ഭിന്ന ശേഷിക്കാരന്റെ ഫോണ്‍ കവര്‍ന്ന യുവാവ് പിടിയില്‍

കോഴിക്കോട് - കഴിഞ്ഞ ഞായറാഴ്ച ഹെഡ് പോസ്റ്റോഫീസ് - എ.ജി റോഡ് ഇടവഴിയിലൂടെ പോകുകയായിരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രേലോഭിപ്പിച്ച് കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍. കല്ലായി ചക്കുംകടവ് കോയവളപ്പ് സ്വദേശിയായ മുഹമ്മദ് ഷെഹീറിനെയാണ് (23) ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു. നഷ്ടപ്പെട്ട ഫോണ്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. ആര്‍ഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനുമാണ് പ്രതി മറ്റൊരാളുമൊത്ത് കുറ്റകൃത്യം ചെയ്തത്. കോഴിക്കോടും ആലപ്പഴയിലുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി ഷെഹീര്‍. കൂട്ടുപ്രതിയായ മുജീബ് എന്നയാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ കുട്ടിക്ക് കാണിച്ചുകൊടുത്ത് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ബിജിത്ത്, അബ്ദുള്‍ സലീം, എ.എസ്.ഐ മുഹമ്മദ് സബീര്‍, എസ്.സി.പി.ഒമാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, ബിനില്‍ കുമാര്‍, സി.പി.ഒ അനൂജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

 

Latest News