Sorry, you need to enable JavaScript to visit this website.

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തൊടുപുഴ- വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു.  കാരിക്കോട് പുതിയേടത്ത് സോമശേഖരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍(28) ആണ് മരിച്ചത്. വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍- പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആറ് മണിയോടെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ വടത്തില്‍ താഴെയിറങ്ങി. രാത്രിയായതിനാല്‍ വെളിച്ചക്കുറവും പ്രശ്നമായി. ഏറെ ശ്രമകരമായാണ് സംഘം വലയിറക്കി എട്ട് മണിയോടെ മൃതദേഹം പുറത്തെടുത്തത്. തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിഎസ്സി പഠനത്തിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അമ്മ: ലത. സഹോദരി: പാര്‍വതി.

 

Latest News