കൂടോത്രം ആരോപിച്ച് അസമില്‍ ആള്‍ക്കൂട്ടം രണ്ടു പേരെ കൊന്നു കത്തിച്ചു

ഗുവാഹത്തി- അസമിലെ കര്‍ബി അംഗലോങ് ജില്ലയിലെ വിദൂര ഗ്രാമമായ റോഹിംപൂരില്‍ കൂടോത്രം ആരോപിച്ച് ഗ്രാമീണര്‍ മധ്യവയസ്‌ക്കയേയും അക്രമം തടയാന്‍ ശ്രമിച്ച യുവാവിനേയും അടിച്ചും കുത്തിയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കത്തിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോലീസ് അറിയുന്നത് വ്യാഴാഴ്ചയും. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതു ഗ്രാമീണരെ അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ഒരു സ്ത്രീ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു. ബുധനാഴ്ച ഇവരുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ 50കാരിയായ രമാവതി ഹലുവ എന്ന വിധവ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. ഇതോടെ ചില ഗ്രാമീണര്‍ ഇവര്‍ ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ചു. ഇതോടെ നാട്ടുകോടതി ചേര്‍ന്ന് രമാവതിയെ ദുര്‍മന്ത്രവാദിയായും ഗ്രാമത്തിനു ദുശ്ശകുനമായും മുദ്രകുത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. 

ബുധനാഴ് രാത്രി തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് രമാവതിയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരനായ 28കാരന്‍ ബിജോയ് ഗൗര്‍ രംഗത്തെത്തുകയും തടയാനും ഇത് അന്ധവിശ്വാസമാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനും ശ്രമിച്ചു. ഇതോടെ നാട്ടുകാര്‍ രാമവതിയേയും ബിജോയിയേയും ഒന്നിച്ചാക്രമിക്കുകയായിരുന്നു. ഇരുവരേയും മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം ഗ്രാമീണര്‍ അവരുടെ ക്ഷേത്രത്തില്‍ കൊണ്ടു പോയി ക്രിയകള്‍ നടത്തിയ ശേഷം രണ്ടു മൃതദേഹങ്ങളും കത്തിച്ചതായും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ദഹിപ്പിച്ച സ്ഥലത്തു നിന്നും ഏതാനും ശരീരഭാഗങ്ങള്‍ ലഭിച്ചതായും അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തതായും കര്‍ബി അംഗലോങ് ജില്ലാ പോലീസ് മേധാവി ദെബോജിത് ദേവ്‌റി പറഞ്ഞു. ഒമ്പതു പ്രതികളെ വെള്ളിയാഴ്ച കോടിതിയില്‍ ഹാജരാക്കും.
 

Latest News