Sorry, you need to enable JavaScript to visit this website.

ലഹരിമരുന്ന് കേസില്‍ സൂപ്പര്‍ നായികമാര്‍ക്ക് ക്ലീന്‍ചിറ്റില്ല

മുംബൈ-ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സൂപ്പര്‍ നടിമാര്‍ക്ക് നടിമാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എന്‍സിബി അറിയിച്ചു. കുറ്റക്കാരല്ലെന്ന് തെളിഞ്ഞതിനെത്തതുടര്‍ന്ന് ഇവര്‍ക്ക് എന്‍സിബി ക്ലീന്‍ചിറ്റ് നല്‍കിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങളുടെ ചുമതലപ്പെട്ടവര്‍ക്ക് ഉടന്‍ ശാസന പുറപ്പെടുവിക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് നടിമാരും ഒരേ രീതിയിലാണ് തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിച്ചത്. ഡ്രഗ് ചാറ്റ് നടത്തിയതായി സമ്മതിച്ച ഇവര്‍, ലഹരി ഉപയോഗം പൂര്‍ണമായി നിഷേധിച്ചു. ഇത് വിശ്വാസത്തിലെടുക്കുന്നില്ലെന്നും മൂവരും അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് മൊഴി നല്‍കിയിരിക്കുന്നതെന്നുമാണ് എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ദീപിക പദുക്കോണിനെയും മാനേജരായ കരിഷ്മ പ്രകാശിനെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. ലഹരി ആവശ്യപ്പെട്ടുള്ള ഇരുവരുടെയും വാട്ട്‌സ്ആപ്പ് ചാറ്റ് നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. 2017 ലെ പാര്‍ട്ടിയിലെ ഇവരുടെ പങ്കാളിത്തം സംബന്ധിച്ചാണ് ദീപികയെ ചോദ്യം ചെയ്തത് . ലഹരി ഉപയോഗിച്ചുവെന്ന ആരോപണം ശ്രദ്ധ കപൂറും തള്ളി. അതിനിടെ, താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അതിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാറില്ലെന്നും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 2019 ജൂലൈ 28 ന് എന്റെ വസതിയില്‍ വച്ചു നടന്ന ഒരു പാര്‍ട്ടിയില്‍ ലഹരിവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നു കരണ്‍ ജോഹര്‍ പറഞ്ഞു.  അതേസമയം, സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ഇന്നലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പട്‌നയില്‍ കൂടിക്കാഴ്ച നടത്തി. സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത നിതീഷ് കുമാറിന്റെ നടപടിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
 

Latest News