ചണ്ഡീഗഡ്- കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കർഷകരെ ദ്രോഹിക്കുന്ന മുഴുവൻ കരിനിയമങ്ങളും റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരെ തകർക്കുന്ന മൂന്ന് കരിനിയമങ്ങളാണ് മോഡി സർക്കാർ പാസാക്കിയതെന്നും രാഹുൽ ആരോപിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഖേത്തി ബച്ചാവോ ട്രാക്ടർ റാലിക്ക് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു രാഹുൽ. കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നയാപൈസ കൊടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മുഴുവൻ താങ്ങുവിലയും ഭക്ഷ്യസംഭരണവും മൊത്തവ്യാപാരവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. രാജ്യത്തിന്റെ ഈ സംവിധാനത്തെ തകർക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.