യു.പിയില്‍ കാട്ടുഭരണം, ഇത് രാമരാജ്യമല്ല- ശിവസേന

മുംബൈ- യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റേത് കാട്ടുഭരണമാണെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവിടെ തുടര്‍ക്കഥയാണെന്നും ശിവസേന. അയോധ്യയില്‍ രാമക്ഷേത്രത്തിനു ശിലയിട്ടെന്ന് വെച്ച് അവിടെ രാമരാജ്യമാകില്ല.  ബലാത്സംഗങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ശിവസേന മുഖപത്രം സാമ്‌ന കുറ്റപ്പെടുത്തി. 
മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും വീണ്ടും സഖ്യത്തിനു ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗി ആദിത്യനാഥിനെ നിശിതമായി വിമര്‍ശിച്ച് ശിവസേന രംഗത്തുവരുന്നത്. 

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണമെന്ന് ശിവസേന രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി തടവിലാക്കിയിരിക്കുകയാണെന്ന് രാഷ്ട്രപതിക്കുള്ള കത്തില്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

സ്വതന്ത്രമായി സംസാരിക്കാനോ സഞ്ചരിക്കാനോ അവര്‍ക്കു കഴിയുന്നില്ല. ഹാഥ്‌റസിലെ കൂട്ടബലാത്സംഗത്തിനു പിന്നാലെ യു.പിയിലെ ബല്‍റാംപുരിലും കൂട്ടബലാത്സംഗമുണ്ടായതായി ശിവസേന ചൂണ്ടിക്കാട്ടുന്നു. ഇത്രയൊക്കെയായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പാര്‍ട്ടി പറഞ്ഞു.
 

Latest News