Sorry, you need to enable JavaScript to visit this website.

കോൺഗ്രസിൽ എല്ലാവരേയും  തൃപ്തിപ്പെടുത്തുക  ദുഷ്‌കരമെന്ന് മുല്ലപ്പള്ളി 

തിരുവനന്തപുരം- കോൺഗ്രസ് പോലൊരു പ്രസ്ഥാനത്തിൽ എല്ലാവരെയും സംതൃപ്തിപ്പെടുത്തി  ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്‌കരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി പുനഃസംഘടന ഒരു നീണ്ട പ്രകിയയാണെന്നും അതു നീണ്ടുപോയതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമർശനം ഉൾക്കൊള്ളുന്നു. എല്ലാവിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം കൊടുക്കാൻ ഒരു പരിധിവരെ കഴിഞ്ഞു. എങ്കിലും അർഹതയുള്ള പലരെയും ഉൾപ്പെടുത്താൻ സാധിച്ചില്ല. മനപ്പൂർവ്വം ആരേയും ഒഴിവാക്കിയിട്ടില്ല. താനടക്കമുള്ള കെ.പി.സി.സി ഭാരവാഹികൾ എല്ലാം തികഞ്ഞവരല്ല. ന്യൂനതകളും പോരായ്മകളും എല്ലാവർക്കും കാണും.അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.ആശയ സംഘർഷങ്ങൾ ആകാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല.


കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിചയസമ്പത്തും യുവത്വവും ചേർന്ന ഫോർമുലയാണ് കാലങ്ങളായി കോൺഗ്രസ് പിന്തുടരുന്നത്.പരിണത പ്രജ്ഞരായ മുതിർന്ന നേതാക്കളും ഊർജസ്വലരും അച്ചടക്കമുള്ളവരും ആശയ വ്യക്തതയുള്ളവരും ഉൾപ്പെടുന്ന യുവതലമുറയും ചേർന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളത്. ഇവരണ്ടും പരസ്പരം വിശ്വാസത്തോടെയും അതിലേറെ ഹൃദയബന്ധത്തോടെയും നീങ്ങിയതാണ് കോൺഗ്രസിന്റെ ചരിത്രം. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള വേദി എന്നും കോൺഗ്രസിലുണ്ട്. താൻ അധ്യക്ഷനായ അന്നു മുതൽ പാർട്ടി വേദികളിൽ പരിപൂർണ ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
അച്ചടക്കം,ഐക്യം,സംഘബോധം എന്നിവ ഉണ്ടെങ്കിൽ നമുക്ക് അസാധ്യമായി ഒന്നും തന്നെയില്ല.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്ന് അടിയുമെന്നാണ് ശത്രുക്കൾ പ്രചരിപ്പിച്ചത്. എന്നാൽ 20 ൽ 20 സീറ്റും നേടാൻ കഴിയുമെന്ന് ആത്മവിശ്വാസം താൻ അന്നു പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നമുക്ക് 19 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞു. നമ്മുടെ ഐക്യവും അച്ചടക്കവും ഒരുമയും കൊണ്ടാണ് അത് സാധ്യമായത്.


അഴിമതിയിൽ മുങ്ങിത്താണ സർക്കാർ കോവിഡിന്റെ മറവിൽ കൊള്ളനടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പൂർണമായും പാളി. രോഗികൾക്ക് ആവശ്യമായ കിടക്കകളോ വെന്റിലേറ്റർ സൗകര്യമോയില്ല.രോഗവ്യാപനം നിയന്ത്രണാതീതമായി പോകുന്നതിനാലാണ് സർക്കാരിൻെറയും മന്ത്രിമാരുടേയും അഴിമതിക്കെതിരായ പ്രത്യക്ഷ പോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്.പ്രതിപക്ഷം എടുത്ത വിവേകപൂർവ്വമായ ആ തീരുമാനത്തെ പരിഹസിക്കാനാണ് മന്ത്രി തോമസ് ഐസക് ശ്രമിക്കുന്നത്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയുള്ള കേസുകളിൽ ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും അഴിമതിക്ക് മുഖ്യമന്ത്രി കൂട്ട് നിൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.അതിൽ എന്താണ് തെറ്റുള്ളത്. കേരളത്തിലാദ്യമാണ് ഭരണ പക്ഷത്തുള്ള പാർട്ടി പ്രതിപക്ഷത്തിന് എതിരെ സമരം ചെയ്യുന്നത്.എൽ.ഡി.എഫ് സമരം ചെയ്യുമ്പോൾ കോവിഡ് പടരില്ലെയെന്നും ചെന്നിത്തല ചോദിച്ചു.

 

Latest News