Sorry, you need to enable JavaScript to visit this website.

പ്രതിഷേധം ഭയന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ബലം പ്രയോഗിച്ച് സംസ്‌കരിച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ശേഷം ദല്‍ഹി ആശുപത്രിയില്‍ മരിച്ച 19 കാരി ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം യു.പി പോലീസ് ഇരുട്ടിന്റെ മറവില്‍ ബലംപ്രയോഗിച്ച് സംസ്‌കരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കള്‍.
പോലീസ് ബലം പ്രയോഗിച്ചാണ് മൃതദേഹം കൈക്കലാക്കിയതെന്നും തന്റെ പിതാവനെ ശ്മശാനത്തിലേക്ക് പിടിച്ചു കൊണ്ടുപോയെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. അതേസമയം, കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്ന് പോലീസ് അവകാശപ്പെട്ടു.

ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് ഹത്രാസില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് സംസ്‌കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് സമ്മതിച്ചില്ലെന്നും  കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ എന്ന് വിശേഷിപ്പിച്ചു കൊണ്ട്  വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതിനിടെയാണ്  കനത്ത പോലീസ് വലയത്തില്‍  മൃതദേഹം ഹത്രാസില്‍ എത്തിച്ചത്. മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നുമുള്ള കുടുംബത്തിന്റെ നിലപാട് കണക്കിലെടുത്താണ് പോലീസ് ധൃതിപടിച്ചും ബലംപ്രയോഗിച്ചും നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ദല്‍ഹി ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി 10.10 ഓടെയാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയത്. തങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവും  സഹോദരനും ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ഭീം ആര്‍മി പ്രവര്‍ത്തകരും ചേര്‍ന്നു. സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ, സുരക്ഷയും ശക്തമാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ധര്‍ണയിരുന്നില്ലെന്നും സംഭവത്തെ ഹൈജാക്ക് ചെയ്യാന്‍ പല സംഘങ്ങളും ശ്രമിക്കുകയാണെന്നും ദല്‍ഹി പോലീസ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്ക് പോകാനായിരുന്നു താല്‍പര്യം. എന്നാല്‍ പല സംഘങ്ങളും വിഷയം ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അവര്‍ എസ്.ഡി.എമ്മിനും ഹത്രാസ് സര്‍ക്കിള്‍ ഓഫീസര്‍ക്കുമൊപ്പം മടങ്ങിയെന്നും ദല്‍ഹി പോലീസ് പറഞ്ഞു.

ഈ മാസം പതിനാലിനാണ് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍ അമ്മയ്‌ക്കൊപ്പം വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നാവ് മുറിഞ്ഞതടക്കം ഗുരുതരമായ പരിക്കുകളോടെയാണ് ആദ്യം പെണ്‍കുട്ടിയെ അലിഗഢ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രയിലും പ്രവേശിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ഇരുകാലും പൂര്‍ണമായും തളരുകയും കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് ദല്‍ഹിയിലേക്ക്  മാറ്റിയത്. പരാതി നല്‍കിയിട്ടും ആദ്യം പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. സമ്മര്‍ദം ശക്തമായതിനു പിന്നാലെയാണ്
പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് പോലീസ് സൂപ്രണ്ട് അറിയിച്ചു.

 

Latest News