Sorry, you need to enable JavaScript to visit this website.
Tuesday , October   27, 2020
Tuesday , October   27, 2020

ശശികല പുറത്തിറങ്ങുമ്പോൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന വേളയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. രണ്ടാം മോഡി സർക്കാരിന്റെ വിജയത്തിന് തിളക്കമേറെയാണ്. എങ്കിലും താൻ പൂർണ സംതൃപ്തനാവണമെങ്കിൽ തമിഴ്‌നാടും കേരളവും ബി.ജെ.പിക്ക് ലഭിക്കണം. ദക്ഷിണേന്ത്യയിലെ ഈ രണ്ട് സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് വർഷത്തിലേക്കാണ് നടന്നടുക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനമാണ് താമര പാർട്ടിക്ക് വെല്ലുവിളിയെങ്കിൽ തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയ ബോധം ബി.ജെ.പിയുടെ സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്നു. ജയലളിതയുടെ തോഴി ശശികലയുടെ ആസന്നമായ ജയിൽ മോചനമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചാ വിഷയം. 
ജയലളിതയുടെ മരണത്തോടെ ഭരണവും പാർട്ടിയും ഒന്നിച്ചു പിടിക്കാനിറങ്ങിയ തോഴി ശശികല വീണ വാരിക്കുഴിയായിരുന്നു അനധികൃത സ്വത്ത് കേസിലെ ജയിൽ ശിക്ഷ. 66 കോടിയുടെ അനധികൃത സ്വത്തു കേസിൽ നാലു വർഷത്തെ തടവുശിക്ഷ തീരാൻ ഇനി അവശേഷിക്കുന്നത് നാലു മാസം കൂടിയാണ്. 
അടുത്ത ജനുവരി 27 ന് നാണ് ശിക്ഷ അവസാനിക്കേണ്ടത്. എന്നാൽ നല്ല നടപ്പിനെ തുടർന്ന് ഉടൻ ഇവർ പുറത്തിറങ്ങാനാണ് സാധ്യത.  ശശികല ജയിൽ മോചിതയാകുമ്പോൾ ചർച്ചയാകുന്നത് ഇവരുടെ രാഷ്ട്രീയ നീക്കങ്ങളും ഭാവിയുമാണ്. ശശികലയുടെ വരവ് 2021 ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴകത്തും പ്രത്യേകിച്ച് എ.ഐ.എ.ഡി.എം.കെയിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
ശശികല വിഭാഗം അമ്മ മക്കൾ മുന്നേറ്റ കഴകം എന്ന പാർട്ടിയായാണ് അറിയപ്പെടുന്നത്. ശശികല ജയിലിലായതിനാൽ പാർട്ടിയെ നയിക്കുന്നത് ടി.ടി.വി. ദിനകരനാണ്. ശശികല സ്വതന്ത്രയാകുന്നതിന്റെ ആഹ്ലാദത്തിലാണ് എ.എം.എം.കെ നേതാക്കൾ. ശശികലയുടെ മോചനം തങ്ങളുടെ തെരഞ്ഞെടുപ്പ് ഭാവി മാറ്റി മറിക്കുമെന്ന് അവർ കരുതുന്നു. 
ജയിൽ മോചിതയാകുന്ന ശശികല വിജയത്തിലേക്ക് നയിക്കുമെന്നും സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സ്ഥാനത്തെത്തും എന്നുമവർ പ്രതീക്ഷിക്കുന്നു. ജയലളിതയുടെ സ്വപ്‌നങ്ങൾ ശശികല പൂർത്തീകരിക്കുമെന്നും തങ്ങളെ ആർക്കും തടയാനാകില്ലെന്നുമാണ് നേതാക്കളുടെ അവകാശവാദം. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്ന ശശികലയുടെ നിലപാട് എ.ഐ.എ.ഡി.എം.കെ നേതാക്കളെയും അലോസരപ്പെടുത്തുന്നുണ്ട്.
