ഹത്‌റസ് പെണ്‍കുട്ടിയെ 'ക്രൂര സര്‍ക്കാര്‍ കൊന്നതാണ്'; രൂക്ഷ വിമര്‍ശനവുമായി സോണിയ

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഹത്‌റസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പെണ്‍കുട്ടിയെ ക്രൂര സര്‍ക്കാര്‍ കൊന്നതാണെന്നും സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും സോണിയ പ്രതികരിച്ചു. പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ല. ഇന്ന് നമ്മോടൊപ്പം ആ മകളില്ല. ഹത്‌റസിലെ നിര്‍ഭയ മരിച്ചതല്ല, അവളെ ക്രൂര സര്‍ക്കാരും ഭരണകൂടവും കൊന്നതാണ്- ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സോണിയ പറഞ്ഞു.

'ജീവനോടെ ഇരിക്കുമ്പോള്‍ ആ കുട്ടിയെ കേള്‍ക്കാന്‍ തയാറായില്ല. അവളെ സംരക്ഷിച്ചില്ല. മരണ ശേഷം അവളെ വീട്ടില്‍ പോലും കയറ്റാന്‍ അനുവദിച്ചില്ല. കുടുംബത്തിന് വിട്ടുകൊടുത്തില്ല. കരഞ്ഞു നിലവിളിച്ച സ്വന്തം അമ്മയെ പോലും അന്ത്യയാത്രാ മൊഴി പറയാന്‍ അനുവദിച്ചില്ല. ഇതൊരു മഹാ പാപമാണ്'- സോണിയ പറഞ്ഞു.

'മരിച്ചിട്ടു പോലും പെണ്‍കുട്ടിയുടെ അന്തസ്സിനെ മാനിക്കാന്‍ തയാറാകാതെ സംസ്ഥാന പോലീസ് നര്‍ബന്ധപൂര്‍വം ഒരു അനാഥയെ പോലെ സംസ്‌ക്കാരം നടത്തി. ഇതെന്തു നീതിയാണ്? എന്തു സര്‍ക്കാരാണിത്? നിങ്ങള്‍ക്കു എന്തും ചെയ്യാമെന്നാണോ? എല്ലാം ഈ രാജ്യം കണ്ടുനില്‍ക്കുമെന്നാണോ? ഇല്ല. ഈ രാജ്യം നിങ്ങളുടെ അനീതിക്കെതിരെ സംസാരിക്കും'- സോണി പറഞ്ഞു.
 

Latest News