Sorry, you need to enable JavaScript to visit this website.
Tuesday , October   27, 2020
Tuesday , October   27, 2020

ഭരണകൂട ഭീകരതയുടെ ഇന്ത്യൻ ദൃശ്യങ്ങൾ 

ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കർഷക ബിൽ പാസാക്കിയത്  പോലെ തന്നെയാണ് ഒരു അട്ടിമറിയിലൂടെ മാസങ്ങൾക്ക് മുമ്പ് പൗരത്വ ഭേദഗതി ബില്ലും പാസാക്കിയത്. കോവിഡ് മഹാമാരി മൂലം പ്രസ്തുത ബില്ലിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾ കുറഞ്ഞുവെങ്കിലും ഇതേ കോവിഡിന്റെ മറവിൽ അതിനായുള്ള ചരടുവലികൾ വീണ്ടും നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ഭരണകൂട ഭീകരത. ദിവസങ്ങൾക്ക് മുമ്പ് പൗരത്വ സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്രം അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 
അവസാനമായി കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെ  അവരുൾപ്പെടെയുള്ളവർക്ക് ദൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറഞ്ഞ് ദൽഹി പോലീസ് കുറ്റപത്രം നൽകിയിരിക്കുന്നു. ഇവർ മാത്രമല്ല, പൗരത്വ ബില്ലിനെതിരെയും ജനാധിപത്യ വിരുദ്ധമായ കേന്ദ്ര നടപടികൾക്കെതിരെയും ശബ്ദമുയർത്തിയ വിദ്യാർത്ഥികളടക്കം  സാമൂഹിക  സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസുമായി മുന്നോട്ട്  പോയിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം. ദൽഹിയിൽ നടന്ന വംശീയ ഹത്യാ ശ്രമത്തിന്റെ ഭാഗമായി നടന്ന കലാപത്തിന്റെ ഉത്തരവാദിത്തം വംശീയകരണത്തെ എതിർത്തിരുന്ന പൗരാവകാശ പ്രവർത്തകരെ തന്നെ പ്രതി ചേർത്ത് കുറ്റപത്രം നൽകിക്കൊണ്ടിരിക്കുകയാണ്.  യു.എ.പി.എ ചേർത്ത് തടവിലാക്കുന്നവരിൽ എല്ലാവരും തന്നെ പൗരാവകാശ ബില്ലിനെ എതിർത്തിരുന്നവരാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണത്തിന് മുൻപന്തിയിലുണ്ടായിരുന്ന എ.ഒ. ഹ്യൂം അലസത കൈവെടിഞ്ഞ്്് കർമോന്മുഖരാകുവാൻ  ഇന്ത്യക്കാരെ ആഹ്വാനം ചെയ്തുകൊണ്ട് 1886   ൽ എഴുതിയ ലഘുകാവ്യത്തിൽ പറഞ്ഞ കാര്യം ഇന്ന് ഒന്നുകൂടി ആഹ്വാനം ചെയ്യേണ്ട സ്ഥിതി വിശേഷമാണുള്ളത്.  ആ കാവ്യം ഇങ്ങനെയായിരുന്നു.
'ഇന്ത്യയുടെ മക്കളെ,  
എന്തേ അലസരായിരിക്കാൻ,
നിങ്ങൾ ഏതെങ്കിലും  ദേവന്മാരെ കാത്തിരിക്കയാണോ?
ഉദ്യമത്തിനൊരുങ്ങൂ, ഉയരൂ, കർമബദ്ധരാകൂ!
രാഷ്ട്രങ്ങൾ സ്വയം സൃഷ്ടിക്കപ്പെട്ടവയാണ്!
നിങ്ങൾ അടിമകളോ, അതോ സ്വതന്ത്രരോ,
തണലുകളിൽ അടിപണിയുന്നവരോ?
എല്ലാം നിങ്ങളുടെ കൈകളിൽ തന്നെയാണ്,
അവരവരാൽ തന്നെയാണ് രാഷ്ട്രങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.'
