Sorry, you need to enable JavaScript to visit this website.

ഞായറാഴ്ച മുതൽ മതാഫിൽ നമസ്‌കാരം അനുവദിക്കില്ല

ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമിൽ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ  

മക്ക - ഉംറ പുനരാരംഭിക്കുന്ന ഞായറാഴ്ച മുതൽ വിശുദ്ധ ഹറമിലെ മതാഫ് ത്വവാഫ് കർമം നിർവഹിക്കുന്നവർക്കു മാത്രമായി നീക്കിവെക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു. തീർഥാടകർക്ക് പ്രയാസരഹിതമായി ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കാനും തീർഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനുമാണിത്. വിശുദ്ധ ഹറമിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താൻ മുഴുവൻ മുൻകരുതൽ നടപടികളും ഹറംകാര്യ വകുപ്പ് സ്വീകരിക്കുകയും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. 


ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഹറംകാര്യ വകുപ്പ് വിർച്വൽ ഉംറ പരീക്ഷണം നടത്തി. ഹറംകാര്യ വകുപ്പ് മേധാവിയും ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിമാരും ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ ഏജൻസി മേധാവികളും പങ്കെടുത്ത ചടങ്ങിലാണ് തീർഥാടകർ ഹറമിൽ പ്രവേശിക്കുന്നതും ഉംറ കർമം നിർവഹിക്കുന്നതും ഹറമിൽ നിന്ന് പുറത്തു പോകുന്നതും ഹറമിൽ സേവനമനുഷ്ഠിക്കുന്ന ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ വിർച്വൽ രീതിയിൽ പരീക്ഷിച്ചത്. 
ഉംറ അനുമതി പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമിൽ അത്യാധുനിക തെർമൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നുണ്ട്. അണുനശീകരണ ജോലികൾക്കായി 450 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഉംറ പുനരാരംഭിക്കുന്നതോടെ ദിവസത്തിൽ 24 മണിക്കൂറും വിശുദ്ധ ഹറം അണുവിമുക്തമാക്കും. ഉപരിതലങ്ങളും നിലങ്ങളും അണുവിമുക്തമാക്കുന്നതിന് 2500 ലിറ്റർ അണുനശീകരണികൾ ഉപയോഗിക്കുന്നു. വിശുദ്ധ ഹറമിന്റെ എല്ലാ ഭാഗങ്ങളിലുമായി 300 ഇടങ്ങളിൽ ഹാന്റ് സാനിറ്റൈസറുകളും സ്ഥാപിച്ചിട്ടുണ്ട്. കാർപറ്റുകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേക അണുനശീകരണികളും ലഭ്യമാക്കിയിട്ടുണ്ട്. 


മതാഫിൽ നിന്ന് കാർപറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഉംറ തീർഥാടകരെ കഅ്ബാലയത്തിനും ഹജ്‌റുൽ അസ്‌വദിനും സമീപം എത്താൻ അനുവദിക്കില്ല. നിലവിൽ വിശുദ്ധ കഅ്ബാലയത്തിനു ചുറ്റും സ്ഥാപിച്ച ബാരിക്കേഡുകൾക്കു പുറത്താണ് ത്വവാഫ് കർമം നിർവഹിക്കാൻ തീർഥാടകരെ അനുവദിക്കുക. സംസം ബോട്ടിലുകൾ അണുവിമുക്തമാക്കി തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉംറ തീർഥാടകരെ സ്വീകരിക്കാനും ഹറമിൽ പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റുകളും ഹറമിൽ നിന്ന് പുറത്തു പോകുന്നതിനുള്ള കവാടങ്ങളും നിർണയിക്കുന്നതിനും ആൾക്കൂട്ട നിയന്ത്രണത്തിനും ഹജ്, ഉംറ മന്ത്രാലയവുമായും സുരക്ഷാ വകുപ്പുകളുമായും ഹറംകാര്യ വകുപ്പ് ഏകോപനം നടത്തും.  


ആരോഗ്യ പ്രോട്ടോകോളുകൾ പാലിച്ച് ഉംറ തീർഥാടകരെ സ്വീകരിക്കാൻ മീഖാത്തുകൾ സുസജ്ജമായതായി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. മക്കയിൽ തങ്ങാൻ ആഗ്രഹിക്കുന്ന തീർഥാടകരെ സ്വീകരിക്കുന്ന ഹോട്ടലുകളിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ടൂറിസം മന്ത്രാലയവും ഉറപ്പു വരുത്തും. മൂന്നു മന്ത്രാലയങ്ങളും ഇക്കാര്യത്തിൽ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. രോഗവ്യാപനം തടയുന്ന കർശനമായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചാണ് ഹോട്ടലുകളിൽ തീർഥാടകർക്ക് പ്രവേശനം നൽകുക. രോഗബാധ സംശയിക്കുന്ന കേസുകൾ ഐസൊലേഷനിലേക്ക് മാറ്റുന്നതിന് എല്ലാ ഹോട്ടലുകളിലും പത്തിൽ കുറയാത്ത മുറികൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ  അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി നടന്ന പ്രതിവാര മന്ത്രിസഭാ യോഗവും പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിച്ച് ഉംറ തീർഥാടകരെയും മദീനാ സന്ദർശകരെയും സ്വീകരിക്കാനും അവർക്ക് സേവനങ്ങൾ നൽകാനും വിവിധ വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങൾ വിലയിരുത്തി. 
 

Latest News