ന്യൂദൽഹി- ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി തനിച്ച് മത്സരിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡുമായി ചേർന്ന് മത്സരിക്കില്ലെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി. നിതീഷ് കുമാറിന്റെ ജെ.ഡി.യു സ്ഥാനാർത്ഥികൾക്കെതിരെ തങ്ങളുടെ പ്രതിനിധികളെ മത്സരിപ്പിക്കും. അതേസമയം ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്നും ചിരാഗ് പാസ്വാൻ അറിയിച്ചു. ജെ.ഡി.യുമായുള്ള ആശയപരമായ തർക്കം കാരണമാണ് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്നും എൽ.ജെ.പി നേതാവ് അബ്ദുൽ ഖാലിഖ് പറഞ്ഞു. ബിഹാർ ആദ്യം, ബിഹാരി ആദ്യം എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം. വോട്ടർമാർ അവർക്ക് ആവശ്യമുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കട്ടെയെന്നും എൽ.ജെ.പി നേതാവ് പറഞ്ഞു. ബി.ജെ.പിയുമായുള്ള സഖ്യം തുടരും. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-എൽ.ജെ.പി സഖ്യം ഒന്നിച്ചുമുന്നോട്ടുപോകുമെന്നും പാർട്ടി പറയുന്നു. ശനിയാഴ്ച തീരുമാനിച്ചിരുന്ന യോഗം രാം വിലാസ് പാസ്വാൻ ആശുപത്രിയിലായതിനെ തുടർന്ന് ഇ്ന്നലത്തേക്ക് മാറ്റിവെച്ചതായിരുന്നു. ശനിയാഴ്ച രാത്രിയാണ് രാംവിലാസ് പാസ്വാന് ദൽഹിയിൽ ഹൃദയശസ്ത്രക്രിയ നടന്നത്. ചിരാഗ് പാസ്വാന്റെ അച്ഛനാണ് രാംവിലാസ് പാസ്വാൻ. ബിഹാറിനെ ഒന്നാമതെത്തിക്കാനുള്ള എൽ.ജെ.പിയുടെ ശ്രമത്തിന് ജനങ്ങൾ പിന്തുണ നൽകുമെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി.