കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സംബന്ധിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെ എതിർകക്ഷികളാക്കി സിബിഐ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, ലൈഫ് മിഷൻ സിഇഒ എന്നിവരെ ഇതിന് ചുമതലപ്പെടുത്തിയിരുന്നു.
കരാറിൽ പങ്കില്ലെന്ന് സർക്കാർ ഹർജിയിൽ പറയുന്നു. റെഡ് ക്രസന്റും യൂണിടാകും തമ്മിലാണ് കാർ. സിബിഐ എഫ്‌ഐആറിലൂടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ഹർജിയിൽ സർക്കാർ ആരോപിക്കുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. സർക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിർദേശമില്ലാതെയാണ് സിബിഐ കേസ് ഏറ്റെടുത്തതെന്നാണ് സർക്കാരിന്റെ വാദം.






