Sorry, you need to enable JavaScript to visit this website.
Tuesday , October   27, 2020
Tuesday , October   27, 2020

മാനവികതയുടെ ജീവശ്വാസം നിലക്കുമ്പോൾ

ഷഹല എന്ന യുവതിയുടെയും അവളുടെ കുടുംബത്തിന്റെയും വേദനകൾ നമ്മുടെയെല്ലാം വേദനയായി മാറേണ്ടതുണ്ട്. ഒമ്പതു മാസം വയറ്റിൽ ചുമന്ന് ഒടുവിൽ സുരക്ഷിതമായി പ്രസവിക്കാൻ നാട്ടിൽ സംവിധാനമില്ലാതെ കഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഷഹ്‌ലയുടെ ജീവിതാനുഭവം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ കറുത്ത പാടാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മനുഷ്യജീവന് വില കൽപിക്കുന്നില്ലെന്ന് ഉച്ചത്തിൽ വിമർശിക്കുന്ന നാം അത്തരമൊരു കാഴ്ച കൺമുന്നിൽ കാണുകയാണ്. കോവിഡ് കാലത്തെ ആശങ്കകൾക്കും ആശയ കുഴപ്പങ്ങൾക്കിമിടയിൽ മാനവികതയുടെ ജീവശ്വാസം നിലക്കുമ്പോൾ നഷ്ടമായത് രണ്ട് കുരുന്നു ജീവനുകളാണ്.
കീഴിശ്ശേരി സ്വദേശിയും മാധ്യമ പ്രവർത്തകനുമായ എൻ.സി. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഷഹ്‌ലക്ക് കോവിഡ് ഭീതി മൂലം പ്രസവ ചികിൽസ നിഷേധിച്ചത് മൂന്ന് ആശുപത്രികളാണ്. ഒടുവിൽ 14 മണിക്കൂർ യാത്ര ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ശസ്ത്രക്രിയ നടത്തി ഇരട്ടക്കുട്ടികളെ ജീവനില്ലാതെ പുറത്തെടുത്തെടുക്കുകയായിരുന്നു. സർക്കാർ ആശുപത്രി ഉൾപ്പെടെയുള്ള ആതുരാലയങ്ങളിലെ ഡോക്ടർമാർ ഷഹ്‌ലയോട് കരുണ കാട്ടിയിരുന്നെങ്കിൽ തന്റെ ആദ്യ പ്രസവത്തിലെ ഇരട്ടക്കുഞ്ഞുങ്ങളെ ഷഹ്‌ലക്കും കുടുംബത്തിനും നഷ്ടമാകില്ലായിരുന്നു.
പൂർണ ഗർഭണിയായിരുന്ന യുവതിക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയുകയും  രോഗമുക്തയാകുകയും ചെയ്തു. ആന്റിജൻ പരിശോധനാ ഫലം ഇവരുടെ കൈവശമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കോവിഡ് പരിശോധനാ ഫലത്തെ ചൊല്ലി ആശുപത്രികൾ കൈയൊഴിഞ്ഞത്. ആന്റിജൻ പരിശോധനാ ഫലം പോരെന്നും പി.സി.ആർ ടെസ്റ്റ് നടത്തിയ ഫലം വേണമെന്നും ആശുപത്രികൾ ശാഠ്യം പിടിച്ചു. രണ്ട് സ്വകാര്യ ആശുപത്രികൾ ഈ കാരണം പറഞ്ഞ് കൈയൊഴിഞ്ഞ യുവതിയുമായി ആശങ്കയുടെ മണിക്കൂറുകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഭർത്താവും ബന്ധുക്കളും. ഏത് നിമിഷവും പ്രസവിക്കാവുന്ന അവസ്ഥയിലുള്ള സ്ത്രീയുമായി ഡോക്ടറുടെ സേവനം ലഭിക്കാതെ അലയുന്നത്  ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ച് ഉറ്റംകൊള്ളുന്ന കേരളത്തിലാണെന്നുള്ളതാണ് അപഹാസ്യം. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഷഹ്‌ലയെ വൈകുന്നേരം ആറു മണിയോടെയാണ് അവിടെ പ്രവേശിപ്പിച്ചത്. 14 മണിക്കൂർ സമയം വിവിധ ആശുപത്രികളിൽ നേരിട്ടെത്തിയും ഫോണിലൂടെ വിളിച്ച് അന്വേഷിച്ചും സഹായം തേടുകയായിരുന്നു ആ കുടുംബം. ഒടുവിൽ ഞായറാഴ്ച ഉച്ചയോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഇരട്ടക്കുട്ടികൾ മരിച്ചിരുന്നു. 
