വാഷിംഗ്ടണ്‍- കോവിഡ് ബാധിതനായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ട്രംപ് അറിയിച്ചു. നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നാണ് ആദ്യം പറഞ്ഞിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് ട്രംപ് ആശുപത്രിയിലേക്ക് പോയത് റിപ്പബ്ലിക്കന്‍ പാർട്ടി വൃത്തങ്ങളെ ഞെട്ടിച്ചിരിക്കയാണ്.
ദിവസങ്ങളോളം ട്രംപ് ഇനി ആശുപത്രിയിലായിരിക്കും. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കറുത്ത മാസ്‌ക് ധരിച്ച് സാധാരണ വേഷത്തിലാണ് ട്രംപ് ആശുപത്രിയിലേക്ക് തിരിച്ചത്. ട്രംപിന് ചെറിയ പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളുമാണ് ഉളളതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകള്‍. മഹാമാരിക്കെതിരെ പരീക്ഷണത്തിലുള്ള വാക്സിന്‍ ട്രംപിനു നല്‍കിയതായാണ് സൂചന.
വെള്ളിയാഴ്ചയാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളായ ഹോപ് ഹിക്‌സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.