Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാവോയിസ്റ്റ് പ്രവർത്തകരിലെ സ്ത്രീകൾ  ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നു

നിലമ്പൂർ-മാവോയിസ്റ്റ് സംഘങ്ങളിലെ സ്ത്രീകൾ കടുത്ത ലൈംഗിക ചൂഷണത്തിനു വിധേയമാകുന്നതായി പോലീസ് കസ്റ്റഡിയിലുള്ള അംഗത്തിന്റെ വെളിപ്പെടുത്തൽ. മുമ്പു തമിഴ്‌നാട് പോലീസിന്റെ പിടിയിലായ മുപ്പത്തിരണ്ടുകാരിയാണ് ഇക്കാര്യം കേരള പോലീസ് ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്തിയത്. 2020 മാർച്ച് 11-നാണ് യുവതിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തമിഴ്‌നാട് പോലീസ് ഇവരെ അന്ന് കർണാടക പോലീസിനു കൈമാറുകയായിരുന്നു. മാവോയിസ്റ്റ് പ്രവർത്തകർക്കു കേരളത്തിലെ സ്ഥലങ്ങളിൽ സാന്നിധ്യമുണ്ടായിരുന്നതിനാൽ കർണാടക പോലീസ് കേരള പോലീസിന്റെ സഹകരണം തേടിയതനുസരിച്ച് കഴിഞ്ഞ ആഴ്ചയിലാണ് കേരളത്തിൽ നിന്നുള്ള ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘം ഷിമോഗയിലെത്തി യുവതിയെ ചോദ്യം ചെയ്തത്.
മാവോയിസ്റ്റ് പ്രവർത്തകരുടെ ഇടയിലുള്ള വനിതാ പ്രവർത്തകരുടെ താത്പര്യമില്ലാതെ തന്നെ അവരെ വലിയ തോതിൽ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും എതിർക്കുന്നവരെ പാർട്ടിയിലെ സ്ഥാനങ്ങളിൽ നിന്ന് തരം താഴ്ത്തുകയോ പ്രവർത്തന കേന്ദ്രം മാറ്റുകയോ ചെയ്യുകയാണ് പതിവെന്നും യുവതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വനിതകളുടെ വിവാഹ കാര്യങ്ങളും മുതിർന്ന നേതാക്കൾ തന്നെയാണത്രെ തീരുമാനിക്കുന്നത്. എതിർക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും പോലീസിന് ഒറ്റിക്കൊടുക്കുമെന്ന ഭീഷണിയുള്ളതായും യുവതി വളിപ്പെടുത്തിയിട്ടുണ്ട്. സംഘാംഗങ്ങളായ ഭാര്യയും ഭർത്താവും ഒന്നിച്ച് ജോലി ചെയ്യുമ്പോൾ തന്നെ ഭാര്യയെ മറ്റു പുരുഷ പ്രവർത്തകരുടെ കൂടെ വിടുന്നതായും ഭർത്താക്കൻമാർക്ക് ഇതു ചോദ്യം ചെയ്യാൻ കഴിയാതെ പോകുന്നതായും യുവതി പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ടെങ്കിലും പ്രതികരിക്കാനോ പരാതി നൽകാനോ ഉള്ള സംവിധാനമില്ലാത്തതാണ് പ്രശ്‌നം സങ്കീർണമാക്കുന്നത്.
നാടുകാണി സോണൽ കമ്മിറ്റിയുടെ പൂർണ ചുമതലക്കാരനായ മുതിർന്ന പാർട്ടിയംഗത്തിന്റെ പ്രവർത്തനവും ഇതിന് തുല്യമാണെന്നാണ് വിവരം. ഈ കാരണങ്ങളാൽ പല വനിതാ പ്രവർത്തകരും പോലീസിന് കീഴടങ്ങാൻ സന്നദ്ധത കാണിക്കുന്നതായി യുവതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. 18-ാം വയസിലാണ് കർണാടക സ്വദേശിയായ യുവതി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ വന്നത്. സ്‌കൂളിൽ പോകാത്ത യുവതിയുടെ അറിവില്ലായ്മയും ദാരിദ്ര്യവുമാണ് സംഘടനയിലെത്താൻ കാരണമായതെന്നും ഇവർ പറഞ്ഞു. 2019-ൽ ആനക്കട്ടിയിൽ വെച്ച് നടന്ന എൻകൗണ്ടറിനെ തുടർന്ന് പിടിച്ചെടുത്ത രേഖകളിലും ഇക്കാര്യം സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നുണ്ട്. 2017-ൽ പോലീസ് അറസ്റ്റിലായ മറ്റൊരു സ്ത്രീയും ലൈംഗിക ചൂഷണത്തിന്റെ കാര്യം പോലിസിനോട് വ്യക്തമാക്കിയിരുന്നു.
 

Latest News