അതുപോലെ ഗൂഢാലോചനയോട് കൂടി നടന്ന ഒന്നാണ് ദൽഹി കലാപം.  എന്നാൽ അക്രമത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം ആക്രമണത്തിന് ഇരയായവർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചു വരുന്നത്. സമാധാനപരമായാണ് സി.എ.എ  വിരുദ്ധ പ്രക്ഷോഭം നടന്നു വന്നത്. അത് കലാപവുമായി കൂട്ടിക്കലർത്താനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. അറസ്റ്റ് ചെയ്ത് കേസ് ചുമത്തിയവരിലധികവും സി.എ.എ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവരാണ്. കലാപത്തിലെ യഥാർത്ഥ പ്രതികളാകട്ടെ, പുറത്ത് വിലസി നടക്കുകയാണ്. ഇത് തികച്ചും  ഗൂഢാലോചനയുടെ ഫലമാണ്.  
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ദൽഹി കലാപത്തെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചന. ഇതുമൂലം സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.  സി.എ.എ വിരുദ്ധ പ്രക്ഷോഭകരാണ് ദൽഹി കലാപത്തിന് പിന്നിൽ എന്ന് പാർലമെന്റിൽ പറയാൻ വരെ കേന്ദ്ര ആഭ്യന്തര മന്ത്രി ധൈര്യം കാണിച്ചിരിക്കുകയാണ്. ഒരു അന്വേഷണവും നടത്താതെയുള്ള ഈ          പ്രസ്താവന തികച്ചും അപലപനീയമാണ്. അൻപത്തിമൂന്ന് പേർക്കാണ് ദൽഹി കലാപത്തിൽ ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് അവിടെ ഉണ്ടായത്. ഇതിന്റെ പേരിൽ എഫ്.ഐ.ആർ സമർപ്പിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട ജഡ്ജിയെ ഒറ്റ രാത്രി കൊണ്ടാണ് സ്ഥലം മാറ്റിയത്. ഇവിടെ ചിത്രം വ്യക്തമാണ്. എഴുതി തയാറാക്കിയ തിരക്കഥ നടപ്പിലാക്കുക എന്ന പ്രവൃത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ദൽഹി പോലീസ്  ചെയ്തുകൊണ്ടിരിക്കുന്നത്. ദൽഹി കലാപത്തിനെതിരെ ഒരു ജുഡീഷ്യൽ അന്വേഷണമാണ് നടക്കേണ്ടത്. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ അത് ഉണ്ടാവുക പ്രയാസമാണ്.
രാജ്യം മൊത്തം അറസ്റ്റിലാവുകയാണോ എന്ന് സംശയിക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പുതിയ പുതിയ അറസ്റ്റുകളുടെയും കേസുകളുടെയും വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.  അറസ്റ്റ് മൂലം തടവിലാക്കപ്പെടുന്നത് രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ബുദ്ധിജീവികളും അഭിഭാഷകരും മാധ്യമ പ്രവർത്തകരും  കലാ പ്രവർത്തകരും തുടങ്ങി വിദ്യാർത്ഥി നേതാക്കൾ വരെയാണ്.  അനേകായിരം ജീവത്യാഗം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്ന നമ്മുടെ ഇന്ത്യാ രാജ്യത്താണ് ഇപ്രകാരം നടക്കുന്നത്. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞയായ പ്രൊഫ. ജയതി ഘോഷ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ്, ദൽഹി യൂനിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ അക്കാദമിസ്റ്റുമായ അപൂർവാനന്ദ് എന്നിവർക്കെതിരെ കുറ്റപത്രം   ചുമത്തിയിരിക്കുകയാണ്. കേന്ദ്ര ഭരണത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ ഓരോരോ കേസുകളിലായി വേട്ടയാടപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുകയാണിപ്പോൾ. കേന്ദ്ര വർഗീയ അജണ്ട നീക്കങ്ങൾക്കെതിരെ നില കൊണ്ടവരെല്ലാം തടവറക്കുള്ളിലാവുകയാണ്. ഒരു എം.എൽ.എ യുടെ കലാപത്തിനുള്ള ആഹ്വാനത്തെ തുടർന്ന് വടക്കു കിഴക്കൻ ദൽഹിയിൽ നടന്ന വംശീയഹത്യാ ശ്രമത്തിലും തുടർന്നു നടന്ന കലാപത്തിലും ഉള്ള യഥാർത്ഥ പ്രതികളെ  അറസ്റ്റ് ചെയ്യാൻ തയാറാകാത്ത ആഭ്യന്തര കാര്യാലയത്തിന് കീഴിലുള്ള പോലീസ് ഫാസിസ്റ്റ് വിരുദ്ധ ചേരികളിലെ രാഷ്ട്രീയ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും വിദ്യാർത്ഥി നേതാക്കളെയും  തെരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയാണ്. അവർക്കെതിരെ കേസുകൾ ചുമത്തി തടവിലിടുകയാണ്. 
