Sorry, you need to enable JavaScript to visit this website.

പള്ളിയില്‍നിന്ന് അംഗപരിമിതന്റെ വാഹനവുമായി മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍

കോഴിക്കോട് - മുച്ചക്ര വാഹനവുമായി പള്ളിയില്‍ പോയ അംഗപരിമിതന്റെ വാഹനം മോഷ്ടിച്ച കൊലക്കേസ് പ്രതി പിടിയില്‍. പള്ളിയില്‍ മഗ്‌രിബ് നിസ്‌കാരം നടക്കുന്നതിനിടെ അഞ്ച് മിനുട്ട് നേരത്തേക്ക് വാഹനം ചോദിക്കുകയും നമസ്‌കാരം കഴിയുമ്പേഴേക്കും തിരിച്ചെത്തിക്കാമെന്നും പറഞ്ഞ് വണ്ടിയുമായി പോയി മുങ്ങിയ വടകര മടപ്പള്ളി സ്വദേശി അബ്ദുള്‍ ബഷീറിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
കണ്ടു പരിചയം മാത്രം ഉള്ള ആളെ പരാതിക്കാരന് ദിവസങ്ങളോളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പഴക്കം ചെന്ന കേസുകള്‍ പ്രത്യേകമായി അന്വേഷിക്കുവാന്‍ വേണ്ടി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസില്‍ തുമ്പുണ്ടാക്കിയത്. സംഘം പെട്രോള്‍ പമ്പുകളിലും മറ്റും വന്നുപോകുന്ന ട്രൈ വീലറുകളെപറ്റി അന്വേഷിക്കുകയും അവയുടെ നമ്പറുകള്‍ പരിശോധിക്കുകയും ചെയ്തതില്‍ സംശയം തോന്നിയ നാലു വണ്ടികള്‍ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ പ്ലേറ്റ് മാറ്റിയ വാഹനം കണ്ടെത്തിയത്.   ഉടമ പോലും കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
വാഹനം നഷ്ടപ്പെട്ടയാളെ കൂട്ടിക്കൊണ്ടുപോയി കാണിച്ച് തിരിച്ചറിഞ്ഞ ശേഷം ഒളിച്ചു താമസിച്ചിരുന്ന കോഴിക്കോട് എയര്‍പോര്‍ട്ട് ഭാഗത്തുള്ള ഒരു വാടക വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുന്ദമംഗലത്ത് ഉമ്മയേയും കുട്ടിയെയും കൊന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിയുകയായിരുന്നു. വളരെ ക്രൂരമായ കൊലപാതകം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി മോഷണം നടത്തിയതെന്നതിനാല്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.
ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. ഉമേഷ്, എസ്.ഐ മാരായ ബിജിത്ത്.കെ.ടി, അബ്ദുള്‍ സലീം.വി.വി, എ.എസ്.ഐ ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Latest News