പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുള്ള സര്‍വ്വസജ്ജ വിവിഐപി വിമാനം എത്തി

ന്യൂദല്‍ഹി- രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കു മാത്രം സഞ്ചരിക്കാനുള്ള സര്‍വ്വസന്നാഹങ്ങളും മിസൈല്‍ പ്രതിരോധമടക്കം അതീവസുരക്ഷയുമുള്ള പ്രത്യേകം നിര്‍മ്മിച്ച വിവിഐപി വിമാനം ഇന്ത്യയില്‍ എത്തിച്ചു. ബോയിങ് യുഎസില്‍ നിര്‍മ്മിച്ച 84,00 കോടി രൂപ വിലവരുന്ന വിമാനമാണ് വ്യാഴാഴ്ച വൈകീട്ട് ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.  ബോയിങ് 777 വൈഡ് ബോഡി വിമാനമാണിത്. സ്വയം പ്രതിരോധ സംവിധാനങ്ങളും ജാമറുകളും അടക്കം എല്ലാ വിവിഐപി സുരക്ഷകളും ഇതിലുണ്ട്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാ വിമാനത്തിനു സമാനമാണിത്. ഇത്തരത്തില്‍ രണ്ടു വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഇനി രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ദീര്‍ഘദൂര യാത്രകള്‍ ഈ വിമാനത്തിലാകും. ഇതുവരെ എയര്‍ ഇന്ത്യാ ബോയിങ് 747 വിമാനത്തിലായിരുന്നു ഇവരുടെ യാത്ര. 20 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വിമാനങ്ങളില്‍ അത്യാധുനിക സംവിധാനകളും ഭീഷണികളും മിസൈലുകള്‍ പ്രതിരോധിക്കുന്ന സംവിധാനങ്ങളൊന്നുമില്ല.

നേരത്തെ എയര്‍ ഇന്ത്യ ഓപറേറ്റ് ചെയ്തിരുന്ന ബി 777 വിമാനങ്ങളാണ് യുഎസിലേക്കയച്ച് മോഡിഫൈ ചെയ്ത് തിരിച്ചെത്തിച്ചിരിക്കുന്നത്. ഇനി ഈ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റുമാരായിരിക്കും പറത്തുക. രണ്ടാമത്തെ വിമാനം ഏതാനും ആഴ്ച്ചകള്‍ക്കം എത്തും.
 

Latest News