കുവൈത്ത് സിറ്റി - കുവൈത്ത് പൗരത്വം നേടുന്നതിന് സൗദി പൗരന്‍ രണ്ടു സഹോദരന്മാരെ വ്യാജ രേഖകള്‍ ചമച്ച് തന്റെ മക്കളാക്കി മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതില്‍ ഒരു അനുജനെ മാനസിക വൈകല്യമുള്ള വ്യക്തിയാക്കാനും സൗദി പൗരന്‍ വ്യാജ രേഖകയുണ്ടാക്കി.
കരാതിര്‍ത്തി വഴി അനധികൃതമായാണ് സൗദി പൗരനും സഹോദരങ്ങളും കുവൈത്തില്‍ പ്രവേശിച്ചത്. വ്യാജ രേഖകള്‍ ചമച്ച് പരിചയക്കാര്‍ വഴി മൂവരും പിന്നീട് കുവൈത്ത് പൗരത്വം നേടി.
മുഖ്യ പ്രതിയുടെ സഹോദരന്മാരില്‍ ഒരാള്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ മാനസിക വൈകല്യമുള്ള വ്യക്തിയാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ശരിയല്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടതാണ് കൂടുതല്‍ അന്വേഷണത്തിന് ഇടയാക്കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് സൗദി പൗരനാണെന്നും മാനസിക വൈകല്യം ബാധിച്ചിട്ടില്ലെന്നും വ്യക്തമായി. യുവാവിന്റെ സഹോദരന്റെ വീട്ടിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
മൂത്ത സഹോദരന്‍ രേഖകളില്‍ പിതാവായി മാറി വ്യാജ രേഖകള്‍ ചമച്ച് തങ്ങള്‍ക്ക് കുവൈത്ത് പൗരത്വം നേടിത്തരികയായിരുന്നെന്ന് രണ്ടാമത്തെ യുവാവ് പറഞ്ഞു. മനോവൈകല്യമുള്ളവര്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയാണ് സഹോദരന്മാരില്‍ ഒരാളെ വ്യാജ രേഖകള്‍ ചമച്ച് രോഗിയാക്കി മാറ്റിയത്.






