റിയാദ് - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരനെ നാടുകടത്താൻ റിയാദ് ക്രിമിനൽ കോടതി വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ ശുചീകരണ വസ്തുക്കൾ വിൽപന നടത്തുന്ന മേഖലയിൽ സ്വന്തം സ്ഥാപനം നടത്തിയ ഇന്ത്യക്കാരൻ മുഹമ്മദ് ഇഖ്ബാലിനാണ് ശിക്ഷ. ബിനാമി സ്ഥാപനം നടത്താൻ ഇന്ത്യക്കാരന് കൂട്ടുനിന്ന സൗദി പൗരൻ അലി ബിൻ ഖലഫ് ബിൻ ഹമദ് അൽദോസരിയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
നിയമലംഘകർക്ക് കോടതി 20,000 റിയാൽ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സക്കാത്തും നികുതികളും ഫീസുകളും നിയമലംഘകരിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുന്ന ഇന്ത്യക്കാരന് പുതിയ തൊഴിൽ വിസയിൽ വീണ്ടും സൗദിയിൽ പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്.
സൗദി പൗരന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതിമാസം 1500 റിയാൽ വീതം സൗദി പൗരന് കൈമാറിയാണ് സൗദി പൗരന്റെ സ്ഥാപനത്തിന്റെ പേരിൽ ഇന്ത്യക്കാരൻ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയിരുന്നത്. സൗദി പൗരന്റെ സ്‌പോൺസർഷിപ്പിലുള്ള ഇന്ത്യക്കാരൻ സ്‌പോൺസറുടെ പേരിലുള്ള സ്ഥാപനത്തിനു കീഴിലാണ് ഷാംപൂകളും സോപ്പുകളും മറ്റു ശുചീകരണ വസ്തുക്കളും വിൽക്കുന്ന മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയിരുന്നത്. വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ സ്ഥാപനം ബിനാമിയായി ഇന്ത്യക്കാരൻ നടത്തുന്നതാണെന്ന് സംശയം തോന്നുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം തെളിയുകയുമായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികൾക്ക് ഇന്ത്യക്കാരനും സൗദി പൗരനും എതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.