ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കോമയിലായി, ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും തടവ്

ദുബായ്- ചികിത്സാവീഴ്ച മൂലം സ്വദേശി യുവതി കോമയിലായ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് തടവും പിഴയും. ദുബായ് പരമോന്നത കോടതിയാണ് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും 51,000 ദിര്‍ഹം താല്‍ക്കാലിക പിഴയും ശിക്ഷ വിധിച്ചത്. 
ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായ റൗദ അബ്ദുല്ല അല്‍മഈനി(25) ആണ് കോമയിലായത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള ഇ.എന്‍.ടി സര്‍ജന്‍, സിറിയക്കാരനായ അനസ്തീഷ്യന്‍, സിറിയക്കാരനായ ടെക്നീഷ്യന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളെ ശിക്ഷാകാലയളവിന് ശേഷം നാടുകടത്തും. മെഡിക്കല്‍ സെന്ററിന് 300,000 ദിര്‍ഹം പിഴയും കോടതി ചുമത്തി.
മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികളെയും സാക്ഷികളെയും മാസങ്ങളോളം ചോദ്യം ചെയ്തിരുന്നു. 2019 നവംബര്‍ 20 ന് അന്വേഷണ സംഘത്തിന് സമര്‍പ്പിച്ച അന്തിമ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ സ്റ്റാഫ് ചികിത്സാപിഴവ് വരുത്തിയതായി സ്ഥരീകരിച്ചു. 2019 ഏപ്രില്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. 
ഓപ്പറേറ്റിംഗ് ടേബിളില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തലച്ചോറിന് ഓക്സിജന്‍ ലഭിക്കാത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെ സിവില്‍ കേസ് ചര്‍ച്ച ചെയ്യാന്‍ റൗദയുടെ പിതാവിനെ കാണുമെന്ന് അഭിഭാഷകന്‍ ബിന്‍ ഹൈദര്‍ പറഞ്ഞു.

Latest News