ശശികല പുറത്തു വന്നാലും ആറു വർഷത്തേക്ക് അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാക്കൾ പറയുന്നത്. ടി.ടി.വി ദിനകരനില്ലാതെ ശശികലയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും ശശികലയുടെ മുൻ വിശ്വസ്തർ പറയുന്നു. മുഖ്യമന്ത്രി എടപ്പള്ളി പഴനി സ്വാമിയോ ഉപമുഖ്യമന്ത്രി ഒ പനീർശെൽവമോ പാർട്ടിയോ അവരെ പിന്തുണയ്ക്കുന്നില്ല. ഒരിക്കൽ ജയലളിത കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും പരിഗണിക്കപ്പെട്ടിരുന്ന മുഖങ്ങളിൽ ഒന്നുമായിരുന്നു ശശികല. എ.ഐ.എ.ഡി.എം.കെ നേതാക്കൾ തള്ളിപ്പറഞ്ഞാലും തേവർ സമുദായത്തിനിടയിൽ അവർക്കു നല്ല സ്വാധീനമുണ്ട്. 
അധികാര കാര്യത്തിൽ മുഖ്യമന്ത്രി പളനിസ്വാമിയും ഒരിക്കൽ ശശികലയുടെ വിശ്വസ്ത പാളയത്തിൽ ഉണ്ടായിരുന്ന ഉപ മുഖ്യമന്ത്രി പനീർശെൽവവും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ശശികല കളം പിടിക്കുമോ എന്നും നേതാക്കൾ സംശയിക്കുന്നുണ്ട്. 2016 ൽ ജയലളിത മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ എല്ലാം നിൽക്കുമ്പോൾ സുപ്രീം കോടതി കീഴ്‌ക്കോടതി വിധി ശരിവെച്ചതായിരുന്നു ശശികലക്കു തിരിച്ചടിയായത്. പിന്നീട് ശശികല ജയിലിൽ ആയതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആകെ മാറിമറിയുകയായിരുന്നു.
അതിനിടെ ശശികല വിഭാഗത്തെയും നിലവിലെ എ.ഐ.എ.ഡി.എം.കെയെയും ഒന്നിപ്പിക്കാനുള്ള ചർച്ചകൾക്ക് ബി.ജെ.പി മുൻകൈയെടുക്കുമെന്നും സൂചനയുണ്ട്. 
ബി.ജെ.പിക്കു ഇതല്ലാതെ മറ്റു വഴികളില്ല.  തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഡി.എംകെ സഖ്യത്തിന്റെ വെല്ലുവിളി മറികടക്കുകയാണ് ലക്ഷ്യം. തമിഴ്‌നാട്ടിൽ അധികം വേരോട്ടം ലഭിക്കാതിരിക്കുന്ന ബി.ജെ.പിക്ക് ഇരുവരെയും ഒന്നിച്ചുനിർത്തി പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ലയിച്ച് ഒന്നാകുന്ന പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ശശികലയ്ക്ക് നൽകണമെന്നതാകും ഇവരുടെ പ്രധാന ആവശ്യം. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ. പനീർ ശെൽവത്തിനും അധികാരത്തിൽ തുടരാം. ടി.ടി.വി. ദിനകരന് പാർട്ടിയിലെ സുപ്രധാന ചുമതല ലഭിക്കണം. എന്നിങ്ങനെയാണ് മറ്റു നിർദേശങ്ങൾ.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ശശികലയാണ് ഇതിന് പിന്നിലെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജയിൽ മോചനത്തിന് ശേഷം ഒരു പിടിവള്ളി ശശികലക്കും ആവശ്യമാണ്.
അതേസമയം, ഒറ്റയ്ക്ക് തമിഴകം പിടിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തും. ഈ വെല്ലുവിളി മറികടക്കാൻ പുതിയ രാഷ്ട്രീയ സഖ്യത്തിനാണ് രജനിയുടെ നീക്കം. കമൽഹാസന് പുറമെ മുൻ സൂപ്പർ താരങ്ങളായ വിജയകാന്ത്, ശരത്കുമാർ എന്നിവരുടെ പാർട്ടികളെയും ഒപ്പം കൂട്ടാനാണ് പദ്ധതി.
 ഇതിനായി തിരക്കിട്ട ചർച്ചകളാണ് നടന്നു വരുന്നത്. 2011 ൽ തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് വരെയായ താരമാണ് വിജയകാന്ത്. ഡി.എം.കെ തകർന്നടിഞ്ഞ ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ മത്സരിച്ച 41 സീറ്റിൽ 29 എണ്ണത്തിലും വിജയിക്കുകയുണ്ടായി. അണ്ണാ ഡി.എം.കെയുമായി ചേർന്നായിരുന്നു ഈ നേട്ടം ആ പാർട്ടി കരസ്ഥമാക്കിയിരുന്നത്. വിജയകാന്തിന്റെ പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ഭാര്യ പ്രേമലതയാണ്. 
തമിഴകത്ത് സ്വന്തമായി ക്യാപ്റ്റൻ എന്ന പേരിൽ ടി.വി ചാനലും വിജയകാന്തിനുണ്ട്. 'സൂര്യൻ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ സൂപ്പർ താരമായി വളർന്ന ശരത് കുമാർ 1996 ലാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്.   സമത്വമക്കൾ കക്ഷിയെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ പേര്. ഡി.എം.കെയുമായും അണ്ണാ ഡി.എം.കെയുമായും ചേർന്നു പ്രവർത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. 2002 ൽ രാജ്യസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് വരുന്നത്. ജയലളിതയുടെ പാർട്ടിയിലെ പിളർപ്പും ഡി.എം.കെയിലെ സ്റ്റാലിനിസവും പരിഗണിച്ചു തമിഴകം പിടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധതയ്ക്ക് സൂചനകൾ നൽകിയിരിക്കുകയാണ്  സൂപ്പർ താരങ്ങളായ രജനീകാന്തും കമൽ ഹാസനും. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും സഖ്യം രൂപീകരിക്കും എന്ന അഭ്യൂഹങ്ങൾക്കാണ് ഇരുവരുടെയും പ്രസ്താവനകൾ വഴിയൊരുക്കിയിരിക്കുന്നത്. 
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഒന്നും ലഭിച്ചില്ലെങ്കിലും കമലിന്റെ പാർട്ടിയുടെ വോട്ട് ഷെയർ മോശമല്ലായിരുന്നു. 10 മുതൽ 12 ശതമാനം വരെ വോട്ട് ഷെയർ മത്സരിച്ച മണ്ഡലങ്ങളിൽ കമലിന്റെ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരിലും സൗത്ത് ചെന്നൈയിലും ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് മക്കൾ നീതിമയ്യം നേടിയിരുന്നത്. 
ഒറ്റയ്ക്ക് നിന്നാൽ ഒന്നുമാകില്ലെന്ന തിരിച്ചറിവ് കമലിനും ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ രജനിക്കൊപ്പം നിൽക്കാനാണ് അദ്ദേഹത്തിനും താൽപര്യം. ഇരുവരുടെയും സുഹൃത്തുക്കളാണ് ചർച്ചയ്ക്കും കളമൊരുക്കിയിരിക്കുന്നത്. അധികാരം ലഭിച്ചാൽ രജനി മുഖ്യമന്ത്രി, കമൽ ഉപമുഖ്യമന്ത്രി എന്നതാണ് വാഗ്ദാനം. വിജയകാന്തിന്റെ ഭാര്യ പ്രേമലത, ശരത് കുമാർ എന്നിവർക്ക് മന്ത്രി സ്ഥാനം നൽകുവാനും ധാരണയായിട്ടുണ്ട്.
മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയും ഇപ്പോൾ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം നൽകുന്നത്. സി.പി.എം, കോൺഗ്രസ്, മുസ്‌ലിം ലീഗ് എന്നീ പാർട്ടികളെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഡി.എം.കെയുടെ തീരുമാനം. നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും തമിഴകത്തിപ്പോൾ ചൂടുള്ള ചർച്ചയാണ്. ദളപതി ഇറങ്ങിയാൽ മറ്റെല്ലാവരുടെയും കണക്ക് കൂട്ടലുകളാണ് തെറ്റുക. എല്ലാവരും ഒരുപോലെ ഭയക്കുന്നതും ഈ യുവതാരത്തെയാണ്.
എന്നാൽ വിജയ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിജയ് മത്സരത്തിന് ഇറങ്ങിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാട് എന്തായാലും വിധിയെഴുത്തിനെ സ്വാധീനിക്കും. തീപ്പാറുന്ന പോരാട്ടത്തിനാണ് തമിഴകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പോരാട്ടം എന്നു തന്നെ ഇതിനെ വിലയിരുത്തേണ്ടി വരും. 
ഇത്രയധികം പ്രമുഖർ രംഗത്തിറങ്ങുന്നതോടെ പരമ്പരാഗത വോട്ട് ബാങ്കുകളാണ് തകർക്കപ്പെടുക. അക്കാര്യം എന്തായാലും ഉറപ്പാണ്. ഇത് ആർക്കാണ് നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.
 

Latest News