ഹത്റാസ് ക്രൂരത: ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കള്‍

ലഖ്നൗ- ഹത്റാസില്‍ പീഡനത്തിനരയായതിനുശേഷം മരിച്ച  പെൺകുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ലാത്തതിനാലാണ് തീരുമാനമെന്ന് അവർ പറഞ്ഞു. ദിവസങ്ങള്‍ക്കുശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കാന്‍ ബന്ധുക്കള്‍ക്ക് അവസരം ലഭിച്ചത്.  മൃതദേഹം പോലീസ് തങ്ങളെ കാണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.

പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ഫോറന്‍സിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടി യു.പി. പോലീസ് ശ്രമം തുടരുന്നതിനിടെ, പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടര്‍ രംഗത്തുവന്നു. അലിഗഢ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സച്ച ഡോക്ടറുടെതാണ് വെളിപ്പെടുത്തല്‍. ബലാത്സംഗശ്രത്തിന്‍റെ ലക്ഷണമുണ്ടായിരുന്നുവെന്നും ബലാത്സംഗം നടന്നോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

 യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ച എസ്ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ടും പെണ്‍കുട്ടിയുടെ കുടുംബം തള്ളുകയാണ്.

എസ്ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Latest News