വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക

കൊച്ചി- കേരളത്തില്‍നിന്ന് പ്രവാസികള്‍ക്ക് വ്യാജ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ലബോറട്ടറി മാനേജരെ അറസ്റ്റ് ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇന്ത്യന്‍  യാത്രക്കാരെ വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നിരോധിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രവാസികള്‍ക്ക് ആശങ്കയുണ്ട്. കേരളത്തില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നവര്‍ക്ക് തെറ്റായ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ഒരൊറ്റ സംഭവം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും, അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസി ജനസംഖ്യയുള്ള യു.എ.ഇ ഉള്‍പ്പെടെ 15 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും, കോവിഡ് 19 പോസിറ്റീവ് യാത്രക്കാരെ അയച്ചുകൊണ്ട് കരാര്‍ ലംഘിക്കുന്നത് വാഹകരെയും യാത്രക്കാരെയും നിരോധിച്ചേക്കുമെന്ന് മേഖലയിലെ വൃത്തങ്ങള്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യു.എ.ഇ, യു.കെ, യു.എസ്.എ, കെനിയ, ഭൂട്ടാന്‍ എന്നിവയുമായി ഇന്ത്യ ഉഭയകക്ഷി എയര്‍ ബബ്ള്‍ കരാര്‍ ഒപ്പിട്ടു. 
പ്രവാസികള്‍ക്ക് വ്യാജ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് നല്‍കിയ മലപ്പുറത്തെ സ്വകാര്യ ലാബ് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. ഇത് രാജ്യത്ത് നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കായി പറക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികളും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും ഇരകളാകും. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പല രാജ്യങ്ങളും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി. സൗദി അറേബ്യയും ദുബായും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഈയിടെ ഏര്‍പ്പെടുത്തിയ ഹ്രസ്വ നിരോധം രാജ്യങ്ങള്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നതിന്റെ വ്യക്തമായ സൂചനയാണ്- ”കൊച്ചി ആസ്ഥാനമായുള്ള ട്രാവല്‍ ആന്‍ഡ് ടൂര്‍ കണ്‍സള്‍ട്ടന്റ് രഞ്ജിത്ത് ജേക്കബ് പറഞ്ഞു.

അടിയന്തിര ആവശ്യങ്ങള്‍ ഉള്ളവര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ അമിത ടിക്കറ്റ് നിരക്ക്  നല്‍കി  പറക്കുന്നത്. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും, എപ്പോള്‍ വേണമെങ്കിലും ഫ്‌ളൈറ്റ് റദ്ദാക്കപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് പറക്കാന്‍ കഴിയുമോ എന്നതിന് യാതൊരു ഉറപ്പുമില്ല. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയങ്ങളില്‍, തെറ്റായ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഗുരുതരമായ കുറ്റമാണ്. വൈറസ് ബാധിച്ച യാത്രക്കാരെ എയര്‍ ബബിള്‍ പങ്കാളി രാജ്യങ്ങളിലേക്ക് അയക്കുന്നത് ഉഭയകക്ഷി ബന്ധത്തെയും ബാധിക്കുമെന്നതിനാല്‍ ഇത് രാജ്യത്തിനെതിരായ പോരാട്ടത്തിന് സമാനമാണ്, -അദ്ദേഹം നിരീക്ഷിച്ചു.

കേരളത്തിലെ കോഴിക്കോട് മൈക്രോ ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ നാല് ഐ.സി.എം.ആര്‍ അംഗീകാരമുള്ള ലബോറട്ടറികളില്‍നിന്നുള്ള കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കാന്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇതിനകം എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ കേരള വിമാനത്താവളങ്ങളില്‍നിന്ന് ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കോഴിക്കോട് ലാബില്‍നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച നിരവധി യാത്രക്കാര്‍ക്ക് പറക്കാന്‍ കഴിഞ്ഞില്ല.
 

Latest News