റോഹിംഗ്യ അഭയാര്‍ഥികള്‍ ബംഗ്ലദേശില്‍നിന്ന് മടങ്ങിപ്പോകണമെന്ന് ഇന്ത്യ

ബംഗ്ലാദേശിലെ കോക്‌സസ് ബസാറിനു സമീപം പലോങ് ഗാലി അഭായര്‍ഥി ക്യാമ്പില്‍ റോഹിംഗ്യന്‍ മാതാവും കുഞ്ഞും.
ധക്ക- മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്ന് ഭരണൂക അതിക്രത്തിന്റേയും സൈന്യത്തിന്റേയും അതിക്രമം മൂലം നാടുവിട്ട റോഹിംഗ്യ മുസ്ലിം അഭയാര്‍ഥികള്‍ ബംഗ്ലദേശില്‍നിന്ന് തിരിച്ചു പോകണമെന്ന് ഇന്ത്യ. ആറു ലക്ഷത്തിലേറെ റോഹിംഗ്യ അഭയാര്‍ഥികളാണ് ബംഗ്ലദേശിലുള്ളത്.
 
ധക്കയില്‍ നടന്ന നാലാമത് ഇന്ത്യ-ബംഗ്ലദേശ് ജോയിന്റ് കണ്‍സള്‍ടേറ്റീവ് കമ്മിറ്റി യോഗത്തിനു ശേഷം വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. റാഖൈനില്‍ സാധാരണ നില പുനസ്ഥാപിക്കണമെങ്കില്‍ അവിടെനിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ തിരിച്ചു പോകണമെന്ന് റോഹിംഗ്യകളെ പരാമര്‍ശിക്കാതെ സുഷമ പറഞ്ഞു.
ഇന്ത്യയിലുള്ള 40,000 റോഹിംഗ്യ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വരികയാണ്.
 
മ്യാന്‍മറിലെ റാഖൈനില്‍ തുടരുന്ന കടുത്ത അതിക്രമങ്ങളില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയായിരിക്കണം അവിടുത്തെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടത്- സുഷമ പറഞ്ഞു. റാഖൈനിലെ സംഘര്‍ഷങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം വേഗത്തിലുള്ള സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനമാണ്. ഇത് അവിടുത്തെ സമൂഹത്തില്‍ ഗുണപരമായ സ്വാധീനമുണ്ടാക്കുമെന്നും സുഷമ പറഞ്ഞു.
 
റാഖൈനിലെ തെരഞ്ഞെടുത്ത പദ്ധതികള്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുമെന്നും സുഷമ പറഞ്ഞു.
 
ഇന്ത്യ നടത്തിയ ഓപറേഷന്‍ ഇന്‍സാനിയത്ത് വഴി കഴിഞ്ഞ മാസം ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവ ബംഗ്ലാദേശില കോക്സ് ബസാറിലെ റോഹിംഗ്യ അഭയാര്‍ഥി ക്യാമ്പില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest News