Sorry, you need to enable JavaScript to visit this website.
Tuesday , October   27, 2020
Tuesday , October   27, 2020

വിട പറഞ്ഞത് സമാധാനത്തിന്റെ സ്‌നേഹ ദൂതൻ

കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽമുബാറക് അൽസ്വബാഹിന്റെ വേർപാടിലൂടെ ലോകത്തിന് നഷ്ടമായത് സമാധാനത്തിന്റെ സ്‌നേഹ ദൂതനെയാണ്. പ്രവാസികളോട് കരുണയും സ്‌നേഹവും അനുകമ്പയും കാണിച്ച പരിഷ്‌കരണ കർത്താവായ ഭരണ തന്ത്രജ്ഞന്റെ അഭാവം പശ്ചിമ പൗരസ്ത്യ മേഖലയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. ശൈഖ് സ്വബാഹിന് ലോകം എന്തുമാത്രം വില കൽപിച്ചിരുന്നുവെന്നതിന് തെളിവാണ് ലോക നേതാക്കളുടെ അനുശോചനവും അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളും. 
ഇറാഖ് അധിനിവേശത്തിലൂടെ സ്വന്തം രാജ്യം തന്നെ നഷ്ടമായ വേളയിൽ നാലു ദശാബ്ദക്കാലം വിദേശകാര്യ മന്ത്രി പദവി അലങ്കരിച്ച് മറ്റാർക്കും തകർക്കപ്പെടാനാവാത്ത റെക്കോർഡിന് ഉടമയായ അദ്ദേഹം നടത്തിയ നയപരമായ ഇടപെടലുകൾ കുവൈത്തിന്റെ പൂർവാധികമുള്ള തിരിച്ചുവരവിന് ഇടയാക്കിയതിന് ലോകം സാക്ഷ്യം വഹിച്ചതാണ്. ഇന്ത്യയുമായി എന്നും അടുപ്പം കാത്തു സൂക്ഷിച്ച, കുവൈത്തിലെ പത്തു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ ഇഷ്ട തോഴനായി മാറിയ ഈ ഭരണാധികാരിയുടെ വിയോഗം ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവായി അവശേഷിക്കും. കാരണം അദ്ദേഹം ഇന്ത്യയോട് കാണിച്ചിരുന്ന സ്‌നേഹവും കരുതലും ഹൃദ്യമായിരുന്നു. 
'മനുഷ്യ സ്‌നേഹിയായ ആഗോള നേതാവ്'  എന്നാണ് ശൈഖ് സ്വബാഹിനെ ലോകം വിശേഷിപ്പിച്ചിരുന്നത്. ദുരന്ത മുഖത്ത്, സമാധാന ശ്രമങ്ങളിൽ, പൊതുജന സേവന രംഗത്ത് ശൈഖ് സ്വബാഹ് ഒരു പ്രചോദനമായിരുന്നു. 2006 ജനുവരി 29 ന്  കുവൈത്ത് അമീറായി ശൈഖ് സ്വബാഹ് ഭരണത്തിലേറിയ നാൾ മുതൽ കുവൈത്തിൽ രാഷ്ട്രീയ പരിഷ്‌കരണങ്ങൾക്കൊപ്പം സമഗ്ര വികസനത്തിനു ചുക്കാൻ പിടിച്ചുകൊണ്ട് ലോകത്തെവിടെയും സാമാധാനത്തിന്റെ ദൂതനായി ഓടിയെത്തുന്നതിൽ അദ്ദേഹം പ്രാഗൽഭ്യം കാണിച്ചിരുന്നു. യു.എന്നിന്റെ ഹ്യുമാനിറ്റേറിയൻ ലീഡർ എന്ന വിശേഷണം അദ്ദേഹത്തെ തേടിയെത്തിയത് അതുകൊണ്ടായിരുന്നു. 2014 സെപ്റ്റംബർ 9 ന് യു.എൻ ശൈഖ് സ്വബാഹിനെ ഈ വിശേഷണം നൽകി ആദരിച്ചിത് മാനവിക സേവന മേഖലയിൽ ശൈഖ് സ്വബാഹും കുവൈത്തും നടത്തിയ ശ്രമങ്ങൾ മാനിച്ചായിരുന്നു. 
കുവൈത്തിനെ മാനവിക പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം എന്ന് കൂടി യു.എൻ വിശേഷിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിക്കൊപ്പമാണ് നാം ഇപ്പോൾ ഇരിക്കുന്നത് എന്നാണ് പുരസ്‌കാരം നൽകിയ വേളയിൽ അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞത്. അറബ് ലോകത്തെയും ആഗോള തലത്തിലെയും നയതന്ത്ര കാരണവർ എന്ന വിശേഷണവും കുവൈത്ത് അമീനു ലഭിച്ചിരുന്നു. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ ഇത്രയേറെ പരിശ്രമിച്ച വേറൊരു നേതാവില്ല.  ഇതിനു വേണ്ടി ഏറ്റവുമധികം മധ്യസ്ഥ ശ്രമങ്ങൾ നടത്തിയതും ശൈഖ് സ്വബാഹ് ആയിരുന്നു. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ പുനഃസ്ഥാപിച്ച് പഴയതു പോലെ സൗഹൃദത്തിൽ പോകണമെന്നാഗ്രഹിച്ച് ജീവിതത്തിലെ അവസാന കാലം വരെ അദ്ദേഹം ശ്രമങ്ങൾ നടത്തിയിരുന്നു. 
സമാധാനവും കരുതലും തലോടലുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. അന്താരാഷ്ട്ര മാനുഷിക പ്രതിസന്ധികളിൽ താങ്ങും തണലുമായിരുന്നു ശൈഖ് സ്വബാഹ്. 2013 ൽ സിറിയൻ അഭയാർഥികൾക്ക് ഏറ്റവും കൂടുതൽ വ്യക്തിഗത സംഭാവന നൽകിയത് ശൈഖ് സ്വബാഹ് ആയിരുന്നു. 300 ദശലക്ഷം യു.എസ് ഡോളറാണ് അദ്ദേഹം യുദ്ധം തകർത്ത സിറിയക്കായി നൽകിയത്. സിറിയയിലെ പ്രതിസന്ധി പരിഹരിക്കാൻ 2015 ൽ 500 ദശലക്ഷം യു.എസ് ഡോളറും ഇദ്ദേഹം വാഗ്ദാനം ചെയ്തു. കുവൈത്തിന്റെ ഈ വിശാല മനസ്‌കതയെ 2017 ൽ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് വാഴ്ത്തിയത് കുവൈത്തിന് അജണ്ടകളില്ല, കുവൈത്തിന്റെ അജണ്ട സമാധാനം മാത്രമാണെന്നായിരുന്നു.  വിദേശ മന്ത്രിയായിരിക്കേ പാക്കിസ്ഥാൻ-ബംഗ്ലാദേശ്, തുർക്കി-ബൾഗേറിയ, ഫലസ്തീൻ-ജോർദാൻ രാഷ്ട്രങ്ങൾക്കിടയിലെ പ്രശ്‌നങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയും ലബനോനിലെ ആഭ്യന്തര യുദ്ധത്തിനു പരിഹാരം തേടി സമാധാന സംഭാഷണങ്ങൾക്ക്  ചുക്കാൻ പിടിച്ചും യെമൻ ആഭ്യന്തര യുദ്ധത്തിൽ യു.എൻ സംഘടിപ്പിച്ച നിരവധി യോഗങ്ങൾക്ക് അധ്യക്ഷത വഹിച്ചും ശൈഖ് സ്വബാഹ് സമാധാനത്തിന്റെ സന്ദേക വാഹകനായി മാറിയിരുന്നു. 
ഇന്ത്യയുമായി അദ്ദേഹത്തിനുണ്ടായിരുന്നത്  ഊഷ്മള സ്‌നേഹ ബന്ധം മാത്രമായിരുന്നുല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തവും സാമ്പത്തിക, വാണിജ്യ നിക്ഷേപ ഇടപാടുകളിലെ സൗഹൃദവുമായിരുന്നു. ശൈഖ് സ്വബാഹിന്റെ 2006 ജൂൺ 14 ലെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക വിനിമയങ്ങൾ ഒട്ടേറെ ശക്തി പ്രാപിച്ചിരുന്നു. പിറ്റേ വർഷം ചികിത്സക്കും വിശ്രമത്തിനുമായി പത്തു ദിവസം ചെലവഴിക്കാൻ ഇന്ത്യയിലെത്തിയതും ഇന്ത്യയോടുള്ള ഇഷ്ടം പ്രകടമാക്കുന്നതായിരുന്നു. കേരളം സന്ദർശിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും അതു സഫലമാക്കാൻ അദ്ദേഹത്തിനായില്ല. 
രണ്ടു വർഷം മുൻപ് വിദേശ മന്ത്രിയായിരുന്ന സുഷമ സ്വരാജ് കുവൈത്ത് സന്ദർശിച്ചപ്പോൾ ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും കുവൈത്തിന്റെ വികസനത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് അവഗണിക്കാനാവാത്തതാണെന്നും പറഞ്ഞത് ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം കാണിക്കുന്നതായിരുന്നു. 
തന്റെ രാജ്യം  ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ തല ഉയർത്തി തന്നെ നിൽക്കണമെന്ന കാഴ്ചപ്പാടുള്ള ഭരണകർത്താവു കൂടിയായിരുന്നു ശൈഖ് സ്വബാഹ്. കുവൈത്തിലെ രാഷ്ട്രീയ പരിഷ്‌കരണങ്ങൾ പരിശോധിച്ചാൽ ഇതു കാണാനാവും. വനിതകൾക്കുള്ള രാഷ്ട്രീയാവകാശം അടക്കം കുവൈത്തിൽ പരിവർത്തനത്തിന് നാന്ദി കുറിച്ച ഭരണ നിപുണനാണ് ശൈഖ് സ്വബാഹ്. ഇദ്ദേഹം പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന കാലത്താണ് കുവൈത്തി വനിതകൾക്ക് രാഷ്ട്രീയ അവകാശങ്ങൾ ലഭിച്ചത്. 2005 ൽ തന്റെ മന്ത്രിസഭയിൽ ആദ്യത്തെ വനിതാ മന്ത്രിയെ ഉൾപ്പെടുത്തിയും അമീറായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പങ്കാൡത്തം നൽകിയും തന്റെ ഭരണ കാലത്ത് നടന്ന മൂന്നാമത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർലമെന്റിൽ വനിതകൾക്ക്് പ്രവേശനം ലഭ്യമാക്കിയും ചരിത്രം കുറിച്ചു. 
സൈനിക സേവനത്തിൽ പ്രവേശിക്കാൻ വനിതകൾക്ക് അനുമതി നൽകിയതും ഇദ്ദേഹമായിരുന്നു. കുവൈത്തിനെ ആഗോള തലത്തിലെ ധന, വാണിജ്യ കേന്ദ്രമാക്കി പരിവർത്തിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം അമീർ എന്ന നിലയിൽ ഓരോ ദിവസവും പ്രവർത്തിച്ചുകൊണ്ടിരുന്നത്. കുവൈത്ത് ഇന്നു കൈവരിച്ചിട്ടുള്ള നേട്ടങ്ങളിൽ ഇതു പ്രകടമാണ്. അതോടൊപ്പം ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപിക്കുകയും മാധ്യമങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യാൻ അദ്ദേഹം മടിച്ചില്ല.  ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ച കുവൈത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ പോന്നതായിരുന്നു 2015 ജൂൺ 26 ന് മസ്ജിദ് ഇമാം സാദിഖ് ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം. ഇക്കാര്യത്തിൽ അദ്ദേഹം സ്വീകരിച്ച സമീപനമാണ് കുവൈത്തിനെ ഇന്നും സമാധാനമുള്ള രാഷ്ട്രമായി നിലനിർത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും കുവൈത്ത് അമീർ ശൈഖ് സ്വബാഹിന്റെ പേരിൽ റോഡുകളും സ്‌നേഹ സ്മാരകങ്ങളുമുണ്ട്. മറ്റു രാജ്യങ്ങളിൽ ഒരു രാജ്യത്തിന്റെ ഭരണാധികാരി ഇത്രയേറെ സ്‌നേഹിക്കപ്പെടുകയും അനുസ്മരിക്കപ്പെടുകയും ചെയ്തിട്ടുണ്ടോ എന്നു സംശയമാണ്. ഈ സ്മാരകങ്ങൾ മാത്രം മതിയാകും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഈ ദൂതനെ എന്നും ഓർക്കാൻ.
 

Latest News