Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ വർക് ഷോപ്പുകളുൾപ്പെടെ  2500 സ്ഥാപനങ്ങൾ അടപ്പിച്ചു

ദക്ഷിണ ജിദ്ദയിലെ ഇസ്‌കാൻ സ്ട്രീറ്റിൽ വൈദ്യുതി വിഛേദിച്ച് അടപ്പിച്ച വർക്ക് ഷോപ്പുകളും സ്ഥാപനങ്ങളും 

ജിദ്ദ - ദക്ഷിണ ജിദ്ദയിൽ ഇസ്‌കാൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന 2500 വ്യാപാര സ്ഥാപനങ്ങളിലേക്കും വർക്ക് ഷോപ്പുകളിലേക്കും ഗോഡൗണുകളിലേക്കുമുള്ള വൈദ്യുതി ഇന്നലെ വിഛേദിച്ചു. അൽവസീരിയ ഡിസ്ട്രിക്ടിൽ ഇസ്‌കാൻ സ്ട്രീറ്റ് മുതൽ മഹ്ജർ സ്ട്രീറ്റ് വരെയുള്ള സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിയാണ് വിഛേദിച്ചത്. കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ വഖഫ് പദ്ധതി പരിധിയിൽ നിയമ വിരുദ്ധമായി നിർമിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 2500 സ്ഥാപനങ്ങളാണ് വൈദ്യുതി വിഛേദിച്ച് അധികൃതർ അടച്ചുപൂട്ടിയത്. പ്രദേശത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിടുകയായിരുന്നു. 


ഇസ്‌കാൻ സ്ട്രീറ്റിൽ വർക്ക് ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവർത്തിക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിയാൻ ആവശ്യപ്പെട്ട് ഉടമകൾക്ക് കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ വഖഫ് പദ്ധതി അധികൃതർ ഒരു മാസം മുമ്പ് മുഹർറം 11 ന് നോട്ടീസ് നൽകിയിരുന്നു. കെട്ടിടങ്ങളും സ്ഥലങ്ങളും ഒഴിയാൻ ഒരു മാസത്തെ സാവകാശമാണ് അനുവദിച്ചിരുന്നത്. ഇത് അവസാനിച്ചതോടെയാണ് വ്യാപാര സ്ഥാപനങ്ങളിലേക്കും വർക്ക് ഷോപ്പുകളിലേക്കുമുള്ള വൈദ്യുതി അധികൃതർ ഇന്നലെ വിഛേദിച്ച് സ്ഥാപനങ്ങൾ അടപ്പിച്ചത്. 


അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പ്രദേശത്തെ മുഴുവൻ കെട്ടിടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി ഇന്നലെ രാവിലെ ഒമ്പതിനാണ് വിഛേദിച്ചതെന്ന് കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ വഖഫ് പദ്ധതിക്കു കീഴിൽ ഭൂമി, സ്വത്തുവക വിഭാഗം മേധാവി മുഹമ്മദ് അൽശരീഫ് പറഞ്ഞു. ഇവിടെ ആകെ 2500 വർക്ക് ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളുമാണുള്ളത്. യാതൊരു വിധ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥാപിച്ച ഈ വർക്ക് ഷോപ്പുകൾക്ക് സുരക്ഷ ഒരുക്കൽ സർക്കാറിന് കടുത്ത ഭാരമാണ്. പ്രദേശത്തെ ശുചീകരണ ജോലികളും ഇവിടെ ഗതാഗതം ക്രമീകരിക്കലും ജിദ്ദ നഗരസഭക്കും ട്രാഫിക് പോലീസിനും അധിക ഭാരം നൽകുന്നു. പ്രദേശത്ത് മലിനജല, ശുദ്ധജല പൈപ്പ് ലൈനുകൾ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളില്ലാത്തതും ബന്ധപ്പെട്ട വകുപ്പുകൾക്ക് വലിയ ഭാരമായി മാറുകയാണെന്നും മുഹമ്മദ് അൽശരീഫ് പറഞ്ഞു. 


ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ ദൂരെ ഖുലൈസിന് കിഴക്കുള്ള വാദി ഫാതിമയിൽ നിന്ന് വെള്ളം എത്തിച്ച് ജിദ്ദയിൽ വിതരണം ചെയ്യുന്നതിന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശാനുസരണം ഹിജ്‌റ 1367 ലാണ് ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ വഖഫ് പദ്ധതി സ്ഥാപിച്ചത്. കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ വഖഫ് പദ്ധതിയുടെ ഭാഗമായി ഹിജ്‌റ 1387 ൽ ഖുലൈസിൽ നിന്നും ജിദ്ദയിൽ വെള്ളം എത്തിക്കാൻ തുടങ്ങി. ഹിജ്‌റ 1389 വരെ ജിദ്ദ നിവാസികളുടെ ജലയാവശ്യത്തിനുള്ള ഏക സ്രോതസ്സായിരുന്നു കിംഗ് അബ്ദുൽ അസീസ് ഐൻ അൽഅസീസിയ വഖഫ് പദ്ധതി. 


 

Tags

Latest News