Sorry, you need to enable JavaScript to visit this website.

വിവാദങ്ങൾക്കിടെ ബ്രണ്ണൻ കോളേജ് പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തലശ്ശേരി- സ്ഥലം എം.പിയും കോൺഗ്രസ് നേതാവുമായ കെ.സുധാകരനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ ബ്രണ്ണൻ കോളേജ് പദ്ധതികൾ മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളുമായി തലയുയർത്തി നിൽക്കുകയാണ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്. കലാലയ മുത്തശ്ശിക്ക് ഇനി പുതിയ മുഖം. പുതിയ കെട്ടിടങ്ങൾ, റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 25 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളേജിന്റെ  വിവിധ മേഖലകളിലായി നടന്നുവരുന്നത്. പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

 


വിദ്യാർഥികളുടെ ഏറെ കാലത്തെ ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കും. ബോയ്‌സ് ഹോസ്റ്റലിന്റെ നവീകരണം യാഥാർഥ്യമാക്കാൻ നടപടി കൈക്കൊള്ളും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി യഥാവിധി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ തയാറാകണം. അതിന് അവരെ പ്രേരിപ്പിക്കാൻ അധ്യാപകർ തയാറാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.


ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഓൺലൈനിൽ അധ്യക്ഷനായി.  സെന്റർ ഓഫ് എക്സലൻസ് ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം, എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി 99 ലക്ഷം രൂപ ചെലവിൽ നിർമിച്ച റോഡിന്റെ ഉദ്ഘാടനം, കോളേജിന് പുതുതായി നിർമിച്ച ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം, ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചെലവിൽ നിർമിച്ച അന്താരാഷ്ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ് ഉദ്ഘാടനം, എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി കോളേജ് ലൈബ്രറിയിൽ 52 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഫർണിച്ചറുകളുടെ ഉദ്ഘാടനം എന്നിവ ചടങ്ങിൽ നടത്തി. മൊത്തം 1.83 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പൂർത്തിയായത്. 21.5 കോടി രൂപ ചെലവിൽ അക്കാദമിക് ബ്ലോക്കും ലേഡീസ് ഹോസ്റ്റലുമാണ് സെന്റർ ഓഫ് എക്സലൻസിന്റെ ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്.

 

ഊരാളുങ്കൽ സൊസൈറ്റിയുടെ സഹായത്തോടെ തയാറാക്കിയ മാസ്റ്റർ പ്ലാനിൽ അക്കാദമിക് ബ്ലോക്കുകൾ, സെന്റർ ഫോർ കൺവേർജന്റ് സ്റ്റഡീസ്, 300 ലധികം വിദ്യാർഥിനികളെ ഉൾക്കൊള്ളാൻ കഴിയുന്ന വനിതാ ഹോസ്റ്റൽ, ലാംഗ്വേജ് ബ്ലോക്ക്, ആംഫി തിയേറ്റർ തുടങ്ങി നിരവധി പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 
ചടങ്ങിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് സി.പി.ബേബി സരോജം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
പിണറായിയുടെയും പാർട്ടിയുടെയും ഈറ്റില്ലമെന്ന് ഊറ്റം കൊള്ളുന്ന കലാലയ മുത്തശ്ശി ഒരുങ്ങുകയാണ് പുതിയ കാലത്തെയും പുത്തൻ തലമുറയെയും വരവേൽക്കാൻ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ.

 

Latest News