ഡോ. കഫീൽ ഖാൻ, ജാമിഅ മില്ലിയ വിദ്യാർത്ഥികളായ ഡോ. സഫൂറ സർഗാർ, മീരാൻ ഹൈദർ, ആസിഫ് ഇഖ്ബാൽ തൻഹാ, ജാമിഅ കോർഡിനേഷൻ കമ്മിറ്റി അംഗം ഷിയാ ഉർറഹ്മാൻ, ജെ.എൻ.യു വിദ്യാർത്ഥി ഷർജിൽ ഇമാം, ഖാലിദ് സെയ്ഫി, കോൺഗ്രസിന്റെ വനിതാ നേതാവ് ഇസ്രത്ത് ജഹാൻ, വനിതാ കൂട്ടായ്മാ പ്രവർത്തകരായ ദേവാംഗന കലിത, നടാഷ നേവൽ, ഗുൽ ഷിഫാ ഫാത്തിമ, അലീഗഢ് സർവകലാശാലയിലെ വിദ്യാർത്ഥി ഷർജിൻ ഉസ്മാനി എന്നിവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്.  
അക്രമോത്സുകരായ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ജനകീയ അടിത്തട്ടിൽ നിന്ന് പ്രതിരോധമാകുന്ന എല്ലാ രാഷ്ട്രീയ ധാരകളും ഈ രാജ്യത്ത് വേട്ടയാടുകയാണ്, തടവിലാക്കപ്പെടുകയാണ്. ഇപ്പോൾ വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറിലേറെ ദേശീയ, രാജ്യാന്തര പ്രശസ്തരായ പണ്ഡിതരും അക്കാദമിസ്റ്റുകളും കലാകാരന്മാരും രംഗത്ത് വന്നിരിക്കുകയാണ്. ഉമർ ഖാലിദിനെതിരെ നടക്കുന്നത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച വേട്ടയാണെന്നും ദൽഹി പോലീസ്  അദ്ദേഹത്തിനെതിരെ വ്യാജ കുറ്റം ചുമത്തിയാണ്  കിരാത നിയമമായ യു.ഇ.പി.ഇ.എ ചുമത്തിയതെന്നും യു.എസ് ചിന്തകൻ നോം ചോസ്‌കി, രാജ്യാന്തര പ്രശസ്ത എഴുത്തുകാരായ സൽമാൻ റുഷ്ദി, അരുന്ധതി  റോയ്, അമിതാവ് ഘോഷ്, രാമചന്ദ്ര ഗുഹ, രാജ്‌മോഹൻ ഗാന്ധി, സംവിധായകരായ മീരാ നായർ, ആനന്ദ് പട്‌വർധൻ, ചരിത്ര പണ്ഡിതരായ റൊമില ഥാപ്പർ, ഇർഫാൻ ഹബീബ്, സാമൂഹ്യ പ്രവർത്തകരായ മേധാ പട്കർ, അരുണ റോയ് തുടങ്ങി 208  പ്രമുഖർ ഒപ്പുവെച്ച കത്തിൽ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ  പ്രതിഷേധിച്ചതിന്റെ പേരിൽ   അനീതിപരമായി  വ്യാജ കുറ്റം ചുമത്തപ്പെട്ട എല്ലാവരെയും സ്വാതന്ത്രരാക്കണമെന്ന് ഇവർ നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.
