വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക്? മോഡിയെ കാണാന്‍ ജഗന്‍ ദല്‍ഹിക്കു പറന്നു

ഹൈദരാബാദ്- ആന്ധപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപി സഖ്യമായ എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ ജഗന്‍ ദല്‍ഹിക്കു പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30ന് മോഡിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി വൈഎസ്ആര്‍ കോണ്‍ഗ്രസിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ജഗന്‍ ദല്‍ഹിയില്‍ എത്തുന്നത്. സെപ്തംബര്‍ 22ന് ജഗന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം എന്‍ഡിഎ പ്രവേശനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും അന്നു നടന്നതായാണ് സൂചന. അന്നു പക്ഷെ പ്രധാനമന്ത്രി മോഡിയ കാണാന്‍ ജഗന് കഴിഞ്ഞിരുന്നില്ല.

രണ്ടു കാബിനെറ്റ് മന്ത്രി പദവികളും ഒരു സഹമന്ത്രി പദവിയും ബിജെപി വൈഎസ്ആര്‍ കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തതായും ജഗനോട് ഉടന്‍ ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതായും തെരഞ്ഞെടുപ്പു സര്‍വെകള്‍ നടത്തുന്ന ഡേറ്റ അനലറ്റിക്‌സ് സ്ഥാപനമായ വിഡിപി അസോസിയേറ്റ്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഒരു കാബിനെറ്റ് മന്ത്രി പദവിയും ഒരു സഹമന്ത്രി പദവിയും മോഡി വാഗ്ദാനം നല്‍കിയേക്കുമെന്നാണ് ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

22 എംപിമാരുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നാലാമത്തെ  ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയാണ്. രാജ്യസഭയില്‍ പാര്‍ട്ടിക്ക് ആറ് എംപിമാരുണ്ട്. ആന്ധ്രാ പ്രദേശില്‍ തൂത്തുവാരിയ വിജയത്തിലൂടെ അധികാരത്തിലെത്തിയതു മുതല്‍ ജഗന്‍ എന്‍ഡിഎയുമായി നല്ല സൗഹൃദത്തിലാണ്. ലോക്‌സഭയിലും രാജ്യസഭയിലും മോഡി സര്‍ക്കാരിന്റെ തീരുമാനങ്ങളെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചു വരികയും ചെയ്യുന്നു.

ശിവ സേനയും ഏറ്റവും പഴയ സഖ്യക്ഷിയായ ശിരോമണി അകാലി ദളും മുന്നണി വിട്ട ശേഷം എന്‍ഡിഎയ്ക്കു ലഭിക്കുന്ന കരുത്തുറ്റ സഖ്യകക്ഷിയാകും വൈഎസ്ആര്‍ കോണ്‍ഗ്രസ്.സാമ്പത്തിക പ്രയാസം നേരിടുന്ന ആന്ധ്രയ്ക്ക് കേന്ദ്ര സഹായം ഉറപ്പാക്കാനും ജഗന്‍ നേരിടുന്ന സിബിഐ കേസുകളില്‍ അനുകുലമായ മൃദുസമീപനം ഉറപ്പാക്കാനും എന്‍ഡിഎ പ്രവേശനത്തിലൂടെ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

Latest News