Sorry, you need to enable JavaScript to visit this website.

ദേശീയപാത: നഷ്ടപരിഹാരത്തിന് മലപ്പുറത്ത് 48.43 കോടി അനുവദിച്ചു

മലപ്പുറം- ദേശീയപാത വികസനത്തിനായി തിരൂർ താലൂക്കിലെ നടുവട്ടം വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമിയിലെ ഉടമകൾക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള സാമ്പത്തിക സഹായത്തിനായി 48.43 കോടി രൂപ അനുവദിച്ച് തിരുവനന്തപുരം ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചു. നടുവട്ടം വില്ലേജിലെ നഷ്ടപരിഹാരം അനുവദിക്കുന്നതിന് 2019 ൽ പണം അനുവദിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയുടെ ഉത്തരവ് നിലനിന്നിരുന്നതിനാൽ തുക വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അനുവദിച്ച തുക ഒരാഴ്ചക്കുള്ളിൽ ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടിലെത്തും. നടുവട്ടം വില്ലേജിൽ ഒരു മാസത്തിനകം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ചെയ്യും.


നടുവട്ടം വില്ലേജിൽ ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത് 2.794 ഹെക്ടർ ഭൂമിയാണ്. അതിൽ സ്വകാര്യ ഭൂമി 2.6735 ഹെക്ടറും സർക്കാർ ഭൂമി 0.1205 ഹെക്ടറുമാണ്. 64 പേരിൽ നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് സമാശ്വാസ പ്രതിഫലവും വർധനവും അടക്കം ഒരു സെന്റിന് 5,43,731 രൂപ നഷ്ടപരിഹാരം ലഭിക്കും. അടിസ്ഥാന വിലയായി നിശ്ചയിച്ച സെന്റ് ഒന്നിന് 1,74,272.95 രൂപയിൽ ഗുണന ഘടകവും സമാശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി ആയ 2018 മാർച്ച് ഒന്ന് മുതലുള്ള വർധനവുമടക്കമുള്ള തുകയാണ്.
ഏറ്റെടുക്കുന്ന ഭൂമിയിൽ 43 കേസുകളിൽ നിർമിതികൾ ഉൾപ്പെടുന്നു. സമാശ്വാസ പ്രതിഫലം ഉൾപ്പെടെ 18.09 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. നഷ്ടപരിഹാരം ലഭിച്ചതിനു ശേഷം കെട്ടിടങ്ങൾ ആവശ്യമുള്ളപക്ഷം ഉടമകൾക്കു തന്നെ സ്വയം പൊളിച്ചുമാറ്റി നിർമാണ സാമഗ്രികൾ എടുക്കാം. ഏറ്റെടുക്കുന്ന 27 ഭൂമികളിൽ കാർഷിക വിളകളുള്ളതാണ്. കാർഷിക വിളകൾക്ക് നഷപരിഹാരമായി 27.45 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വിള ഇൻഷുറൻസ് തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന 23 ഭൂമികളിൽ മരങ്ങളുള്ളതാണ്. അവയ്ക്ക് നഷ്ടപരിഹാരമായി 5,39,932 രൂപയാണ് അനുവദിച്ചിട്ടുള്ളത്. 


ഏറ്റെടുക്കുന്ന ഭൂമിയിൽ പൂർണമായും നഷ്ടപ്പെടുന്ന ഒൻപത് വീടുകളും 11 കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഇവരുടെ പുനരധിവാസത്തിനായി 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പട്ടിക രണ്ട് പ്രകാരമുള്ള തുകയും അനുവദിക്കും. സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ഈ വർഷം മുഴുവൻ ഭൂമിയും ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. 1956 ലെ ദേശീയപാത നിയമ പ്രകാരമാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതെങ്കിലും നഷ്ടപരിഹാരവും പുനരധിവാസവും നിശ്ചയിക്കുന്നത്  2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാണ്.

 

Latest News