കോണ്‍ഗ്രസില്‍ മാത്രമല്ല; ലോകത്തെമ്പാടും സ്ത്രീകള്‍ പിറകോട്ട്

ലണ്ടന്‍- കെ.പി.സി.സി പട്ടികയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തി മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്ത്യശാനം നല്‍കിയിരിക്കെ, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വനിതകള്‍ രാഷ്ട്രീയത്തില്‍നിന്ന് പുറന്തള്ളപ്പെടുകയാണെന്ന കണക്കുകള്‍ പുറത്തുവന്നു.
 
സംവരണം ഏര്‍പ്പെടുത്തിയിട്ടും ലോകത്തുടനീളം വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ സ്ത്രീ സാന്നിധ്യം വേണ്ടത്ര വര്‍ധിക്കുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.  ആഗോളതലത്തില്‍ പാര്‍ലമെന്റുകളുടെ സംഘടനയായ ഇന്റര്‍പാര്‍ലമെന്റ് യൂണിയനില്‍ (ഐ.പി.യു) അംഗത്വമുളള 193 രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താല്‍ നാല് പാര്‍ലെമന്റംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് വനിത. മന്ത്രിമാരുടെ കണക്കെടുത്താല്‍ അഞ്ചിലൊന്ന് മാത്രമെ വനിതയുള്ളൂ. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന വനിതകളുടെ എണ്ണം 17-ല്‍ നിന്ന് 15 ആയി ഈ വര്‍ഷം കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
 
193 രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ 23.6 ശതമാനം സീറ്റുകളില്‍ മാത്രമെ വനിതാ പ്രതിനിധികളുള്ളൂവെന്ന് ഐ.പി.യു കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം സെപ്്റ്റംബര്‍ ഒന്നു വരെയുള്ള കണക്കുകളാണിത്. പത്തു വര്‍ഷം മുമ്പ് ഇത് 17.7 ശതമാനമായിരുന്നു. 1997-ല്‍ വെറും 11.8 ശതമാനവുമായിരുന്നു. ഇതു രാജ്യങ്ങളുടെ പാര്‍ലമെന്റുകളിലെ മാത്രം കണക്കാണ്. അതേസമയം പ്രാദേശിക സര്‍ക്കാരുകളിലും തദ്ദേശ ഭരണ സംവിധാനങ്ങളിലുമുള്ള സ്ത്രീ പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ ആഗോള തലത്തില്‍ ലഭ്യമല്ല.
വനിതകളുടെ പാര്‍ലമെന്റ് പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പാശ്ചാത്യ വികസിത രാജ്യങ്ങളൊന്നുമല്ല. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയാണ് ഒന്നാമത്. ഇവിടെ 61.3 ശതമാനം സീറ്റുകളിലും വനിതകളാണ്. 1994-ലെ വംശഹത്യയ്ക്കു മുമ്പ് ഇത് വെറും 10-15 ശതമാനം മാത്രമായിരുന്നു. 53.1 ശതമാനം വനിതാ പ്രാതിനിധ്യമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയ ആണ് രണ്ടാമത്. 48.9 ശതമാനവുമായി ക്യൂബ മൂന്നാം സ്ഥാനത്തും.
 
