റിയാദിലെ വ്യാപാര സ്ഥാപനത്തില്‍ പരിശോധനക്കെത്തിയ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ വനിതാ ഉദ്യോഗസ്ഥര്‍.
റിയാദ് - സൗദി അറേബ്യയില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം കഴിഞ്ഞ ഹിജറ വര്‍ഷം (1438) കണ്ടെത്തിയത് 871 ബിനാമി സ്ഥാപനങ്ങള്‍. ശിക്ഷാ നടപടികള്‍ക്കായി ഈ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്. ബിനാമി ബിസിനസ് നടത്തുന്ന വിദേശികള്‍ക്കും കൂട്ടുനില്‍ക്കുന്ന സൗദികള്‍ക്കും രണ്ടു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്തും. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇതേ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് നിയമ ലംഘകരായ സൗദി പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവര്‍ നടത്തിയ നിയമ ലംഘനങ്ങളും ശിക്ഷകളും പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തും.
ബിനാമി ബിസിനസ് കണ്ടെത്തുന്നതിന്, കെട്ടിട നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും ജ്വല്ലറികളിലും മൊബൈല്‍ ഫോണ്‍ കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വാണിജ്യ, നിക്ഷേപ മന്ത്രാലയം പരിശോധനകള്‍ നടത്തുന്നുണ്ട്.
പൊതുജനങ്ങളില്‍ നിന്നും മറ്റു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ബിനാമിയാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്. ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സൗദി പൗരന്മാര്‍ക്ക് അവസരമൊരുക്കുന്നതിനുമാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം ശ്രമിക്കുന്നത്.
ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നത് തൊഴിലില്ലായ്മ നിര്‍മാര്‍ജനത്തിനും സഹായിക്കും. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികളില്‍ നിന്ന് നേരിടുന്ന കടുത്ത മത്സരം മൂലം സൗദികള്‍ക്ക് വിജയകരമായി സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. ബിനാമി ബിസിനസ് അടക്കമുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അടുത്തിനിടെ വനിതാ പരിശോധകരെയും നിയോഗിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷത്തെ (1437) അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം മന്ത്രാലയം കണ്ടെത്തിയ ബിനാമി കേസുകളുടെ എണ്ണത്തില്‍ 93 ശതമാനമാണ് വര്‍ധന. 1437 ല്‍ 450 ബിനാമി കേസുകളാണ് പ്രോസിക്യൂഷന് കൈമാറിയത്. 1436 ല്‍ 290 ബിനാമി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
മുന്‍ വര്‍ഷത്തെ (1437) അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം മന്ത്രാലയം കണ്ടെത്തിയ ബിനാമി കേസുകളുടെ എണ്ണത്തില്‍ 93 ശതമാനമാണ് വര്‍ധന. 1437 ല്‍ 450 ബിനാമി കേസുകളാണ് പ്രോസിക്യൂഷന് കൈമാറിയത്. 1436 ല്‍ 290 ബിനാമി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ കൊല്ലം വിവിധ പ്രവിശ്യകളിലെ സ്ഥാപനങ്ങളില്‍ 14,701 പരിശോധനകള്‍ മന്ത്രാലയം നടത്തി. ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിച്ച് 1323 വ്യാപാര സ്ഥാപനങ്ങളില്‍ മന്ത്രാലയം മിന്നല്‍ പരിശോധനകളും പൂര്‍ത്തിയാക്കി.
പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി 2184 ബിനാമി കേസുകളില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം പ്രാഥമികാന്വേഷണങ്ങള്‍ നടത്തിവരികയാണ്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ അടക്കമുള്ള നിയമ ലംഘനങ്ങളും കണ്ടെത്തി. തൊഴില്‍ നിയമവും സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) നിയമവും അനുസരിച്ച ശിക്ഷകള്‍ നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുന്നതിന് ഈ സ്ഥാപനങ്ങള്‍ക്കെതിരായ 309 കേസുകള്‍ കഴിഞ്ഞ കൊല്ലം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനും സാമക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറി.