Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

മോഹിപ്പിക്കുന്ന കൊഹിമ 

കൊഹിമ
ദീമാപുർ സ്റ്റേഷൻ 
നാഗലാൻഡിന്റെ പ്രകൃതിഭംഗി 
കൊഹിമ യുദ്ധ ശ്മശാനം

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമ വടക്ക് കിഴക്കൻ ഇന്ത്യയിലെ പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. അസ്പർശിത സൗന്ദര്യത്താൽ പ്രശസ്തമായ ഈ സ്ഥലം തലമുറകളായി സന്ദർശകരെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊഹിമ ഒരു ഇംഗ്ലീഷ് ശൈലിയിലുള്ള പേരാണ്. യഥാർത്ഥ പേരായ ക്യൂഹിമ അഥവ ക്യൂഹിറ എന്ന് ഉച്ചരിക്കാൻ പ്രയാസമായതിനാൽ ബ്രിട്ടീഷുകാരാണ് ഈ പേര് നൽകിയത്. ഇവിടുത്തെ മലനിരകളിൽ നിറയെ കാണപ്പെടുന്ന ക്യൂഹി പുഷ്പങ്ങളിൽ നിന്നാണ് സ്ഥലത്തിന് ഈ പേര് വന്നത്. ഏറ്റവും വലിയ നാഗ ഗോത്രക്കാരായ അൻഗാമികൾ വസിച്ചിരുന്ന കൊഹിമയിൽ ഇപ്പോൾ നാഗാലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങളുണ്ട്.

കൊഹിമ  നാഗാലാൻഡിന്റെ വിലപ്പെട്ട തലസ്ഥാനം. ചരിത്രത്തിന്റെ ഏറിയ പങ്കിലും നാഗൻമാർ താമസിച്ചിരുന്ന ഈ സ്ഥലം മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ് കിടന്നിരുന്നത്. 1840 ൽ ബ്രിട്ടീഷുകാർ ഈ സ്ഥലത്തെത്തിയപ്പോൾ മാത്രമാണ് വിവിധ നാഗ വംശജരിൽ നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായത്. ഏകദേശം നാൽപത് വർഷത്തെ ഏറ്റുമുട്ടലുകൾക്കൊടുവിൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അന്ന് അസമിന്റെ ഭാഗമായിരുന്ന നാഗ ഹിൽസ് ജില്ലയുടെ ഭരണ തലസ്ഥാനമായി കൊഹിമയെ മാറ്റുകയും ചെയ്തു. 1963 ഡിസംബർ ഒന്നിന് നാഗാലാൻഡ് ഇന്ത്യൻ യൂനിയനിലെ പതിനാറാമാത്തെ സംസ്ഥാനമായപ്പോൾ കൊഹിമ അതിന്റെ തലസ്ഥാനമായി. രണ്ടാം ലോക മഹായുദ്ധകാലത്ത് നിരവധി യുദ്ധങ്ങൾക്ക് കൊഹിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജാപ്പീനസ് സൈന്യവും സഖ്യ ശക്തികളും തമ്മിലുള്ള ടെന്നിസ് കോർട്ട് യുദ്ധം, കൊഹിമ യുദ്ധം എന്നിവ ഇതിൽ ചിലതാണ്. ഇവിടെ വെച്ചാണ് ബർമ സൈനികർ ജാപ്പനീസ് ചക്രവർത്തിക്ക് വേണ്ടി തിരിഞ്ഞതും തെക്ക് കിഴക്കൻ ഏഷ്യയിലെ യുദ്ധത്തിന്റെ മുഴുവൻ രീതിയെ അത് മാറ്റിമറിക്കുകയും ചെയ്തത്. ഇവിടെ വെച്ചാണ് സഖ്യശക്തികൾ ജാപ്പനീസ് സൈനിക  മുന്നേറ്റം തടഞ്ഞത്.

കോമൺവെൽത്ത് യുദ്ധ ശ്മശാന കമ്മീഷന്റെ ചുമതലയിലുള്ള കൊഹിമ യുദ്ധ ശ്മശാനം വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. ആയിരക്കണക്കിന് സൈനികരാണ് ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്. നഗരത്തിൽ എല്ലായിടത്തും സന്ദർശകരെ കാത്തിരിക്കുന്ന പ്രകൃതി മനോഹരങ്ങളായ ദൃശ്യങ്ങളാണ്. കുത്തനെയുള്ള കൊടുമുടികൾ, ചിതറിയ മേഘങ്ങൾ, തണുത്ത കാറ്റ് എന്നിവ കണ്ട് യാത്ര ചെയ്യുന്ന ഏതൊരാൾക്കും തികഞ്ഞ ആനന്ദമാണ് ഇവിടം നൽകുന്നത്. സ്‌റ്റേറ്റ് മ്യൂസിയം, കൊഹിമ സൂ, ജാപ്ഫു കൊടുമുടി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൊഹിമയിലെത്തിയാൽ സമീപത്തായുള്ള ഡിസുകൗ താഴ്‌വര, ഡിസുലേകി അരുവി എന്നിവയും കാണാൻ മറക്കരുത്.

രാജ്യത്തെ ഏറ്റവും വലിയതും മനോഹരവുമായ പള്ളിയാണ് കൊഹിമയിലെ കത്തോലിക്കാ പള്ളി എന്നാണ് കരുതപ്പെടുന്നത്. തീർച്ചയായും കാണേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്. ഊഷ്മളമായ ആതിഥേയത്വം  വഹിക്കുന്നതിൽ പ്രശസ്തരാണ് നാഗാലാൻഡിലെ പ്രത്യേകിച്ച് കൊഹിമയിലെ ജനങ്ങൾ. ഇവിടെയെത്തിയാൽ നാടൻ രുചികൾ ആസ്വദിക്കാൻ മറക്കരുത്. നാഗൻമാരുടെ ഇഷ്ട വിഭവങ്ങൾ മീനും ഇറച്ചിയുമാണ്. സമ്പന്നമായ സംസ്‌കാരത്താൽ പ്രശസ്തമാണ് നാഗാലാൻഡ്. കൊഹിമ സന്ദർശിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ കഴിയും. നാഗാലാൻഡിലെ ഓരോ ഗോത്രക്കാർക്കും അവരുടേതായ ആഘോഷ വേഷങ്ങളുണ്ട്.

ബഹുവർണ കുന്തങ്ങൾ, നിറമുള്ള ആട്ടിൻ രോമം, പക്ഷിത്തൂവൽ, ആനപ്പല്ല് തുടങ്ങിയവ ഇതിലുണ്ടായിരിക്കും. വിനോദ സഞ്ചാരികൾക്ക് പ്രവേശനത്തിന് പ്രത്യേക അനുമതി വേണം. പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം കൊഹിമ സംരക്ഷിത പ്രദേശ നിയമത്തിൻ കീഴിൽ വരുന്ന സ്ഥലമാണ്. അതിനാൽ ഇവിടം സന്ദർശിക്കാൻ സ്വദേശികളായ യാത്രികർ ഐഎൽപി (ഇന്നർ ലൈൻ പെർമിറ്റ്) നേടിയിരിക്കണം. ഇതൊരു ലളിതമായ യാത്ര രേഖയാണ്. ദിമാപുർ റെയിൽവേ സ്റ്റേഷനിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേരാം. ഏത് സീസണിലും സന്ദർശിക്കാവുന്ന സ്ഥലമാണ് നാഗാലാൻഡ്. 

Latest News