങും പിന്നീട് എഡിറ്റർ ആയി ഉയർന്ന ഗിരി ലാൽ ജയിനും. ഗിരി എഴുതിക്കൊടുക്കുന്നതെല്ലാം വള്ളി പുള്ളി വ്യത്യാസമില്ലാതെ മാറ്റി എഴുതുമായിരുന്നു എഡിറ്റർ ശാം ലാൽ. പത്രത്തിന്റെ  മുഖപ്രസംഗ പേജ് ഒഴികെ ഒന്നും നോക്കില്ലെന്നായിരുന്നു ശാം ലാലിന്റെ  വ്രതം. അടുത്തൂൺ പറ്റിയ ശേഷം ഇന്ത്യൻ എക്‌സ്പ്രസിൽ മുഖപ്രസംഗം ഏകോപിപ്പിക്കാനുള്ള അവസരം കിട്ടിയപ്പോൾ ടെലാങും അതേ സമീപനം അനുവർത്തിച്ചു. ദോഷം പറയരുതല്ലോ, ടെലാങിന്റെ  ലിഖിതത്തിൽ മാറ്റാൻ പാകത്തിൽ ഒന്നും കണ്ടിരുന്നില്ല.  അടിയന്തരാവസ്ഥയുടെ ബലത്തിൽ ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർ ആയി കയറുകയും ഒപ്പിട്ട മുഖപ്രസംഗത്തിൽ കൗതുകം കാട്ടുകയും ചെയ്ത മഹാശയനാണ് ഹിരണ്മയ് കാർലേക്കർ. അന്ന് അവിടെ വെറും മുഖപ്രസംഗക്കാരനായിരുന്നു പണ്ഡിതനായ എൻ.എസ് ജഗന്നാഥൻ. പിന്നെ ഒരു കസാലക്കളിയിൽ ജഗന്നാഥൻ എക്‌സ്പ്രസിന്റെ  എഡിറ്ററും കാർലേക്കാർ   ഡെപ്യൂട്ടി എഡിറ്ററുമായി മാറി.  തന്റെ  ഊഴം വന്നപ്പോൾ ജഗന്നാഥൻ ആവുന്നതെല്ലാം മാറ്റി എഴുതി. ഒരിക്കൽ താൻ എഴുതിക്കൊടുത്ത മുഖപ്രസംഗം തന്റേതല്ല, ജഗന്നാഥന്റേതാണെന്ന് കാർലേക്കർ വിലപിക്കുകയുണ്ടായി. ഞാൻ എഴുതിയ ഒരു കുറിപ്പിൽ കാർലേക്കർ കൈയും കാലും കടത്തിയപ്പോൾ 'ഞാൻ വിവരം ഒരുക്കിത്തരാം, താങ്കൾ  എഴുതിയാൽ മതി, രണ്ടു പേർ കൈ വെക്കേണ്ട എന്നു ഞാൻ കുസൃതി പറഞ്ഞത് ദാദക്ക് രസിച്ചില്ല.  ഗംഭീരമായ മുഖപ്രസംഗക്കാരുടെ ഉൾക്കളി അത്ര തന്നെ ഗംഭീരമായിരുന്നില്ല.  


സ്റ്റാലിനു താക്കീത് കൊടുക്കാൻ പോന്ന ഗാംഭീര്യം പുലർത്തിയിരുന്ന മുഖപ്രസംഗക്കാർ നിസ്സാര വിഷയങ്ങളിൽ കൈ വെക്കില്ല.  രണ്ടു കോളം നിറയേ മൂന്നായി നിരത്തുന്ന മുഖപ്രസംഗങ്ങളിൽ ആദ്യത്തെ രണ്ടെണ്ണമേ അവർ ഗൗനിക്കുകയുള്ളൂ.  ഒടുവിലത്തെ പ്രസംഗം, മൂന്നാം മുറ (തേഡ് എഡിറ്റ്) പരിഹാസവും അർധോക്തിയുമായി ഒപ്പിക്കാൻ ഞങ്ങളെപ്പോലെ ചിലരെ നിയോഗിക്കും. മാവോയുടെ ചിരിയിൽ നിർവൃതികൊണ്ടിരുന്ന നയതന്ത്രവും തന്റെ  പേർ കളിയായി പറയരുതെന്നു കൽപന പുറപ്പെടുവിച്ച കനാൻ ബനാന എന്ന ഡിക്‌റ്റേറ്ററുടെ ലാഘവവും മൂന്നാം മുറക്ക് വിഷയമായി. അതിലും രസം, വിഷയ സുഖം മാത്രം. ആ ജനുസ്സിൽ പെട്ട എന്റെ  കുസൃതി കുലീനനും ധനകോവിദനുമായ പ്രൊഫസർ എ.എം ഖുസ്രോ അഭിനന്ദിച്ചപ്പോൾ ജീവിതം നിന്ദ മാത്രമല്ലെന്നു ബോധ്യമായി.


ആ ബോധ്യം ആദ്യം ഉദിച്ചത് ബംഗളൂരുവിൽ ആയിരുന്നു. ഒരു ദിവസം മറ്റൊരു പത്രത്തിലെ വായനക്കാരന്റെ  കത്ത് വാസു നിവർത്തിയിട്ടു.  കൊള്ളാം എന്നു പറഞ്ഞ്, പരിചയം നടിച്ച്,  ഞാൻ അതു മടക്കിയപ്പോൾ വാസു ഖിന്നനായി. പിന്നെ, എന്തോ വാശിയോടെ, എന്റെ  പത്രത്തിന്റെ  ഒരാഴ്ച പഴകിയ മുഖപ്രസംഗം വായിക്കാൻ തന്നു. അതും പരിചിതമായി തോന്നി. അത് ഞാൻ എഴുതിയതായിരുന്നു. 

Latest News