193 രാജ്യങ്ങളുടെ പട്ടികയില്‍ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ നിരവധി വികസ്വര, അവികസിത രാജ്യങ്ങള്‍ക്കും പിന്നിലായി 149-ാം സ്ഥാനത്താണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ 12 ശതമാനം മാത്രമാണ് വനിതകളുള്ളത്. 193 രാജ്യങ്ങളില്‍ അഞ്ചു രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ ഒരു വനിത പോലുമില്ല. ഖത്തര്‍, യമന്‍ എന്നീ മധ്യപൗരസ്ത്യ രാജ്യങ്ങളും പസഫിക് ദ്വീപു രാജ്യങ്ങളായ വനുവതു, ഫെഡറേറ്റഡ് സ്റ്റേറ്റസ് ഓഫ് മൈക്രൊനേഷ്യ, പപുവ ന്യു ഗിനിയ എന്നീ രാജ്യങ്ങളിലാണിത്.
സ്ത്രീ പ്രാതിനിധ്യത്തിന്റെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്. എങ്കിലും സ്ത്രീകള്‍ അധികാരത്തിലെത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെടുന്നുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും സ്ത്രീ ശാക്തികരണവും സ്ത്രീകള്‍ക്കെതരായ അതിക്രമങ്ങള്‍ തടയുന്നതും പ്രധാന അജണ്ടകളായി വരുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
നിലവിലെ അവസ്ഥയില്‍ വലിയ മാറ്റം ഇനിയും വേണമെന്നാണ് വനിതാ ജനപ്രതിനിധികളും വനിതാ രാഷ്ട്രീയ വിദഗ്ധരും ആവശ്യപ്പെടുന്നത്. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ യുഎന്‍ ലക്ഷ്യമിട്ടിരിക്കുന്നത് 2030-ഓടെ പാര്‍ലമെന്റുകളില്‍ വനിതകള്‍ക്കും തുല്യ പ്രാതിനിധ്യമാണ്. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നിലവിലെ പുരുഷാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം സമൂലമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വനിതാ നേതാക്കളെ ഉള്‍പ്പെടുത്തുന്നതിനും അവരെ പിന്തുണക്കുന്നതിലും പുരുഷാധിപത്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും വിമുഖരാണ്. പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ വളര്‍ച്ച വര്‍ഷത്തില്‍ ഒരു ശതമാനത്തിലും താഴെയാണെന്നത് നിരാശാജനകമാണെന്ന് ഐപിയു വ്യക്തമാക്കുന്നു. ന്യൂസിലാന്‍ഡിന് ഒരു വനിതാ രാഷ്ട്ര മേധാവിയെ തെരഞ്ഞെടുക്കാന്‍ 120-ലേറെ വര്‍ഷം വേണ്ടി വന്നു. പുരോഗതിയുണ്ടെങ്കിലും അത് വളരെ മന്ദഗതിയിലാണെന്ന്് ഐപിയു പ്രോഗ്രാം ഡയറക്ടര്‍ കരീന്‍ ജബ്റെ പറയുന്നു.
വനിതാ നേതാക്കളുടെ ഇടപെടലിലൂടെ പല രാജ്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അമ്മമാരുടെ ആരോഗ്യ നില അപകടത്തിലായാല്‍ ചിലിയില്‍ ഭ്രൂണഹത്യ നിയമപരമായി അനുവദിക്കുന്ന സുപ്രധാന നിയമമാറ്റം കൊണ്ടുവരുന്നതില്‍ പങ്കുവഹിച്ചത് ചിലി പ്രസിഡന്റ് മിഷേല്‍ ബഷ്ലെറ്റ് ആയിരുന്നു. ബലാല്‍സംഗത്തിലൂടെ ഗര്‍ഭം ധരിച്ചവര്‍ക്കും ഈ നിയമത്തിന്റെ അനുകൂല്യം ലഭിക്കും. നേരത്തെ ചിലിയില്‍ എല്ലാ തരത്തിലുമുള്ള ഭ്രൂണഹത്യകള്‍ക്ക് വിലക്കുണ്ടായിരുന്നു.
ബാല്യവിവാഹ അനുവദിച്ചിരുന്ന നിയമം ഭേദഗതി ചെയ്ത് മലാവിയില്‍ ഇതു വിലക്കിയതില്‍ വനിതാ പാര്‍ലമെന്റംഗങ്ങളുടെ പങ്ക് വലുതായിരുന്നു. ഇവിടെ ഇപ്പോള്‍ 18 വയസ്സിനുമുമ്പുള്ള വിവാഹം നിയമവിരുദ്ധമാണ്.
130 അംഗങ്ങളുള്ള ജോര്‍ദാന്‍ പാര്‍ലമെന്റിലെ 20 വനിതാ പ്രതിനിധികളില്‍ ഒരാളായ വഫ ബനി മുസ്തഫയുടെ ഇടപെടലിലൂടെയാണ് ജോര്‍ദാനില്‍ വിവാഹ മോചിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് നിയമം അവതരിപ്പിക്കപ്പെട്ടതും ലൈംഗികാതിക്രമം ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതും. ബലാല്‍സംഗക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ഇരകളെ വിവാഹം ചെയ്താല്‍ കുറ്റവിമുക്തരാക്കുന്ന നിയമം ഇല്ലാതാക്കുന്നതിലും വഫയുടെ പങ്ക് വലുതാണ്. പാര്‍ലമെന്റിലെ സ്ത്രീ സംവരണം 15 ശതമാനത്തില്‍ നിന്ന് 23 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വഫ പ്രമേയം കൊണ്ടു വന്നിരുന്നെങ്കിലും അതു തള്ളപ്പെടുകയാണുണ്ടായത്.

Latest News