  രാജ്യത്ത് നടന്നിട്ടുള്ള അധിനിവേശ വിരുദ്ധവും സ്വാതന്ത്ര്യ പ്രേരിതവുമായ സമരങ്ങളിലെ പോരാളികളെയും  പ്രദേശങ്ങളെയും മതവും ജാതിയും നോക്കി തരം തിരിക്കാനും തമസ്‌കരിക്കാനുമുള്ള ശ്രമമാണ് ഇന്നിപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ട. തീർച്ചയായും ഇത് ഫാസിസ്റ്റുകൾ പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്ര നിർമിതിയുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥങ്ങളിൽ  നിന്നും മലബാറിലെ ഖിലാഫത്ത് സമരത്തെ വെട്ടി മാറ്റുന്ന കേന്ദ്ര ചരിത്ര ഗവേഷണ വിഭാഗത്തിന്റെ നീക്കം. ഖിലാഫത്ത് സമരത്തെ തമസ്‌കരിച്ചുകൊണ്ടുള്ള ഫാസിസ്റ്റ് നിർമിത സ്വാതന്ത്ര്യ സമര ചരിത്രം ശരിക്കും പറഞ്ഞാൽ പൂവില്ലാതെ പൂക്കളം തീർക്കുന്നത് പോലെയാണ്.
  മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് പോകുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ കേന്ദ്രം കളിക്കുന്നത്. അതിനെതിരെ   മതേതര മനസ്സുകൾ ഒറ്റക്കെട്ടായി പൊരുതണം. കേന്ദ്ര പദ്ധതികൾ പ്രഖ്യാപിക്കുന്ന ഘട്ടത്തിലെല്ലാം  പൗരന്റെ ജാതിയും മതവും ആവശ്യപ്പെടുന്ന സാഹചര്യം ഖേദകരമാണ്, അപകടകരമാണ്. അവസാനമായി ആരോഗ്യ ഐ.ഡിയുമായി ബന്ധപ്പെട്ട് ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ തയാറാക്കിയ കരടുരേഖ തീർച്ചയായും പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ജനാധിപത്യവും മതേതരത്വവും തകർക്കപ്പെടുകയാണിവിടെ.
  ഇന്ന് കേന്ദ്ര സർക്കാരും അവരുടെ അജണ്ട നടപ്പാക്കാനായി ഓടി നടക്കുന്നവരും ഒരു സമുദായത്തെ മാത്രം ഭീകര പട്ടികയിൽ ചേർക്കാനാണ് ശ്രമിക്കുന്നത്. ഭഗത് സിംഗിനെ തൂക്കിക്കൊന്നതും ഗാന്ധിജിയെ വധിച്ചതും ഇന്ദിരാഗാന്ധിയെ കൊല ചെയ്തതും രാജീവ് ഗാന്ധിയെ വക വരുത്തിയതും ഇവർ കുറ്റപ്പെടുത്തുന്ന സാമുദായമല്ല. അഥവാ മുസ്‌ലിം സാമുദായമല്ല. എന്നിട്ടും  മുസ് ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ആരാണെന്ന് നാം മനസ്സിലാക്കുക തന്നെ വേണം.   ഹിന്ദുത്വ രാഷ്ട്രത്തിനു വേണ്ടി, ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്നവരാണിവർ എന്നാണല്ലോ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വമെന്നാൽ  ദയയാണ്, കരുണയാണ്, സ്‌നേഹമാണ്, സാമൂഹിക ഐക്യമാണ്. അങ്ങനെയുള്ള ഹിന്ദുത്വത്തിന് ഒരിക്കലൂം നിരായുധനായ അഖ്ലാഖിനെ വധിക്കാനാവില്ല. ഇസ്ലാം എന്നാൽ ദഹിക്കുന്നവനു വെള്ളം നൽകലും പാവപ്പെട്ടവനെ ചേർത്തു നിർത്തലും വിശക്കുന്നവന് ഭക്ഷണം നൽകലും, സ്‌നേഹവും പരസഹായം  നൽകലും ആരാധന നിർവഹിക്കലുമാണ്. ഒരിക്കലും  അന്യായമായി ഒരാളുടെ ജീവനെടുക്കാൻ ഇസ്ലാം പറയുന്നില്ല.  യാഥർത്ഥ  ഇസ്ലാമിന് അതിനാവില്ല. 
