ശൂറ അംഗം ഉള്‍പ്പെടെ 34 മെംബര്‍മാര്‍ ജമാഅത്തെ ഇസ്‌ലാമി വിട്ടു

ന്യുദല്‍ഹി- ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം വ്യതിചലിച്ചെന്ന് ആരോപിച്ച് സംഘടനയുടെ പരമോന്നത സമിതിയായ മജ്‌ലിസെ ശുറാ അംഗം ഉള്‍പ്പെടെ 34 അംഗങ്ങള്‍ രാജിവെച്ചു. നിലവിലെ കേന്ദ്ര ജമാഅത്ത് അതിന്റെ സ്ഥാപിത തത്വങ്ങളില്‍നിന്നും പ്രത്യയശാസ്ത്രത്തില്‍നിന്നും കുറെ കാലമായി അകന്നു പോയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. വിഘടിത ഗ്രൂപ്പ് പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കിളില്‍ നിന്നുള്ള ശൂറ അംഗം ഡോ. തന്‍വീര്‍ അഹ്്മദിന്റെ നേതൃത്വത്തിലാണ് ഇവര്‍ സംഘടന വിട്ടത്.
സ്ഥാപകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെ സംഘടന മറന്നിരിക്കുകയാണെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതനിഷ്ഠ കൊണ്ടു വരികയെന്ന ഇഖാമത്തുദ്ദീന്‍ എന്ന സ്ഥാപിത ലക്ഷ്യം സംഘടന കൈവെടിഞ്ഞെന്നും ഇവര്‍ പറയുന്നു. ജമാഅത്തിന്റെ കേന്ദ്ര നേതൃത്വം തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

ഭാവിയില്‍ കൂടുതല്‍ പേര്‍ ജമാഅത്തില്‍നിന്നു രാജിവെക്കുമെന്ന് തന്‍വീര്‍ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും ജമാഅത്തിനെ താറടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിന്തുണ ആവശ്യമുള്ള ഘട്ടത്തിലെല്ലാം സഹായിക്കാന്‍ തയാറാണ്. കേന്ദ്ര നേതൃത്വത്തോടാണ് എതിര്‍പ്പ്- അദ്ദേഹം പറഞ്ഞു.
എല്ലാവരും അംഗീകരിക്കുന്ന ഒരാളെ പുതിയ സംഘടനയുടെ നേതാവാക്കും. ഒരു കോഓര്‍ഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. പുതിയ സംഘടനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ബന്ധപ്പെട്ടുവരികയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പലരും പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ പേരില്‍ സംഘട രൂപീകരിക്കാനാണ്  ശ്രമമെന്നും തന്‍വീര്‍ പറഞ്ഞു.


 

Latest News