ട്രംപിന്റെ ആന്തരികാവയവങ്ങള്‍ ആശങ്കാജനകമെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിംഗ്ടണ്‍- കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഭാര്യ മെലനിയ ട്രംപിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തെങ്കിലും 74 കാരന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

വൈറ്റ് ഹൗസില്‍ കഴിയവേ വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം റെംഡെസീവര്‍ മരുന്ന് മാത്രമാണ് പ്രസിഡന്റിന് നല്‍കിയതെന്നും ഓക്‌സിജന്‍ കൊടുക്കേണ്ടിവന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലെയ് മക്കെനാനി പറഞ്ഞു. എന്നാല്‍ ചികിത്സ സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ തന്നെ വ്യത്യസ്ത പ്രതികരണങ്ങള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിനിടയാക്കി. കോവിഡ് ചികിത്സക്ക് യു.എസ് ആരോഗ്യ അധികൃതരുടെ അംഗീകാരമില്ലാത്ത റെജിനെറോണ്‍ ആന്റിബോഡി ട്രംപിന് നല്‍കിയതായി വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഷോണ്‍ കോണ്‍ലി പറഞ്ഞു.
അതിനിടെയാണ് ട്രംപിന്റെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം ആശങ്കപ്പെടുത്തുന്നതാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നുതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രസിഡന്റിന്റെ ആരോഗ്യ വിവരവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ചില യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങുമടക്കമുള്ള ലോക നേതാക്കള്‍ ട്രംപിന് എത്രയും വേഗം രോഗശാന്തി നേര്‍ന്നു.
 

Latest News