ഇവിടെ തോക്കെടുക്കുന്നവൻ യഥാർത്ഥ ഇസ്‌ലാം മതവിശ്വാസിയല്ല എന്ന പോലെ, ഇതര സഹോദരനോട് കരുണയും ദയയും കാണിക്കാത്തവൻ ഹിന്ദുവുമല്ല.  എന്നാൽ നമ്മുടെ രാജ്യം  ഇതെല്ലാം മറന്ന്  അപകടത്തിലേക്കാണ് പോകുന്നത്. നമുക്കതിനെ സംരക്ഷിച്ചേ   തീരൂ. കലാപമുണ്ടാക്കുന്നവരുടെ രാജ്യമല്ല ഇത്. ഈ രാജ്യം ഭഗത് സിംഗിന്റെയും അഷ്ഫാഖിന്റെയും ഗാന്ധിജിയുടെയും വീർ അബ്ദുൽ ഹമീദിന്റെയും, സുഭാഷിന്റെയും, ചന്ദ്രശേഖർ ആസാദിന്റെയും, ഇന്ദിരയുടെയും തുടങ്ങി ഈ രാജ്യത്തിനു വേണ്ടി, ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത് പോരാടിയവരുടെ രാജ്യമാണ്. അല്ലാതെ ഗോഡ്സെയുടെ രാജ്യമല്ല ഇത്. അതിന് സാധിക്കുകയുമില്ല. ഇവിടെയുള്ള ഒരു മുസൽമാനോ ഹിന്ദുവോ സിക്കുകാരനോ ആരായിരിക്കട്ടെ, അവൻ ആദ്യം ഒരു ഇന്ത്യക്കാരനാണ്. ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പ് അങ്ങനെയായിരുന്നു നമ്മുടെ രാജ്യം. അവർ വന്ന് ഭിന്നിപ്പിച്ച് ഭരിക്കാൻ തുടങ്ങിയ ശേഷമാണ് മനുഷ്യൻ മതവും ജാതിയും ചിന്തിക്കാൻ തുടങ്ങിയത്. അതെ, ഇതിന്റെയെല്ലാം തുടക്കം എന്ന് പറയുന്നത് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് സ്വതന്ത്ര ഇന്ത്യയിലേക്കുള്ള  ചുവട് മാറ്റത്തിനിടയിൽ വിശാലമായ അർത്ഥത്തിൽ മുസ്‌ലിം പ്രശ്‌നങ്ങളെ തിരിച്ചറിയാൻ ഹിന്ദുക്കൾ പരാജയപ്പെട്ടതിനാലാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ബഹുസ്വരതയെ വായിക്കിച്ചെടുക്കാൻ മുസ്‌ലിംകൾ പരാജയപ്പെട്ടതിനാലാണ്. അഥവാ, ബ്രിട്ടീഷ് കുതന്ത്രങ്ങൾ യഥാസമയം  തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം നേതാക്കൾക്ക് കഴിയാതെ പോയി. ആയിരുന്നുവെങ്കിൽ മുസ്‌ലിം ലീഗിന്റെ പിറവി ഉണ്ടാകുമായിരുന്നില്ല. ഇന്ത്യൻ മണ്ണിൽ പിറന്നു വീണ ലക്ഷക്കണക്കിന് ഹിന്ദു - മുസ്‌ലിം സഹോദരീ സഹോദരന്മാരുടെ ജീവനൊടുക്കിയ എണ്ണമറ്റ വർഗീയ കലാപങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇന്ത്യാ വിഭജനം നടക്കുമായിരുന്നില്ല. ഇനിയെങ്കിലും ഓരോ ഇന്ത്യൻ പൗരനും പൗരന്മാർക്കിടയിലെ എല്ലാ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും സാമൂഹ്യ പ്രവർത്തകരും കരുതി ചിന്തിക്കുക. നാം ഒന്നാണെന്ന്  ജീവിച്ച് കാണിച്ചു കൊടുക്കുക. എങ്കിലേ നമുക്ക് നമ്മുടെ രാജ്യത്തെ അപകടത്തിൽ നിന്ന് രക്ഷിക്കാനാവൂ.
 

Latest News