Sorry, you need to enable JavaScript to visit this website.

അബ്ദുള്ളക്കുട്ടിക്ക് പദവി നല്‍കിയത് ദഹിക്കാതെ പി.പി. മുകുന്ദന്‍

പ്രതിയോഗികളുടെ ബന്ധുക്കള്‍ക്കാണ് അവസരം ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എ.പി. അബ്ദുള്ളക്കുട്ടി, മുകുള്‍ റോയ് തുടങ്ങിയവര്‍ക്ക് പദവി നല്‍കിയതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മുകുന്ദന്റെ മുന്നറിയിപ്പ്.

കോഴിക്കോട്- പാര്‍ട്ടിക്കും പരിവാര്‍ പ്രസ്ഥാനത്തിനുംവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ അവഗണിച്ച് പുതുതായി ചേക്കേറിയവരെ നേതൃപദവിയിലേക്ക് നിയോഗിക്കുന്ന രീതിക്കെതിരേ മുതിര്‍ന്ന ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്‍.

പ്രതിയോഗികളുടെ ബന്ധുക്കള്‍ക്കാണ് അവസരം ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എ.പി. അബ്ദുള്ളക്കുട്ടി, മുകുള്‍ റോയ് തുടങ്ങിയവര്‍ക്ക് പദവി നല്‍കിയതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മുകുന്ദന്റെ മുന്നറിയിപ്പ്.

ഗണഗീതങ്ങളിലൂടെയും വ്യക്തിഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയംസേവകരിലേക്ക് പകരുന്ന ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ആര്‍.എസ്.എസിനെ മറ്റു പ്രസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാര്‍ രാഷ്ട്രീയത്തിനു ചേര്‍ന്നതാണോ എന്നും ചിന്തിക്കണം. പ്രസ്ഥാനത്തിനൊപ്പം പ്രവര്‍ത്തകരും പടിപടിയായി വളര്‍ന്ന് ഉത്തരവാദിത്വസ്ഥാനങ്ങളില്‍ എത്തുന്നതായിരുന്നു പരിവാര്‍ രാഷ്ട്രീയരീതി. ഇതൊന്നുമില്ലാതെതന്നെ പരിവാര്‍ രാഷ്ട്രീയത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ കുറെപ്പേര്‍ എത്തിയെന്നത് വസ്തുതയാണ്. മുമ്പ് ഇങ്ങനെവന്ന ചിലര്‍ പിന്നീട് പ്രസ്ഥാനത്തിന്റെ ശത്രുപക്ഷത്ത് എത്തിയെന്നതും കാണാതിരുന്നുകൂടാ. ഈ അവസ്ഥ വന്നാല്‍ അത് പ്രസ്ഥാനത്തിലെ നല്ല പ്രവര്‍ത്തകരെ നിസ്സംഗരാക്കും. പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കള്‍ക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുന്നതൊന്നും ശരിയായ കീഴ് വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം, പക്ഷേ, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ചോരനീരാക്കിയവര്‍ക്ക് ഇത് വേദനയുണ്ടാക്കും. അവര്‍ നിസ്സംഗരായിമാറിയാല്‍ ആരാണ് തെറ്റുകാര്‍? മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ മുന്നോട്ടുനയിച്ചില്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ക്ക് സംഘടനാപരമായി വലിയ വിലകൊടുക്കേണ്ടിവരും-  മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News