Sorry, you need to enable JavaScript to visit this website.

വിരലടയാളം വേണ്ട; കൈപ്പത്തി കാണിച്ചാൽ മതി 

സ്‌റ്റേഡിയങ്ങളിലും ഓഫീസുകളിലും മറ്റു സുരക്ഷ കൂടുതലുള്ള സ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന കൈവള്ളയിലൂടെ തിരിച്ചറിയുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ആമസോൺ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സമ്പർക്കം കുറക്കാനാകുന്ന ഈ ഉപകരണം ഉപയോഗിച്ചാൽ വിരലടയാളം വേണ്ടതില്ല. മെഷീനു മുകളിൽ കൈവെള്ള കാണിച്ചാൽ മതി.
സിയാറ്റിലിലെ ഏതാനും സ്‌റ്റോറുകളിലാണ് ആമസോൺ പുതിയ പാം റെക്കഗ്നിഷൻ ടെക്‌നേളജി പരീക്ഷിക്കുന്നത്. സ്‌റ്റേഡിയങ്ങളിലും ഓഫീസുകളിലും മറ്റു ഗേറ്റുകളിലൂടെ പ്രവേശനം നിയന്ത്രിക്കുന്ന കേന്ദ്രങ്ങളിലേക്കും ഇത് ഉടൻ വ്യാപിപ്പിക്കും. 
വാഷിംഗ്ടണിലെ ആമസോൺ കാമ്പസിനടുത്തുള്ള സ്‌റ്റോറുകളിലെ ഉപഭോക്താക്കൾക്ക്  പ്രവേശിക്കാനും സാധനങ്ങൾ വാങ്ങാനും ഇനി കൈത്തലം ആമസോൺ ഉപകരണത്തിൽ കാണിച്ചാൽ മതി.


ഇത് മറ്റു ബയോമെട്രിക് സാങ്കേതിക വിദ്യകളേക്കാൾ സ്വകാര്യതയെ പരിഗണിക്കുന്നതാണെന്നും ഉപഭോക്താവ് ആമസോൺ വൺ എന്ന ഉപകരണത്തിൽ കൈവള്ള കാണിച്ചാൽ മതിയെന്നും ആമസോൺ റീട്ടെയിൽ ആന്റ് ടെക്‌നോളജി വൈസ് പ്രസിഡന്റ് ദിലീപ് കുമാർ പറഞ്ഞു.
സമ്പർക്ക രഹിതമായ ഈ ഉപകരണത്തിന്  നിലവിലെ കോവിഡ് വ്യാപന പശ്ചത്തലത്തിൽ പ്രത്യേകിച്ച് സ്വീകാര്യതയേറുമെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
മനുഷ്യ വിരലടയാളം പോലെ, ഓരോ കൈപ്പത്തിയും സവിശേഷമാണ്. വിരലടയാളങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിശാലമായ തിരിച്ചറിയൽ ആവശ്യങ്ങൾക്കായി കൈപ്പത്തി ഉപയോഗിക്കാറില്ല.  ഉപയോഗത്തിനായി കാണിക്കുന്ന ഏതെങ്കിലും കൈപ്പത്തി ഇമേജ് ഒരിക്കലും ആമസോൺ വൺ ഉപകരണത്തിൽ സംഭരിക്കില്ലെന്നും സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണിതെന്നും കമ്പനി പറഞ്ഞു.


ആമസോൺ  ക്ലൗഡിന്റെ സുരക്ഷിത മേഖലയിലാണ് ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ ആമസോൺ വണ്ണുമായി ബന്ധപ്പെട്ട ഡാറ്റ എപ്പോൾ വേണമെങ്കിലും ശാശ്വതമായി ഇല്ലാതാക്കാനും കഴിയും.
തുടക്കത്തിൽ പലചരക്ക് കടകളായ ആമസോൺ സ്‌റ്റോറുകളിൽ ആമസോൺ വൺ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന  ഓപ്ഷനായി പുറത്തിറക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ സുരക്ഷക്ക് കൂടുതൽ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സാങ്കേതിക വിദ്യ ബാധകമാണെന്നും ആമസോൺ വ്യക്തമാക്കുന്നു.


റീട്ടെയിൽ സ്‌റ്റോറുകൾക്ക് പുറത്തും ആമസോൺ വണ്ണിന് വലിയ സ്വീകാര്യതയുണ്ടാകുമെന്ന് കമ്പനി കരുതുന്നുണ്ട്. അതുകൊണ്ടു തന്നെ മൂന്നാം കക്ഷികൾക്ക് ഈ ഉപകരണം നൽകാൻ കമ്പനി പദ്ധതിയിടുന്നു. താൽപര്യമുള്ള മൂന്നാം കക്ഷികൾക്ക് ആമസോൺ വൺ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഇമെയിൽ വിലാസം വഴി ബന്ധപ്പെടാമെന്നും ദിലീപ് കുമാർ പറഞ്ഞു.
ഇപ്പോൾ, രണ്ട് ആമസോൺ ഗോ സ്‌റ്റോറുകളിൽ മാത്രമാണ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഈ വർഷം ആദ്യം അവതരിപ്പിച്ച കമ്പനിയുടെ ആദ്യത്തെ കാഷ്യറില്ലാത്ത സൂപ്പർ മാർക്കറ്റാണ് ആമസോൺ ഗോ. ഇവിടെ ഉപയോക്താക്കൾക്ക് പാലോ മുട്ടയോ വാങ്ങിയാൽ വരിയിൽ കാത്തുനിൽക്കാതെയും പഴ്‌സുകൾ  തുറക്കാതെയും പുറത്തിറങ്ങാം.
മൊബൈൽ ഫോൺ നമ്പറും ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് ഒരു ആമസോൺ വൺ അക്കൗണ്ടിനായി സൈൻ അപ് ചെയ്യാമെന്നും ആമസോൺ അക്കൗണ്ട് ആവശ്യമില്ലെന്നും കമ്പനി പറയുന്നു. 

Latest News