Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശാരദ എന്ന മുത്തശ്ശി; ലോഹി കണ്ടെത്തിയ അപൂർവ മുത്ത്

പാലക്കാട്- മണ്ണിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളേയും അതിന് ചേരുന്ന അഭിനേതാക്കളേയും തേടിഅലഞ്ഞു നടക്കുന്ന പതിവുള്ളയാളായിരുന്നു മൺമറഞ്ഞ അതുല്യപ്രതിഭ ലോഹിതദാസ്. അത്തരമൊരു യാത്രയിലാണ് ശാരദാ നായർ എന്ന മുത്തശ്ശി കണ്ണിൽ തടയുന്നത്. കന്മദം എന്ന സിനിമയിലെ മുത്തശ്ശിയായി താൻ വിഭാവനം ചെയ്ത മുഖം കണ്ടെത്തിയ സന്തോഷത്തിലായിരുന്നു പിന്നീട് അദ്ദേഹം. മോഹൻലാലും മഞ്ജു വാര്യരും അടക്കമുള്ള സമ്പന്നമായ താരനിരക്കൊപ്പം ഒരു തുടക്കക്കാരിയുടെ തപ്പലൊന്നുമില്ലാതെയാണ് ശാരദാ നായർ കത്തിക്കയറിയത്. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ ദൃശ്യങ്ങൾ ശരാശരി സിനിമാ പ്രേമികൾക്ക് മറക്കാനാവില്ല, മോഹൻലാലിനൊപ്പം ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മുത്തശ്ശിയുടെ മോണകാട്ടിയുള്ള ചിരിയും. 
1998ൽ പുറത്തിറങ്ങിയ കന്മദമെന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ശാരദാ നായർക്ക് വയസ്സ് 69. തത്തമംഗലത്ത് അവരുടെ വീടിനടുത്ത് താമസിക്കുന്ന മറ്റൊരു സ്ത്രീയെ മുത്തശ്ശി വേഷത്തിലേക്ക് പരിഗണിക്കാനെത്തിയതായിരുന്നു ലോഹി. ആ സ്ത്രീക്ക് തന്റെ മനസ്സിലുള്ള പ്രായം തോന്നിക്കില്ലെന്ന് അദ്ദേഹത്തിന് തോന്നി. അതിനിടയിലാണ് സമീപത്തെ മറ്റൊരു വീടിനു മുന്നിലുണ്ടായിരുന്ന ശാരദാ നായരെ കാണുന്നത്. സിനിമയിൽ അഭിനയിക്കാമോ എന്ന ചോദ്യം വന്നു. സന്തോഷത്തോടെ അത് സ്വീകരിക്കുകയും ചെയ്തു.
പലരും കരുതുന്നതു പോലെ തനി നാട്ടിൻപുറത്തുകാരിയായിരുന്നില്ല ശാരദാ നായർ. ഭർത്താവ് പുത്തൻവീട്ടിൽ പത്മനാഭൻ നായർക്ക് ഒരു പ്രമുഖ ഓയിൽ കമ്പനിയിലായിരുന്നു ജോലി. കേരളത്തിന് പുറത്ത് പലയിടത്തും കുടുംബസമേതം താമസിച്ചു. വിശ്രമജീവിതത്തിലേക്ക് കടന്നപ്പോഴാണ് തത്തമംഗലത്ത് വന്ന് താമസമാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം തനിച്ചായി താമസം. മക്കളെല്ലാം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പുറത്തായിരുന്നു. മികച്ച പുസ്തകവായനക്കാരിയായിരുന്ന അവർ വായനയിൽ മുഴുകിയും എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചും മുന്നോട്ടു പോകുമ്പോഴാണ് ലോഹിയുടെ രൂപത്തിൽ സിനിമയിലേക്കുള്ള വാതിൽ മുന്നിൽ തുറക്കപ്പെടുന്നത്. 
അഭിനയത്തിൽ മുൻപരിചയമില്ലാത്ത ഒരു സ്ത്രീ ആദ്യ സിനിമയിൽ മികച്ച അഭിപ്രായം നേടി. അതിനു ശേഷമാണ് ജയറാം നായകനായ പട്ടാഭിഷേകം എന്ന സിനിമയിലെ വേഷം തേടിയെത്തിയത്. ആ സിനിമയും വിജയമായിരുന്നു. ശാരദാ നായരുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ പിന്നീടവരെ വെള്ളിത്തിരയിൽ കണ്ടില്ല. മക്കളാരും കൂടെയില്ലാത്തതിനാൽ ചലച്ചിത്രലോകത്തിനു പിറകേ പോകാനുള്ള സമയം അവർക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ വെറും രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച് പ്രശസ്തയായ ശാരദാ നായർ തന്റെ വായനാ ലോകത്തേക്ക് തന്നെ മടങ്ങിപ്പോയി. എട്ടു മാസം മുമ്പ് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് കിടപ്പിലാവുന്നതു വരെ അവരെ മുന്നോട്ടു നയിച്ചിരുന്നത് പുസ്തകങ്ങളുമായുള്ള ആ ചങ്ങാത്തം തന്നെയാണ്. ഇന്ന് രാവിലെയാണ് ശാരദ നായര്‍ അന്തരിച്ചത്. ഭർത്താവ്- പരേതനായ പുത്തൻവീട്ടിൽ പത്മനാഭൻ നായർ. മക്കൾ- ശകുന്തള, ചന്ദ്രമോഹൻ, ജയമാല. മരുമക്കൾ- രമേഷ്, സതി, വിവേക്. 

Latest News