യുവതിക്ക് നേരിയ പനി വന്നതോടെ പ്രസവം സങ്കീർണമാകുമെന്ന് കരുതിയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. നേരത്തേ കോവിഡ് വന്നതിനാൽ പ്രസവത്തിൽ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതകൾ ഏറെയായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഷഹ്‌ലയുടെ ദുരനുഭവം കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ വർധിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദിനംതോറും വർധിക്കുന്ന കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാളുകൾ ഓരോ ദിവസവും സർക്കാർ ആശുപത്രികളിൽ എത്തുകയാണ്. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശ്രദ്ധയും സമയവും കോവിഡ് വാർഡുകളിലേക്ക് മാത്രമായി ഒതുങ്ങുന്നു. ഗർഭിണികൾക്കും മറ്റ് അത്യാസന്ന രോഗികൾക്കും ചികിൽസ ലഭിക്കാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു. പുതിയ സാഹചര്യങ്ങളെ നേരിടാൻ ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഇല്ലെന്ന പരാതികളും ഏറെ നാളായി ഉയരുന്നു. ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിലാണ് സങ്കീർണമായ ആരോഗ്യ പ്രശ്്‌നങ്ങളുമായി എത്തുന്നവരുടെ ജീവൻ തുലാസിലാടുന്നത്.
കോവിഡ് പരിശോധനാ ഫലം സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ ഇപ്പോഴും ആരോഗ്യ മേഖലയിലെ താഴെ തട്ടിലേക്കും പൊതുജനങ്ങളിലേക്കും എത്തിയിട്ടില്ലെന്ന ആശയക്കുഴപ്പവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാൽ കോവിഡ് ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് മഹാഭൂരിപക്ഷവും എന്നാൽ രോഗമില്ലെന്ന് ഉറപ്പിക്കാൻ പി.സി.ആർ ടെസ്റ്റ് പോലുള്ള കൂടുതൽ സൂക്ഷ്മമായ പരിശോധനാഫലം ആവശ്യമാണെന്നതാണ് യാഥാർഥ്യം. ഇക്കാര്യം ജനങ്ങളിലെത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, പി.സി.ആർ പരിശോധനാ ഫലം ലഭിക്കുന്നതിലുള്ള കാലതാമസം പലപ്പോഴും വിനയാകുന്നു. അത്യാസന്ന നിലയിലുള്ള രോഗിയെ പി.സി.ആർ ടെസ്റ്റ് നടത്തുന്ന കേന്ദ്രത്തിൽ എത്തിക്കാനും ഫലത്തിനായി കാത്തിരിക്കാനും പലപ്പോഴും കഴിഞ്ഞെന്നു വരില്ല. രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് അടിയന്തരമായി ചികിൽസ ലഭ്യമാക്കാൻ ഏറ്റവും അടുത്ത പ്രദേശത്ത് സൗകര്യമുണ്ടാകേണ്ടതുണ്ട്. ഇതിന് ആശുപത്രി കെട്ടിടമോ മറ്റു സൗകര്യങ്ങളോ മാത്രം പോരാ. രോഗിയുടെ ആരോഗ്യനില തിരിച്ചറിയാനും അവരുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടാനും അർപ്പണ ബോധവും നല്ല മനസ്സുമുള്ള ഡോക്ടർമാരും വേണം.
അതിവേഗ കോവിഡ് വ്യാപനത്തിന്റെ കാലത്ത് ആരോഗ്യ മേഖലയെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ ആസൂത്രണങ്ങൾ ആവശ്യമായി വരും. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണവും സേവനങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. പ്രസവ സംബന്ധമായ കേസുകൾ ഇത്തരം ആശുപത്രികളിൽ മാത്രം കേന്ദ്രീകരിക്കുകയും ജനങ്ങൾക്ക് അതു സംബന്ധിച്ച അവബോധം നൽകുകയും ചെയ്യണം.
രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ നിലവിലുള്ള സംവിധാനങ്ങൾക്ക് നിയന്ത്രിക്കാനാവില്ലെന്ന് ലോകത്തെ പല രാജ്യങ്ങളിൽ നിന്നുമുള്ള കോവിഡ് അനുഭവങ്ങൾ കാണിച്ചു തരുന്നുണ്ട്. അത്യാസന്ന രോഗികളെ പോലും തിരിച്ചറിയാൻ കഴിയാത്ത ഇരുട്ടിലേക്കാണ് കോവിഡ് വ്യാപനം സമൂഹത്തെ തള്ളിവിടുന്നത്. ആശുപത്രികൾ നിറയാതിരിക്കണമെങ്കിൽ നാട്ടിൽ കോവിഡ് വ്യാപനം കുറയണം. അതിന് ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. ഗ്രാമങ്ങൾ പോലും കൊറോണ വൈറസിന്റെ വിഹാര രംഗമായിക്കൊണ്ടിരിക്കുമ്പോൾ ആരോഗ്യ ജാഗ്രതയുടെ കാര്യത്തിലുള്ള വിട്ടുവീഴ്ചകൾ മഹാദുരന്തത്തിലേക്കാണ് നാടിനെ കൊണ്ടു ചെന്നെത്തിക്കുക.

Latest News