ബംഗളൂരു നഗരത്തെ അവഹേളിക്കുന്നു; ബി.ജെ.പി മാപ്പ് പറയണമെന്ന് കുമാരസ്വാമി

ബംഗളൂരു- ബംഗളൂരു നഗരത്തെ ഭീകരവാദ കേന്ദ്രമായി വിശേഷിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലർ നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. നഗരത്തെ ഭീകര കേന്ദ്രമായി വിശേഷിപ്പിക്കുന്നവർ സ്വന്തം നേതാക്കളെ തന്നെയാണ് അവഹേളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയുടെ കേന്ദ്രമായ ബംഗളൂരുവില്‍ എന്‍.ഐ.എയുടെ ഓഫീസ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്വി സൂര്യ ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. അസുഖത്തെ തുടർന്ന്​ എയിംസിൽ ചികിത്സയിലായിരുന്ന അമിത് ഷാ മടങ്ങിയെത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്.

ജനതാദളിനു പുറമെ, തേജസ്വിക്കെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നു. ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അദ്ദേഹം ബംഗളൂരുവിനെ കൊല്ലുകയാണ്, ഇത് ബി.ജെ.പിക്ക് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമിത്ഷായുടെ ഇപ്പോഴത്തെ വസതിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയതായി തേജസ്വി സൂര്യ പറഞ്ഞിരുന്നു.

Latest News